രാജ്യത്ത് നടപ്പിലാക്കി വരുന്ന പ്രധാനമന്ത്രിയുടെ പുരപ്പുറ സൗരോർജ പദ്ധതിയായ പിഎം സൂര്യഭവനം പദ്ധതിയുടെ ഭാഗമായി ഇൻസ്റ്റാൾ ചെയ്യുന്ന സോളർ പ്ലാന്റുകളിൽ പുതിയ ലോഗോ അടങ്ങിയ ബ്രാൻഡിങ് നിർബന്ധമാക്കി കേന്ദ്ര പുനരുപയോഗ ഊർജമന്ത്രാലയം ഔദ്യോഗിക മാർഗരേഖ പുറത്തിറക്കി. ഇനി പുതുതായി സ്ഥാപിക്കുന്ന പ്ലാന്റുകൾക്കായിരിക്കും ഈ നിർദേശം ബാധകമാകുക.
നിലവിലുള്ള പ്ലാന്റുകളിൽ സ്റ്റിക്കർ പതിക്കണമെന്ന് നിർദേശിച്ചിട്ടില്ലെങ്കിലും, പുതിയ ഇൻസ്റ്റലേഷനുകൾ നടത്തുന്ന കമ്പനികൾക്ക് പദ്ധതിയുടെ പുതിയ ലോഗോ പതിക്കണമെന്ന് കർശന നിർദേശം നൽകിയിട്ടുണ്ട്. നരേന്ദ്ര മോദി സർക്കാർ ആവിഷ്കരിച്ച പുരപ്പുറ സോളർ സബ്സിഡി പദ്ധതിയായ ‘പിഎം സൂര്യഘർ മുഫ്ത് ബിജ്ലി’ യോജനയിൽ ഓരോ 6 ദിവസവും പുതിയതായി ഒരുലക്ഷം കുടുംബങ്ങൾ ചേരുന്നുണ്ടെന്ന കണക്കുകൾ അടുത്തിടെ പുറത്തുവന്നിരുന്നു.
പദ്ധതിയുടെ രണ്ടാംഘട്ടം (2.0) ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്ര സർക്കാറിപ്പോൾ. ഇതുവരെയുള്ള കണക്കുകൾ പ്രകാരം രാജ്യത്തൊട്ടാകെ 49.44 ലക്ഷം വീടുകൾ ഈ പദ്ധതിയുടെ ഭാഗമായിക്കഴിഞ്ഞു.
വരുന്ന 2026ന്റെ അവസാനത്തോടെ 75 ലക്ഷം വീടുകൾ പദ്ധതിയിൽ ഉൾപ്പെടുത്താനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ വലിയ സ്വീകാര്യതയാണ് ഈ പദ്ധതിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഇതിനായി മൊത്തം 75,021 കോടി രൂപയാണ് കേന്ദ്രസർക്കാർ വകയിരുത്തിയിട്ടുള്ളത്. ഇതിൽ ഇതുവരെയായി 27,855.99 കോടി രൂപ സബ്സിഡിയായി ഉപഭോക്താക്കളുടെ അക്കൗണ്ടിലേക്ക് കേന്ദ്രം കൈമാറിക്കഴിഞ്ഞു.
2024ൽ പദ്ധതി ആരംഭിച്ച ഘട്ടത്തിൽ ആദ്യ ഒരുലക്ഷം ഗുണഭോക്താക്കളെ ലഭിക്കാൻ 118 ദിവസം വേണ്ടിവന്നിരുന്നു. എന്നാൽ ഉപഭോക്താക്കളുടെ എണ്ണം 20 ലക്ഷത്തിലേക്ക് അടുവേ ഓരോ ലക്ഷം പേരെയും ചേർക്കാൻ വേണ്ടി വന്നത് വെറും 19 ദിവസങ്ങളായിരുന്നു.
ഈ വളർച്ചയാണ് ഇപ്പോൾ വെറും 6 ദിവസമായി ചുരുങ്ങിയിരിക്കുന്നത്. രാജ്യത്ത് ഇതുവരെ 14,653.23 മെഗാവാട്ട് ശേഷിയുള്ള പുരപ്പുറ സോളറുകളാണ് പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ചിട്ടുള്ളത്.
കേരളത്തിൽ മാത്രം ഇതിനകം 4,21,734 അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്. ഇതിലൂടെ 3.17 ലക്ഷം വീടുകൾ പദ്ധതിയുടെ ഭാഗമായി മാറിക്കഴിഞ്ഞു.
സംസ്ഥാനത്തെ സംയോജിത ഉൽപാദനശേഷി 1203.02 മെഗാവാട്ടാണ്. ഇതുവരെയായി 2073.8 കോടി രൂപയാണ് കേരളത്തിലെ ഉപഭോക്താക്കൾക്ക് സബ്സിഡിയായി അനുവദിച്ചിട്ടുള്ളത്.
ഇതിൽ തൃശൂർ, കൊല്ലം, ആലപ്പുഴ എന്നീ ജില്ലകൾ രാജ്യത്ത് തന്നെ പുരപ്പുറ സോളർ വ്യാപനത്തിൽ മുൻനിരയിലാണ് നിൽക്കുന്നത്. പദ്ധതി വൻ വിജയമായി മാറിയ പശ്ചാത്തലത്തിലാണ് രണ്ടാംഘട്ടം (2.0) അവതരിപ്പിക്കാൻ കേന്ദ്രം ആലോചിക്കുന്നത്.
ഉപഭോക്താക്കൾക്കായി കൂടുതൽ വായ്പാ സൗകര്യങ്ങൾ, ദീർഘകാല സർവീസ്, റൂഫ്ടോപ് ഷെയറിങ്, മികച്ച ബാറ്ററി സ്റ്റോറേജ് തുടങ്ങിയ ആധുനിക സൗകര്യങ്ങൾ രണ്ടാംഘട്ടത്തിൽ പ്രതീക്ഷിക്കാവുന്നതാണ്. സ്വന്തമായി അനുയോജ്യമായ മേൽക്കൂര ഇല്ലാത്ത വീടുകൾക്ക്, തൊട്ടടുത്ത വീടിന്റെ മേൽക്കൂരയിൽ സ്ഥാപിക്കുന്ന സോളർ പ്ലാന്റ് വഴി വൈദ്യുതി പ്രയോജനപ്പെടുത്താൻ സാധിക്കുന്ന സംവിധാനം രണ്ടാംഘട്ടത്തിലെ പ്രധാന ആകർഷണമായിരിക്കും.
എങ്ങനെയാണ് സബ്സിഡി ലഭിക്കുന്നത്?
പിഎം സൂര്യ ഘർ മുഫ്ത് ബിജ്ലി യോജന പ്രകാരം മൂന്ന് വ്യത്യസ്ത വിഭാഗങ്ങളിലായാണ് ഉപഭോക്താക്കൾക്ക് സബ്സിഡി തുക ലഭിക്കുന്നത്.
* ഒരു കിലോവാട്ട് സോളർ സിസ്റ്റം സ്ഥാപിക്കുന്നവർക്ക് 30,000 രൂപവരെ സബ്സിഡി ലഭിക്കും.
* രണ്ട് കിലോവാട്ട് സിസ്റ്റത്തിന് 60,000 രൂപവരെയാണ് സബ്സിഡി.
* മൂന്ന് കിലോവാട്ട് സിസ്റ്റത്തിന് പരമാവധി 78,000 രൂപവരെ സബ്സിഡി ലഭിക്കുന്നതാണ്. വൈദ്യുതി ബിൽ എങ്ങനെ ലാഭിക്കാം?
നിലവിൽ നിങ്ങൾ പ്രതിമാസം 300 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുകയും, പ്രതിമാസ ബിൽ 2400 രൂപ വരികയും ചെയ്യുന്നുവെന്ന് കരുതുക.
പരമാവധി സബ്സിഡി ലഭിക്കുന്ന 3 കിലോവാട്ടിന്റെ സോളർ സിസ്റ്റം നിങ്ങളുടെ മേൽക്കൂരയിൽ സ്ഥാപിക്കുകയാണെങ്കിൽ 250 മുതൽ 350 യൂണിറ്റുവരെ വൈദ്യുതി ഉൽപാദിപ്പിക്കാൻ സാധിക്കും. അതായത്, ഇതിലൂടെ നിങ്ങളുടെ വൈദ്യുതി ബിൽ ഏറക്കുറെ പൂർണ്ണമായും പൂജ്യമാക്കി മാറ്റാം.
ഒരു കിലോവാട്ട് സിസ്റ്റമാണ് സ്ഥാപിക്കുന്നതെങ്കിൽ വൈദ്യുതി ഉൽപാദനം ഏകദേശം 90 മുതൽ 120 യൂണിറ്റുവരെയായിരിക്കും. രണ്ട് കിലോവാട്ട് സിസ്റ്റമാണെങ്കിൽ 180 മുതൽ 250 യൂണിറ്റുവരെ ഉൽപാദനം ലഭിക്കും.
ഫലത്തിൽ വൈദ്യുതി ബില്ലിൽ വലിയ കുറവ് വരുത്താൻ ഇത് സഹായിക്കും. ചെലവും മുടക്കുമുതൽ തിരിച്ചുപിടിക്കലും
ഒരു കിലോവാട്ട് സോളർ സിസ്റ്റം സ്ഥാപിക്കാൻ ഏകദേശം 60,000 രൂപ മുതൽ 80,000 രൂപവരെ ചെലവ് വന്നേക്കാം.
ഇതിൽ സർക്കാർ നൽകുന്ന പരമാവധി സബ്സിഡി 30,000 രൂപയാണ്. അതിനാൽ ഉപഭോക്താവിന് യഥാർത്ഥത്തിൽ വരുന്ന ചെലവ് 30,000 മുതൽ 50,000 രൂപ വരെയായിരിക്കും.
വൈദ്യുതി ബില്ലിലുണ്ടാകുന്ന ലാഭം കൂടി കണക്കിലെടുത്താൽ ഏകദേശം 4 വർഷത്തിനകം മുടക്കുമുതൽ തിരിച്ചുപിടിക്കാൻ സാധിക്കും. രണ്ട് കിലോവാട്ട് സിസ്റ്റം സ്ഥാപിക്കാൻ 1.20 ലക്ഷം മുതൽ 1.60 ലക്ഷം രൂപവരെ ചെലവ് വരാം.
ഇതിൽ 60,000 രൂപവരെ സബ്സിഡി ലഭിക്കും. ഏകദേശം 5 വർഷത്തിനകം മുടക്കുമുതൽ തിരിച്ചുപിടിക്കാം.
മൂന്ന് കിലോവാട്ട് സിസ്റ്റത്തിന് 1.80 ലക്ഷം രൂപ മുതൽ 2.5 ലക്ഷം രൂപവരെയാണ് ചെലവ് കണക്കാക്കുന്നത്. ഇതിൽ 78,000 രൂപവരെ സബ്സിഡി ലഭിക്കുന്നതിനാൽ 5-6 വർഷത്തിനുള്ളിൽ പണം തിരികെ പിടിക്കാൻ സാധിക്കുമെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
കൂടാതെ, സോളർ പ്ലാന്റിലൂടെ ഉൽപാദിപ്പിക്കുന്ന അധിക വൈദ്യുതി കെഎസ്ഇബിയുടെ ഗ്രിഡിലേക്ക് നൽകുന്നത് ഉപഭോക്താക്കൾക്ക് കൂടുതൽ സാമ്പത്തിക നേട്ടം സമ്മാനിക്കും. ചിലർ വായ്പ എടുത്തായിരിക്കും സോളർ സിസ്റ്റം സ്ഥാപിക്കുന്നത്.
അങ്ങനെയുള്ളവർക്ക് മുടക്കുമുതൽ പൂർണ്ണമായി തിരികെ ലഭിക്കാൻ ഒന്നോ രണ്ടോ വർഷം കൂടി അധികമായി വേണ്ടിവന്നേക്കാം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

