സംസ്ഥാനത്ത് ‘എന്റെ പൊലീസ് സ്റ്റേഷൻ’ പദ്ധതിക്ക് ഔദ്യോഗിക തുടക്കമായി. പേരൂർക്കട
പൊലീസ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നടന്നു. പൊലീസ് സ്റ്റേഷനുകളിൽ എത്തുന്നവരോടുള്ള സമീപനത്തിലും പെരുമാറ്റത്തിലും പ്രകടമായ മാറ്റം ഉണ്ടാകണമെന്ന് ചടങ്ങിൽ സംസാരിച്ച മുഖ്യമന്ത്രി വി.ഡി.സതീശനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും വ്യക്തമാക്കി.
എന്നാൽ എല്ലാവരോടും അതു വേണ്ടെന്നും കുറ്റവാളികളോട് ‘പഴയ പൊലീസും’ മറ്റുള്ളവരോട് പുതിയ പൊലീസും ആയാൽ മതിയെന്നും മന്ത്രി കെ.മുരളീധരൻ അഭിപ്രായപ്പെട്ടു. ഈ അഭിപ്രായത്തോടാണു യോജിപ്പെന്ന് മേയർ വി.വി.രാജേഷും വ്യക്തമാക്കി.
പദ്ധതിയിലൂടെ പൊലീസ് സുഹൃത്തായും തുണയായും കരുതലായും ഒപ്പമുണ്ടെന്ന് ജനങ്ങൾക്ക് അനുഭവപ്പെടണമെന്ന് ഉദ്ഘാടനം നിർവഹിച്ച മുഖ്യമന്ത്രി വ്യക്തമാക്കി. പൊലീസ് സ്റ്റേഷനുകളുടെ നിറം മാത്രമല്ല, പ്രവർത്തന ശൈലി തന്നെ മാറ്റുന്നതാണ് പദ്ധതിയെന്ന് അധ്യക്ഷത വഹിച്ച മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
ചെറുപ്പക്കാരായ എസ്ഐമാർ സ്റ്റേഷനിൽ ചുമതലയൊന്നുമില്ലാതെ മൊബൈൽ ഗെയിം കളിച്ചിരിക്കേണ്ടവരല്ല. അവരാണ് സ്റ്റേഷനെ നയിക്കേണ്ടത്.
63 സ്റ്റേഷനുകളിൽ വനിതാ എസ്ഐമാരാണ് എസ്എച്ച്ഒമാരായി വരുന്നത്. തമിഴ്നാട് മുഖ്യമന്ത്രി വിജയ്യെ കണ്ടപ്പോൾ അദ്ദേഹം വനിതാ എസ്എച്ച്ഒമാരുടെ പ്രവർത്തനമികവിനെക്കുറിച്ച് പറഞ്ഞതാണ് ഈ തീരുമാനത്തിനു പ്രേരണയായത്.
സ്റ്റേഷനുകൾക്കു മുന്നിൽ കേസുകളിൽപെട്ടു കൂട്ടിയിട്ടിരിക്കുന്ന വാഹനങ്ങളെല്ലാം മാറ്റാൻ പറഞ്ഞിട്ടുണ്ട്. വിൽക്കാൻ കഴിയുന്നവ വിറ്റ് പണം ട്രഷറിയിൽ അടയ്ക്കണം.
ഡിഐജിമാർ മുതൽ താഴോട്ടുള്ള മേലുദ്യോഗസ്ഥർ എല്ലാ സ്റ്റേഷനുകളും സന്ദർശിച്ച് എഡിജിപിക്ക് റിപ്പോർട്ട് നൽകാൻ നിർദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ ‘എന്റെ പൊലീസ് സ്റ്റേഷൻ’, ഓപ്പറേഷൻ തൂഫാൻ പദ്ധതികളെയും പ്രശംസിച്ചു.
ഡിജിപി രാവാഡ എ.ചന്ദ്രശേഖർ, എന്റെ പൊലീസ് പദ്ധതിയുടെ നോഡൽ ഓഫിസർ കൂടിയായ എഡിജിപി പി.വിജയൻ, ആഭ്യന്തര വകുപ്പ് ഉപദേഷ്ടാവ് എ.ഹേമചന്ദ്രൻ, ആഭ്യന്തര സെക്രട്ടറി മിൻഹാജ് ആലം, സിറ്റി പൊലീസ് കമ്മിഷണർ അരുൾ ആർ.ബി.കൃഷ്ണ, പേരൂർക്കട എസ്എച്ച്ഒ ടി.കെ.വിനോദ് കൃഷ്ണ എന്നിവർ സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

