കാക്കനാട് മേഖലയിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകളിൽ ചോർച്ചയും ശോച്യാവസ്ഥയും രൂക്ഷമായതോടെ യാത്രക്കാർ വലിയ ദുരിതത്തിൽ. മഴക്കാലത്ത് ബസുകൾക്കുള്ളിലേക്ക് വെള്ളം കയറുന്നതും സീറ്റുകളിലേക്ക് മഴത്തുള്ളികൾ തെറിച്ചുവീഴുന്നതും യാത്രക്കാരെ വലയ്ക്കുകയാണ്.
ഇതിനു പുറമെ കീറിത്തൂങ്ങിയ കർട്ടനുകളിലൂടെ മഴവെള്ളം അകത്തേക്ക് അടിച്ചു കയറുന്നതും പതിവായിട്ടുണ്ട്. യാത്രക്കാരുടെ പരാതികളെ തുടർന്ന് വിഷയത്തിൽ അടിയന്തരമായി ഇടപെടാൻ മോട്ടർ വാഹന വകുപ്പ് തീരുമാനിച്ചു.
ബസുകളുടെ മേൽത്തട്ടിലെ ചോർച്ച, തുരുമ്പെടുത്ത കമ്പികൾ, ദ്രവിച്ചുപോയ ചവിട്ടുപടികൾ, തകരാറിലായ ബോഡി ഭാഗങ്ങൾ എന്നിവ പരിശോധനയ്ക്ക് വിധേയമാക്കും. ഫിറ്റ്നസ് പരിശോധന വേളയിൽ മികച്ച നിലവാരം പുലർത്തുന്ന ബസുകൾ പിന്നീട് പെട്ടെന്നുതന്നെ പഴയ അവസ്ഥയിലാകുന്നത് അറ്റകുറ്റപ്പണികൾക്ക് നിലവാരം കുറഞ്ഞ സാമഗ്രികൾ ഉപയോഗിക്കുന്നതുകൊണ്ടാണെന്നാണ് വിലയിരുത്തൽ.
സിറ്റി സർവീസ് ബസുകളിലാണ് ഇത്തരം പരാതികൾ കൂടുതലായി ഉയരുന്നത്. എന്നാൽ റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായ ശേഷം ബസുകളുടെ അവസ്ഥയിൽ മാറ്റം വരുത്താമെന്നാണ് ചില ബസുടമകളുടെ മറുപടി.
ബസുകളുടെ സാങ്കേതികമായ തകരാറുകൾക്കു പുറമെ മറ്റ് നിയമലംഘനങ്ങളും വകുപ്പ് കർശനമായി പരിശോധിക്കും. പരിശോധനയുടെ പ്രധാന ഭാഗങ്ങൾ: സമയവിവരപ്പട്ടിക കൃത്യമായി പ്രദർശിപ്പിക്കാത്തത്, നിശ്ചയിക്കപ്പെട്ട
സീറ്റുകളിൽ (സ്ത്രീകൾ, ഭിന്നശേഷിക്കാർ, മുതിർന്ന പൗരൻമാർ) മറ്റ് യാത്രക്കാർ ഇരിക്കുന്നത്, ഡ്രൈവർമാരുടെയും കണ്ടക്ടർമാരുടെയും യൂണിഫോം ധരിക്കാത്തത്, സ്റ്റോപ്പുകളിൽ ബസ് നിർത്താതിരിക്കുക, വിദ്യാർഥികളെ കയറ്റാൻ വിസമ്മതിക്കുക, യാത്രക്കാരോട് മോശമായി പെരുമാറുക തുടങ്ങിയ കാര്യങ്ങളിൽ മോട്ടർ വാഹന വകുപ്പ് കടുത്ത നടപടികൾ സ്വീകരിക്കും. കൂടാതെ കാൽനടയാത്രക്കാരുടെ മേൽ ചെളിവെള്ളം തെറിപ്പിക്കുക, ടിക്കറ്റുകളിൽ വിവരങ്ങൾ രേഖപ്പെടുത്താതിരിക്കുക, നിരോധിത എയർഹോണുകൾ ഉപയോഗിക്കുക, വേഗപ്പൂട്ട് (Speed Governor) ഇല്ലാതിരിക്കുക തുടങ്ങിയ നിയമലംഘനങ്ങളും പരിശോധനയുടെ പരിധിയിൽ വരും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

