പ്രമുഖ സാങ്കേതിക കമ്പനിയായ ഗൂഗിളിന്റെ ജനപ്രിയ ഫോട്ടോ എഡിറ്റിംഗ് ആപ്ലിക്കേഷനായ സ്നാപ്സീഡ് ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളിലേക്ക് പുതിയ പതിപ്പ് പുറത്തിറക്കുന്നു. സ്നാപ്സീഡ് 4.2 അപ്ഡേറ്റിലൂടെ ഉപയോക്താക്കൾക്ക് കൂടുതൽ നൂതനമായ എഡിറ്റിംഗ് അനുഭവമാണ് ലഭ്യമാകുന്നത്.
ചിത്രങ്ങൾക്ക് ഡൈനാമിക് ചലനാത്മകത നൽകുന്ന മോഷൻ ബ്ലർ, ഡെപ്ത്-ബേസ്ഡ് ലെൻസ് ബ്ലർ തുടങ്ങിയ ഫീച്ചറുകൾ പുതിയ പതിപ്പിലുണ്ട്. കൂടാതെ ലൈറ്റ്റൂമിൽ നിന്നുള്ള കളർ ഗ്രേഡിംഗ് പ്രീസെറ്റുകളും ലുട്ടുകളും (LUTs) നേരിട്ട് ഇറക്കുമതി ചെയ്യാനുള്ള സൗകര്യവും ഇതിലൂടെ ലഭിക്കുന്നു.
ആൻഡ്രോയിഡ് ഫോണുകളിൽ മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്തു വരാത്തതിനാൽ പലരും അറിയാതെ പോകുന്ന മികച്ച സൗജന്യ എഡിറ്റിംഗ് ആപ്ലിക്കേഷനുകളിൽ ഒന്നാണ് സ്നാപ്സീഡ്. എന്നാൽ പുതിയ പതിപ്പിന്റെ വരവോടെ ഈ ആപ്പ് കൂടുതൽ ജനപ്രീതി നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പുതിയ അപ്ഡേറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന പ്രധാന ഫീച്ചറുകളിൽ പ്രമുഖമായത് രണ്ട് പുതിയ ബ്ലർ മോഡുകളാണ്. ചിത്രങ്ങൾക്ക് വേഗതയുടെയും ചലനത്തിന്റെയും പ്രതീതി നൽകാൻ സഹായിക്കുന്നതാണ് മോഷൻ ബ്ലർ എഫക്റ്റ്.
മുന്നിലുള്ള വസ്തുവിനെ വ്യക്തമായി നിർത്തി പശ്ചാത്തലം ബ്ലർ ചെയ്യാനോ അല്ലെങ്കിൽ തിരിച്ചോ ഇത് ഉപയോഗിക്കാവുന്നതാണ്. കായിക രംഗത്തെ ചിത്രങ്ങൾക്കും വാഹനങ്ങളുടെ ചിത്രങ്ങൾക്കും പ്രൊഫഷണൽ ലുക്ക് നൽകാൻ ഇത് ഉപകരിക്കും.
രണ്ടാമത്തെ പ്രധാന ഫീച്ചർ ഡെപ്ത്-ബേസ്ഡ് ലെൻസ് ബ്ലർ ആണ്. വലിയ അപ്പേർച്ചർ ലെൻസുകൾ ഉപയോഗിച്ച് എടുത്ത പ്രൊഫഷണൽ ചിത്രങ്ങളുടെ അനുഭവം നൽകാൻ ഇതിന് സാധിക്കും.
പശ്ചാത്തലത്തിൽ മനോഹരമായ ബോക്കെ എഫക്റ്റ് നൽകി ചിത്രങ്ങൾക്ക് പ്രൊഫഷണൽ ഭംഗി പകരാൻ ഈ ഫീച്ചറിലൂടെ സാധിക്കും. പൂർണ്ണമായ കളർ ഗ്രേഡിംഗും ലുട്ട്സ് (LUTs) പ്രീസെറ്റ് ഇറക്കുമതി ചെയ്യാനുള്ള സൗകര്യവുമാണ് മറ്റൊരു പ്രത്യേകത.
മൾട്ടി-വീൽ കളർ ഗ്രേഡിംഗ് ഉപയോഗിച്ച് ചിത്രങ്ങളുടെ നിറങ്ങൾ മികച്ച രീതിയിൽ ക്രമീകരിക്കാം. ലൈറ്റ്റൂം പോലുള്ള പ്രോഗ്രാമുകളിലെ സ്വന്തം ലുട്ട്സ് പ്രീസെറ്റുകൾ ഇനി മുതൽ സ്നാപ്സീഡിലേക്കും മാറ്റാൻ സാധിക്കും.
ഇതിനുപുറമെ, ഉപയോക്താക്കൾക്ക് അവരുടെ എഡിറ്റിംഗ് ശൈലികൾ ആപ്പിനുള്ളിൽ തന്നെ പങ്കുവെക്കാനുള്ള #SnapseedLook എന്ന കമ്മ്യൂണിറ്റി ഫീച്ചറും ഉൾപ്പെടുത്തിയിട്ടുണ്ട്. മറ്റുള്ളവർ പങ്കുവെക്കുന്ന എഡിറ്റിംഗ് രീതികളുടെ പൂർണ്ണമായ വിവരങ്ങൾ മനസ്സിലാക്കി സ്വന്തം ചിത്രങ്ങളിലും അവ പരീക്ഷിക്കാൻ ഇത് സഹായിക്കും.
ആൻഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കൾക്കായി സ്നാപ്സീഡ് 4.2 അപ്ഡേറ്റ് ഘട്ടം ഘട്ടമായി ലഭ്യമായിക്കൊണ്ടിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

