സംസ്ഥാന ആസൂത്രണ ബോർഡിൽ വനിതാ അംഗത്തെ അടിയന്തരമായി ഉൾപ്പെടുത്തണമെന്ന നിലപാടിൽ ഉറച്ചുനിന്ന് വനിതാ ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. ഈ ആവശ്യം ഉന്നയിച്ച് സമർപ്പിച്ച ഔദ്യോഗിക കത്തിൽ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുള്ള തുടർനടപടികൾക്കായി കാത്തിരിക്കുകയാണ് മന്ത്രി.
നിലവിലെ ആസൂത്രണ ബോർഡിൽ ആകെ അഞ്ച് അംഗങ്ങളാണുള്ളത്, അഞ്ചുപേരും പുരുഷന്മാരാണ്. നയരൂപീകരണത്തിലും സംസ്ഥാനത്തിന്റെ വികസനാസൂത്രണത്തിലും നിർണായക പങ്കുവഹിക്കുന്ന സമിതിയിൽ ഒരു വനിതാ പ്രതിനിധി പോലും ഇല്ലാത്തത്, ലിംഗസമത്വത്തിനും സ്ത്രീശാക്തീകരണത്തിനും മുൻഗണന നൽകുന്ന സർക്കാരിന്റെ നയങ്ങൾക്ക് വിരുദ്ധമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടുന്നു.
ബോർഡിന്റെ ഈ ഘടനാപരമായ പ്രശ്നം ചൂണ്ടിക്കാണിച്ചുകൊണ്ട് മന്ത്രി ബിന്ദു കൃഷ്ണ മുഖ്യമന്ത്രിക്ക് കത്ത് അയച്ചിരുന്നു. നവകേരള നിർമിതിയിലും വികസന പ്രവർത്തനങ്ങളിലും സ്ത്രീകളുടെ തുല്യ പങ്കാളിത്തം ഉറപ്പാക്കേണ്ടത് വർത്തമാനകാലത്തിന്റെ ആവശ്യമാണെന്ന് കത്തിൽ വ്യക്തമാക്കുന്നു.
അതിനാൽ എത്രയും വേഗം ആസൂത്രണ ബോർഡിൽ വനിതാ അംഗത്തെ നിയമിക്കണമെന്നാണ് മന്ത്രി മുഖ്യമന്ത്രിയോട് രേഖാമൂലം ആവശ്യപ്പെട്ടിരിക്കുന്നത്. മന്ത്രിമാരെ കൂടാതെ ജി.
വിജയരാഘവൻ, ശ്രീധർ രാധാകൃഷ്ണൻ, വരുൺ സന്തോഷ്, ഡോ. പി.
പി ബാലൻ എന്നിവരെയാണ് ബോർഡിൽ വിദഗ്ധ അംഗങ്ങളായി ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിൽ ജെൻഡർ ഡെവലപ്മെന്റിന്റെ ചുമതല ജി.
വിജയരാഘവനാണെന്നാണ് വിവരം. പുതുതലമുറയുടെ കാഴ്ചപ്പാടുകൾ ഉൾക്കൊണ്ട് ഈ മേഖലയിൽ നൂതന പദ്ധതികൾ ആസൂത്രണം ചെയ്യാൻ വനിതാ സാന്നിധ്യം അത്യന്താപേക്ഷിതമാണെന്നാണ് മന്ത്രിയുടെ വാദം.
സ്ത്രീശാക്തീകരണവും സമത്വവും സർക്കാർ മുഖ്യവില കല്പിക്കുന്ന വിഷയങ്ങളായതിനാൽ തന്റെ ആവശ്യം മുഖ്യമന്ത്രി അനുകൂലമായി പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ് മന്ത്രി ബിന്ദു കൃഷ്ണ. മഹിളാ കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷ കൂടിയായ ബിന്ദു കൃഷ്ണ, ബോർഡ്-കോർപ്പറേഷൻ പുനഃസംഘടനകളിൽ വനിതകൾക്ക് അർഹമായ പ്രാതിനിധ്യം നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
വനിതാ കമ്മീഷൻ അധ്യക്ഷ പദവിയിലേക്ക് ആരെ പരിഗണിക്കണം എന്ന വിഷയത്തിൽ പാർട്ടിയിൽ ഭിന്നാഭിപ്രായങ്ങൾ നിലനിൽക്കുന്നതിനിടയിലാണ് എല്ലാ ബോർഡുകളിലും കോർപ്പറേഷനുകളിലും മതിയായ വനിതാ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന ശക്തമായ ആവശ്യം ഉയർന്നിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

