നവംബർ ഒന്നിന് നിലവിൽവന്ന വിലവർധനയിൽ പുതിയ നിലപാടുമായി കർണാടക സർക്കാർ രംഗത്ത്. പാലിന് 8 രൂപയും തൈരിന് 14 രൂപവരെയും ഒറ്റയടിക്ക് വർധിപ്പിച്ച തീരുമാനത്തിൽ ഉപഭോക്താക്കൾക്കും വ്യാപാരികൾക്കും ആശ്വാസമായി തൈര് വിലയിൽ രണ്ട് രൂപയുടെ കുറവാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ ആണ് ഇക്കാര്യക്തമാക്കിയത്. വിലവർധനയ്ക്കെതിരെ ബിജെപിയും ബാംഗ്ലൂർ ഹോട്ടൽസ് അസോസിയേഷനും ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്ന പശ്ചാത്തലത്തിലാണ് ഈ പുതിയ തീരുമാനം.
നന്ദിനി ബ്രാൻഡിൽ പാലും പാലുൽപന്നങ്ങളും വിപണിയിലെത്തിക്കുന്ന കർണാടക മിൽക്ക് ഫെഡറേഷൻ (കെഎംഎഫ്) തൈരിന്റെ വിലയിൽ നിന്ന് 2 രൂപ കുറയ്ക്കുമെന്ന് ഡി.കെ.ശിവകുമാർ അറിയിച്ചു. എന്നാൽ, പാൽ വില കൂട്ടിയ തീരുമാനം യാതൊരു കാരണവശാലും പിൻവലിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ഈ വിലവർധനയിലൂടെ ഏകദേശം 11 ലക്ഷം കർഷകർക്കാണ് നേരിട്ട് സാമ്പത്തിക നേട്ടം ലഭിക്കുന്നതെന്നും സർക്കാർ ചൂണ്ടിക്കാണിക്കുന്നു. വിലക്കയറ്റം ഉപഭോക്താക്കൾക്കും ഹോട്ടൽ ഉടമകൾക്കും വലിയ തോതിൽ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ പാർട്ടികളും വിവിധ സംഘടനകളും രംഗത്തെത്തിയിരുന്നു.
കെഎംഎഫ് അധികൃതരുമായി നടത്തിയ ചർച്ചയ്ക്ക് ഒടുവിലാണ് തൈര് വിലയിൽ അൽപ്പം കുറവരുത്താൻ ധാരണയായതെന്ന് ഡി.കെ.ശിവകുമാർ വ്യക്തമാക്കി. മുൻപ് 500 ഗ്രാം തൈരിന് 28 രൂപയിൽ നിന്ന് 34 രൂപയായും, ഒരുകിലോഗ്രാം തൈരിന് 54 രൂപയിൽ നിന്ന് 68 രൂപയായുമാണ് വർധിപ്പിച്ചിരുന്നത്.
കഴിഞ്ഞ ആഴ്ചയാണ് കർണാടക മന്ത്രിസഭ പാലിന്റെ വില 8 രൂപ വർധിപ്പിക്കാൻ തീരുമാനമെടുത്തത്. ഇതിൽ വർധിപ്പിച്ച തുകയിൽ 7 രൂപ കർഷകർക്കും ബാക്കി ഒരു രൂപ കർണാടക മിൽക്ക് ഫെഡറേഷനുമാണ് ലഭിക്കുന്നത്.
വിലവർധനയ്ക്കെതിരെ ബിജെപി വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾ അരങ്ങേറിയിരുന്നു. എന്നാൽ ഈ പ്രതിഷേധങ്ങളെയും സർക്കാർ തീരുമാനത്തെയും ഡി.കെ.ശിവകുമാർ ന്യായീകരിച്ചു.
വില വർധനയോട് പൊതുജനങ്ങൾക്കിടയിൽ സ്വാഭാവികമായും എതിർപ്പുണ്ടാകാം എന്ന് അദ്ദേഹം സമ്മതിച്ചു. എന്നാൽ കുപ്പിവെള്ളത്തിന്റെ വില വർധിപ്പിച്ചപ്പോൾ ആരും പ്രതിഷേധിച്ചിട്ടില്ലെന്നും, ജിഎസ്ടി വഴി കേന്ദ്ര സർക്കാരിലേക്കാണ് പണം പോകുന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ലക്ഷക്കണക്കിന് ക്ഷീരകർഷകരുടെ ഉന്നമനം ലക്ഷ്യമിട്ടാണ് ഈ നടപടിയെന്നും, കർണാടകയിൽ മികച്ച വില ലഭിക്കുന്നതിനാൽ പാലും പാലുൽപന്നങ്ങളും ഇതര സംസ്ഥാനങ്ങളിലേക്ക് കടത്തിക്കൊണ്ടുപോകുന്നത് ഇപ്പോൾ ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

