തിരുവനന്തപുരം: വാഹനാപകടത്തിൽ മസ്തിഷ്കമരണം സംഭവിച്ച പതിനേഴുകാരൻ എസ് ആർ രുദ്രേഷ് ആറുപേർക്ക് പുതുജീവിതം സമ്മാനിച്ച് വിടവാങ്ങി. കരമന മേലാറന്നൂർ ചെക്കിട്ടവിളാകത്ത് വീട്ടിൽ ബി സുരേഷ് – പി രമ്യാ ദേവി ദമ്പതികളുടെ മകനാണ്.
തിരുമല എഎം എച്ച്എസ്എസ് സ്കൂളിലെ പ്ലസ്ടു വിദ്യാർഥിയായിരുന്നു രുദ്രേഷ്. കഴിഞ്ഞ ഒക്ടോബർ 26ന് രാത്രി കരമന – കിള്ളിപ്പാലം റോഡിൽ വെച്ചായിരുന്നു ദാരുണമായ അപകടം സംഭവിച്ചത്.
സുഹൃത്തിനൊപ്പം ബൈക്കിൽ മേലാറന്നൂർ ഭാഗത്തേക്ക് സഞ്ചരിക്കവെ വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഗുരുതര പരിക്കുകളോടെ രുദ്രേഷിനെയും ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെയും കരമന കിള്ളിപ്പാലം പിആർഎസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തീവ്ര പരിചരണം നൽകിയെങ്കിലും നവംബർ രണ്ടിന് വൈകിട്ട് നാല് മണിയോടെ ഡോക്ടർമാർ മസ്തിഷ്കമരണം ഔദ്യോഗികമായി സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് മാതാപിതാക്കളും കുടുംബാംഗങ്ങളും മാതൃകാപരമായ അവയവദാനത്തിന് സന്നദ്ധത അറിയിക്കുകയായിരുന്നു.
ഒരു വൃക്ക തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളെജിലെ രോഗിക്കും, രണ്ടാമത്തെ വൃക്കയും പാൻക്രിയാസും തിരുവനന്തപുരം കിംസ് ഹെൽത്തിലെ രോഗിക്കുമാണ് നൽകിയത്. കരൾ, അബ്ഡോമിനൽ ഫെസിയ & വെസ്സൽസ് എന്നിവയും കിംസ് ഹെൽത്തിലെ രോഗികൾക്ക് ലഭ്യമാക്കി.
നേത്രപടലങ്ങൾ (കോർണിയ) തിരുവനന്തപുരം റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താൽമോളജിക്കാണ് കൈമാറിയത്. മകന്റെ ഹൃദയവും ദാനം ചെയ്യാൻ കുടുംബം സന്നദ്ധത പ്രകടിപ്പിച്ചിരുന്നെങ്കിലും, ശസ്ത്രക്രിയയ്ക്ക് മുന്നോടിയായി നടത്തിയ ട്രാൻസ്ഈസോഫേജിയൽ എക്കോകാർഡിയോഗ്രാഫി പരിശോധനയിൽ ഹൃദയം മാറ്റിവെക്കലിന് അനുയോജ്യമല്ലെന്ന് കണ്ടെത്തുകയായിരുന്നു.
അതിനാൽ ഹൃദയം എടുക്കാൻ സാധിച്ചില്ല. കെ-സോട്ടോയുടെ (K-SOTTO) കർശന മേൽനോട്ടത്തിലാണ് അവയവദാന നടപടികൾ പൂർത്തീകരിച്ചത്.
തീരാത്ത ദുഃഖത്തിനിടയിലും മറ്റുള്ളവർക്ക് ജീവിതമേകാൻ തയ്യാറായ കുടുംബത്തിന്റെ മാതൃകാപരമായ തീരുമാനത്തെ ആരോഗ്യമന്ത്രി കെ മുരളീധരൻ ആദരവ് അറിയിക്കുകയും കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി വ്യക്തമാക്കുകയും ചെയ്തു. എസ് ആർ വിഘ്നേഷ്, എസ് ആർ അനന്തകൃഷ്ണൻ എന്നിവരാണ് രുദ്രേഷിന്റെ സഹോദരങ്ങൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

