കൊച്ചി: ഏറെ കോളിളക്കം സൃഷ്ടിച്ച മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചനാക്കേസില്‍ ചോറ്റാനിക്കര കോടതിയിലെ വിചാരണ നടപടികൾക്ക് ഹൈക്കോടതിയുടെ അടിയന്തര സ്റ്റേ അനുവദിച്ചില്ല.
ഒരേ സ്വഭാവമുള്ള കുറ്റകൃത്യങ്ങള്‍ ഒരുമിച്ചു വിചാരണ ചെയ്യണമെന്നാവശ്യപ്പെട്ട് അഗസ്റ്റിന് സഹോദരങ്ങള്‍ സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്. ഈ ഹർജിയിൽ വരുന്ന ചൊവ്വാഴ്ച ഹൈക്കോടതി വിശദമായ വാദം കേൾക്കും.
പ്രതികൾ വരുന്ന ഏഴാം തീയതി കോടതിയിൽ നേരിട്ട് ഹാജരാകണമെന്നാണ് കർശന നിർദ്ദേശം നൽകിയിട്ടുള്ളത്. സമാന സ്വഭാവമുള്ള കേസുകൾ ഒരുമിച്ച് വിചാരണ നടത്തണമെന്ന പ്രതികളുടെ ആവശ്യത്തെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തിരുന്നു.
ചോറ്റാനിക്കരയിലേത് സാമ്പത്തിക വഞ്ചനാ കേസാണെന്നും വയനാട്ടിലേത് വനം വകുപ്പുമായി ബന്ധപ്പെട്ട വ്യത്യസ്തമായ കേസാണെന്നുമുള്ള സർക്കാരിന്റെ വാദം അംഗീകരിച്ചുകൊണ്ടാണ് ഹൈക്കോടതി അടിയന്തര സ്റ്റേ അനുവദിക്കാതിരുന്നത്.
ഹൈക്കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് ലഭിക്കാത്ത സാഹചര്യത്തിലാണ് സമാന ആവശ്യം വിചാരണ കോടതിയുടെ പരിഗണനയ്ക്ക് എത്തിയത്. മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട
പ്രധാന കേസ് ബത്തേരി കോടതിയുടെ പരിഗണനയിലുള്ളതിനാൽ, ഇതുമായി ബന്ധപ്പെട്ട വഞ്ചനാ കേസിന്റെ വിചാരണ നീട്ടി വെക്കണമെന്നായിരുന്നു പ്രതികളുടെ ആവശ്യം.
എന്നാൽ രണ്ട് കേസുകളും വെവ്വേറെയായി കാണണമെന്നും, തടി വിൽപനയുമായി ബന്ധപ്പെട്ട് കരിമുകൾ സ്വദേശിയായ അലിയാർ എന്ന വ്യക്തിയെ ഒന്നര കോടി രൂപ കബളിപ്പിച്ചു വഞ്ചിച്ച കേസിന്റെ വിചാരണയുമായി മുന്നോട്ടുപോകുന്നതിന് തടസ്സമില്ലെന്നുമുള്ള പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. പ്രതികളുടെ അപേക്ഷ തള്ളിക്കൊണ്ട് ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതി, വരുന്ന സെപ്റ്റംബർ ഏഴാം തീയതി പ്രതികൾക്ക് കുറ്റപത്രം വായിച്ചു കേൾപ്പിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ഇതിന്റെ ഭാഗമായി ഒന്നാം പ്രതി റോജി അഗസ്റ്റിൻ നേരിട്ടും, രണ്ട് മൂന്ന് പ്രതികളായ ആന്റോ അഗസ്റ്റിൻ, ജോസൂട്ടി അഗസ്റ്റിൻ എന്നിവർ ഓൺലൈൻ വഴിയും കോടതിയിൽ ഹാജരാകണമെന്നാണ് നിർദ്ദേശമുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

