ഭക്ഷ്യവിഷബാധയാണെന്ന് ആദ്യ ഘട്ടത്തിൽ എല്ലാവരും കരുതിയ മൂന്ന് കുട്ടികളുടെ മരണം സംബന്ധിച്ച് ഞെട്ടിക്കുന്ന കണ്ടെത്തലുമായി പൊലീസ്. പഞ്ചാബിലെ സംഗ്രൂരിലാണ് ഈ ദാരുണ സംഭവം നടന്നിരിക്കുന്നത്.
ലവ്പ്രീത് കൗർ എന്ന സ്ത്രീയാണ് തന്റെ മൂന്ന് മക്കളെയും മധുര പലഹാരത്തിൽ കളനാശിനി കലർത്തി കൊലപ്പെടുത്തിയത്. സംഭവത്തിൽ കുട്ടികളുടെ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ആറു വയസ്സുകാരി ജസ്നൂർ കൗർ, അഞ്ചു വയസ്സുകാരൻ അർമാൻദീപ് സിംഗ്, രണ്ടര വയസ്സുകാരൻ റഹാൻദീപ് സിംഗ് എന്നിവരാണ് കഴിഞ്ഞ ഓഗസ്റ്റ് 26-ന് സംശയാസ്പദമായ സാഹചര്യത്തിൽ മരണമടഞ്ഞത്. കുട്ടികളുടെ മരണം ഭക്ഷ്യവിഷബാധമൂലമാണെന്ന് വരുത്തിതീർക്കാൻ അമ്മയായ ലവ്പ്രീത് കൗർ ബോധപൂർവ്വമായ ശ്രമങ്ങൾ നടത്തിയിരുന്നു.
എന്നാൽ ട്രക്ക് ഡ്രൈവറായ കുട്ടികളുടെ പിതാവ് മരണത്തിൽ ദുരൂഹതയാരോപിച്ച് പൊലീസിൽ പരാതി നൽകുകയായിരുന്നു. യഥാർത്ഥ കാരണം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.
ഈ വിശദമായ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. രക്ഷാബന്ധൻ ദിനത്തിൽ വാങ്ങിയ മധുര പലഹാരം കഴിച്ചതിന് ശേഷമാണ് കുട്ടികളുടെ ആരോഗ്യനില വഷളായതെന്നായിരുന്നു പ്രാഥമിക വിവരം.
എന്നാൽ ഇതേ കടയിൽ നിന്ന് അതേ പലഹാരം വാങ്ങി കഴിച്ച മറ്റ് ആളുകൾക്ക് യാതൊരുവിധ ആരോഗ്യപ്രശ്നങ്ങളും ഉണ്ടായില്ല എന്ന വിവരം കേസിൽ നിർണ്ണായക വഴിത്തിരിവായി. തുടർന്ന് പൊലീസ് നടത്തിയ കസ്റ്റഡി ചോദ്യം ചെയ്യലിലും ശാസ്ത്രീയ തെളിവെടുപ്പിലുമാണ് ലവ്പ്രീത് കൗർ കുറ്റം സമ്മതിച്ചത്.
കൃഷി ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന കളനാശിനി മധുരപലഹാരത്തിൽ കലർത്തി കുട്ടികൾക്ക് നൽകുകയായിരുന്നുവെന്ന് അമ്മ പൊലീസിനോട് വ്യക്തമാക്കി. പ്രതിയായ ലവ്പ്രീത് കൗറിന് ഹർജിത് സിംഗ് എന്നയാളുമായി അടുപ്പമുണ്ടായിരുന്നതായി അന്വേഷണത്തിൽ സ്ഥിരീകരിച്ചിട്ടുണ്ട്.
ഇൻസ്റ്റഗ്രാം വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. കുട്ടികളെ ഒഴിവാക്കുന്നതിനായി ഇരുവരും ചേർന്ന് ആസൂത്രണം ചെയ്ത ഗൂഢാലോചനയാണ് ഈ കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് അറിയിച്ചു.
ലവ്പ്രീത് കൗറിനെ അറസ്റ്റ് ചെയ്തെങ്കിലും കൊലപാതകത്തിൽ നേരിട്ട് പങ്കാളിയായ കാമുകൻ ഹർജിത് സിംഗ് ഇപ്പോൾ ഒളിവിലാണ്. ഇയാളെ കണ്ടെത്താനായി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.
വിഷം കലർത്തിയതായി സംശയിക്കുന്ന മധുര പലഹാരങ്ങളും സംഭവസ്ഥലത്തു നിന്ന് ശേഖരിച്ച മറ്റ് തെളിവുകളും വിദഗ്ധ പരിശോധനയ്ക്കായി ഫോറൻസിക് ലാബിലേക്ക് അയച്ചിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

