തിരുവനന്തപുരം: ഫുട്ബോൾ താരം ലിയോണൽ മെസിയെ കേരളത്തിൽ എത്തിക്കുമെന്ന വാഗ്ദാനം നൽകി നടത്തിയ തട്ടിപ്പിൽ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചു. എഡിജിപി പി വിജയൻന്റെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.
ഐജി എസ് സതീഷ് ബിനോ, എസ്പി വിക്രമൻ, ഡിവൈഎസ്പിമാരായ ഷൈജു പി എൽ, മാത്യു തുടങ്ങിയവരാണ് രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘത്തിലുള്ളത്. കോഴിക്കോട് & വയനാട് ക്രൈംബ്രാഞ്ച് പോലീസ് സൂപ്രണ്ട് വിക്രമൻ ഐപിഎസ്, വയനാട് ക്രൈംബ്രാഞ്ച് ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് ശ്രീ.
ഷൈജു.പി.എൽ, കോഴിക്കോട് ക്രൈംബ്രാഞ്ച് റേഞ്ച് ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് ശ്രീ. മാത്യു എന്നിവരാണ് സംഘത്തിലെ മറ്റ് ഉദ്യോഗസ്ഥർ.
സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ ശിപാർശ ചെയ്തിരുന്നു. കായിക വകുപ്പിന്റെ ഔദ്യോഗിക റിപ്പോർട്ട് ആഭ്യന്തര വകുപ്പിന് കൈമാറിയതിന് പിന്നാലെയാണ് സർക്കാർ നടപടി.
മെസിയുടെ പേരിൽ കള്ളപ്പണം വെളുപ്പിക്കൽ, വിദേശത്തേക്ക് പണമയയ്ക്കൽ, വിദേശനാണയ വിനിമയ ചട്ടലംഘനം എന്നിവ നടന്നിട്ടുണ്ടെന്ന് സൂചിപ്പിക്കുന്നതായിരുന്നു കായിക വകുപ്പിന്റെ റിപ്പോർട്ട്. ഇത്രയും ഗൗരവമേറിയ ആരോപണങ്ങൾ ഉയർന്നിട്ടും അടിയന്തര അന്വേഷണങ്ങളോ നടപടികളോ ഉണ്ടാകുന്നില്ലെന്ന് നേരത്തെ വിമർശനങ്ങൾ ഉയർന്നിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് വിശദമായി പരിശോധിച്ച് സമഗ്രമായ അന്വേഷണത്തിന് മുഖ്യമന്ത്രി ശിപാർശ ചെയ്തത്. പ്രധാനമായും അന്വേഷണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന കാര്യങ്ങൾ താഴെ പറയുന്നവയാണ്:
– റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി ഈ കരാറിലേക്ക് എങ്ങനെയെത്തി
– മുൻ സർക്കാരിന്റെ പങ്ക് എന്തായിരുന്നു
– സ്പോൺസറെ എങ്ങനെയാണ് കണ്ടെത്തിയത്
– വിദേശത്തേക്ക് എത്ര രൂപ അയച്ചു
തുടങ്ങിയ നിർണ്ണായക വിവരങ്ങളാണ് പ്രത്യേക സംഘം അന്വേഷിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

