കൊച്ചി: റെക്കോര്‍ഡ് പുസ്തകം കൊണ്ടു വരാത്തതിന്റെ പേരില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ ക്ലാസ് സമയം കഴിഞ്ഞും സ്കൂളില്‍ തടഞ്ഞുവെച്ചതായി പരാതി. ആലുവ ഇസ്ലാമിക് ഹയര്‍ സെക്കന്‍ഡറി സ്കൂളിനെതിരെയാണ് വിദ്യാര്‍ഥിനിയുടെയും കുടുംബവും രംഗത്തെത്തിയിരിക്കുന്നത്.
സ്കൂളിലെത്തിയ പിതാവിനോട് മാനേജ്മെന്റ് മോശമായി പെരുമാറിയെന്നും വിദ്യാര്‍ഥിനി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ വിഷയത്തെക്കുറിച്ച് സമഗ്രമായി പരിശോധിക്കുമെന്ന് സ്കൂള്‍ മാനേജ്മെന്റ് പ്രതികരിച്ചു.
നിലവിലുള്ള പ്രശ്നങ്ങള്‍ കുട്ടിയുടെ തുടര്‍പഠനത്തെ ഒരു കാരണവശാലും ബാധിക്കില്ലെന്നും മാനേജ്മെന്റ് വ്യക്തമാക്കിയിട്ടുണ്ട്. നിശ്ചിത സമയമായ നാലരയ്ക്ക് ക്ലാസ് കഴിഞ്ഞിട്ടും റെക്കോര്‍ഡ് പുസ്തകം ഹാജരാക്കിയില്ല എന്ന കാരണം ചൂണ്ടിക്കാട്ടി വിദ്യാര്‍ഥിനിയെ ആറുമണിവരെ സ്കൂളില്‍ പിടിച്ചുനിര്‍ത്തി എന്നാണ് പ്രധാന ആരോപണം.
സ്കൂള്‍ അധികൃതരുടെ ഈ നടപടി രക്ഷകര്‍ത്താക്കള്‍ ചോദ്യം ചെയ്തതിന് പിന്നാലെ, വിദ്യാര്‍ഥിനിക്ക് ടി സി നല്‍കുമെന്ന് അധ്യാപിക ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ വ്യക്തമാക്കുന്നു. കൂടാതെ, ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് അവധിയെടുക്കുമ്പോള്‍ അധ്യാപകര്‍ അപഹസിക്കാറുണ്ടെന്നും കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
സംഭവത്തില്‍ സ്കൂള്‍ മാനേജ്മെന്റിനെതിരെ ആലുവ പൊലീസ് സ്റ്റേഷനില്‍ വിദ്യാര്‍ഥിനി ഔദ്യോഗികമായി പരാതി നല്‍കിയിട്ടുണ്ട്. ഇതിനുപുറമെ, പൊതുവിദ്യാഭ്യാസ മന്ത്രിക്കടക്കം ഉന്നത അധികാരികള്‍ക്ക് പരാതി നല്‍കാനാണ് കുടുംബത്തിന്റെ തീരുമാനം.
അതേസമയം, കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉള്ള കാര്യം അധ്യാപകര്‍ അറിഞ്ഞിരുന്നില്ലെന്നാണ് സ്കൂള്‍ മാനേജ്മെന്റിന്റെ വിശദീകരണം. സ്കൂളിലെത്തിയ രക്ഷിതാവ് അധ്യാപികയോട് മോശമായി പെരുമാറിയെന്നും, ഇതിനെതിരെ രക്ഷിതാവിനെതിരെ അധ്യാപികയും പരാതി നല്‍കിയിട്ടുണ്ടെന്നും സ്കൂള്‍ മാനേജ്മെന്റ് കൂട്ടിച്ചേര്‍ത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

