തമിഴ്നാടിന്റെ കായികരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് തലസ്ഥാനമായ ചെന്നൈയിൽ അന്താരാഷ്ട്ര നിലവാരമുള്ള തമിഴ്നാട് ഒളിമ്പിക് സിറ്റി നിർമ്മിക്കുമെന്ന് മുഖ്യമന്ത്രി സി. ജോസഫ് വിജയ് പ്രഖ്യാപിച്ചു.
നിയമസഭയിൽ നടത്തിയ പ്രത്യേക പ്രസ്താവനയിലൂടെയാണ് അദ്ദേഹം ഈ സുപ്രധാന പദ്ധതി പ്രഖ്യാപിച്ചത്. തമിഴ്നാട് സ്പോർട്സ് ഡെവലപ്മെന്റ് അതോറിറ്റിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലായിരിക്കും ഈ ബൃഹത്തായ പദ്ധതി നടപ്പിലാക്കുക.
അത്യാധുനിക സൗകര്യങ്ങളോടെ വിഭാവനം ചെയ്തിരിക്കുന്ന ഈ കേന്ദ്രത്തിൽ അത്യാധുനിക കായിക സ്റ്റേഡിയങ്ങൾ, ഹൈ പെർഫോമൻസ് ട്രെയിനിംഗ് സെന്ററുകൾ, ലോകോത്തര നിലവാരത്തിലുള്ള പരിശീലന ഉപകരണങ്ങൾ എന്നിവ സജ്ജീകരിക്കും. കൂടാതെ, സ്പോർട്സ് സയൻസ്-സ്പോർട്സ് മെഡിസിൻ സൗകര്യങ്ങളും ഇവിടെ ലഭ്യമാക്കും.
കായികതാരങ്ങൾക്കും പരിശീലകർക്കും ആവശ്യമായ താമസ സൗകര്യങ്ങളും ഒളിമ്പിക് സിറ്റിയുടെ ഭാഗമായി ഒരുക്കുന്നുണ്ട്. അന്താരാഷ്ട്ര കായിക വേദികളിലും ഒളിമ്പിക്സിലും തമിഴ്നാട്ടിൽ നിന്നുള്ള താരങ്ങളുടെ പങ്കാളിത്തവും വിജയസാധ്യതയും വർദ്ധിപ്പിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
ഇതോടൊപ്പം ചെന്നൈയിൽ ഒരു മോട്ടോർ സ്പോർട്സ് സിറ്റിയും സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഫോർമുല 1 മുതൽ ഫോർമുല 4 വരെയുള്ള അന്താരാഷ്ട്ര മത്സരങ്ങൾക്ക് വേദിയാകാൻ പാകത്തിലാണ് ഇതിന്റെ നിർമ്മാണം.
2028-ഓടെ ഇന്ത്യയിൽ ഫോർമുല 1 റേസിംഗ് മത്സരങ്ങൾ പുനരാരംഭിക്കുന്നതിനായി കേന്ദ്ര കായിക മന്ത്രാലയം ഇതിനകം തന്നെ ടാസ്ക് ഫോഴ്സിന് രൂപം നൽകിയിട്ടുണ്ട്. 2028-ൽ മോട്ടോ ജിപി, ഡബ്ല്യുആർസി എന്നിവയും 2030-ഓടെ ഫോർമുല 1-ഉം ഇന്ത്യയിൽ സംഘടിപ്പിക്കുന്നതിനായി ഫെഡറേഷൻ ഓഫ് മോട്ടോർ സ്പോർട്സ് ക്ലബ്സ് ഓഫ് ഇന്ത്യയും കേന്ദ്ര കായിക മന്ത്രാലയവും സംയുക്തമായി പരിശ്രമിച്ചുവരികയാണ്.
ഈ പശ്ചാത്തലത്തിൽ തമിഴ്നാട് സർക്കാരിന്റെ ഈ പുതിയ പ്രഖ്യാപനം ഇന്ത്യൻ കായിക മേഖലയ്ക്ക് വലിയ ഊർജ്ജമാണ് പകരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

