ഇന്ത്യയിൽ ലോഹഭാഗങ്ങളിലുണ്ടാകുന്ന തുരുമ്പ് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്കും അടിസ്ഥാന സൗകര്യങ്ങൾക്കും വലിയതോതിൽ ഭീഷണിയാകുന്നുവെന്ന് റിപ്പോർട്ട്. ഓരോ വർഷവും തുരുമ്പെടുത്ത് രാജ്യത്തിന് നഷ്ടമാകുന്നത് 14 ലക്ഷം കോടി രൂപയുടെ സമ്പത്താണെന്ന് ജാപ്പനീസ് ഗവേഷണ സ്ഥാപനമായ നൊമൂറയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഇത് രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ (ജിഡിപി) ഏകദേശം 4.3 ശതമാനം വരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. രാജ്യത്തെ പാലങ്ങൾ, തുറമുഖങ്ങൾ, ഫാക്ടറികൾ എന്നിവയെല്ലാം തുരുമ്പ് കാരണം പതുക്കെ നശിച്ചുകൊണ്ടിരിക്കുകയാണ്.
ഈ പ്രതിസന്ധിയെ നേരിടാൻ അറ്റകുറ്റപ്പണികൾക്കായി മാത്രം കോടിക്കണക്കിന് രൂപയാണ് സർക്കാരിന് ചെലവാക്കേണ്ടി വരുന്നത്. എന്നാൽ തുരുമ്പെടുക്കുന്നത് തടയാൻ മികച്ച സംരക്ഷണ പദ്ധതികൾ നടപ്പാക്കിയാൽ ജിഡിപിയിൽ 1.5 ശതമാനത്തിന്റെ വർധനവുണ്ടാകുമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.
തുരുമ്പാക്രമണം പൊതുജനങ്ങളുടെ സുരക്ഷയെയും ഗുരുതരമായി ബാധിക്കുന്നുണ്ട്. ഇന്ത്യയിലെ അടിസ്ഥാന സൗകര്യ മേഖലയെ തുരുമ്പിൽ നിന്ന് സംരക്ഷിക്കാനുള്ള പദ്ധതികൾ വളരെ കുറവാണെന്നാണ് റിപ്പോർട്ട് വിമർശിക്കുന്നത്.
ഇതിനായി യുഎസ്, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളെ ഇന്ത്യ മാതൃകയാക്കണമെന്നും നിർദ്ദേശമുണ്ട്. ഈ വികസിത രാജ്യങ്ങളിൽ അതാത് പ്രദേശത്തെ കാലാവസ്ഥ അടക്കമുള്ള കാര്യങ്ങൾ സൂക്ഷ്മമായി പരിഗണിച്ചാണ് സംരക്ഷണ പദ്ധതികൾ നടപ്പാക്കുന്നത്.
എന്നാൽ ഇന്ത്യയിൽ ഭൂരിഭാഗം സ്ഥലങ്ങളിലും കാലാവസ്ഥയുടെ പ്രത്യേകതകൾ നോക്കാതെ ഒരേതരത്തിലുള്ള സംരക്ഷണ പദ്ധതികളാണ് നടപ്പാക്കിവരുന്നത്. ഇതിൽ സമഗ്രമായ മാറ്റം വരേണ്ടതുണ്ട്, പ്രത്യേകിച്ച് കനത്ത മഴ ലഭിക്കുന്ന മൺസൂൺ പോലുള്ള സാഹചര്യങ്ങളിൽ.
രാജ്യത്ത് തുരുമ്പെടുക്കൽ ഏറ്റവും കൂടുതൽ ആഘാതമുണ്ടാക്കുന്നത് വൈദ്യുതി നിർമാണ വിതരണ മേഖലയിലാണ്. 53,860 കോടി രൂപയാണ് ഈ മേഖലയിലെ മാത്രം വാർഷിക നഷ്ടം.
ടെലികമ്യൂണിക്കേഷൻസ് മേഖലയിൽ 38,320 കോടി രൂപയും വാഹനമേഖലയിൽ 87,098 കോടി രൂപയും നഷ്ടം സംഭവിക്കുന്നു. ഇതിനുപുറമേ അടിസ്ഥാന സൗകര്യം (1.41 ലക്ഷം കോടി രൂപ), റെയിൽവേ (23,788 കോടി രൂപ) തുടങ്ങിയ പ്രധാന മേഖലകളും കനത്ത സാമ്പത്തിക നഷ്ടമാണ് നേരിടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

