സാധാരണയായി അഗ്നിപർവതങ്ങൾ ചാരവും ലാവയും വിഷവാതകങ്ങളും പുറന്തള്ളാറാണുള്ളത്. എന്നാൽ സ്വർണം തന്നെ അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്ന ഒരു അഗ്നിപർവതത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? അന്റാർട്ടിക്കയിലെ റോസ് ദ്വീപിൽ സ്ഥിതി ചെയ്യുന്ന മൗണ്ട് എറെബസ് എന്ന അഗ്നിപർവതമാണ് ഈ അത്യപൂർവ പ്രതിഭാസത്തിന് വേദിയാകുന്നത്.
ദക്ഷിണധ്രുവത്തിൽ നിന്ന് ഏകദേശം 1,350 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഈ അഗ്നിപർവതം ലോകത്തിലെ ഏറ്റവും തെക്കേ അറ്റത്തുള്ള സജീവ അഗ്നിപർവതമാണ്. നിത്യേന പുറന്തള്ളുന്നത് സ്വർണത്തരികൾ
3,794 മീറ്റർ (12,448 അടി) ഉയരമുള്ള ഈ പർവതത്തിന്റെ പ്രത്യേകത, ഇതിന്റെ മുകളിൽ എപ്പോഴും സജീവമായ ലാവാ തടാകം നിലനിൽക്കുന്നു എന്നതാണ്.
1991-ൽ ജിയോഫിസിക്കൽ റിസർച്ച് ലെറ്റേഴ്സിൽ പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധം പ്രകാരം, മൗണ്ട് എറെബസ് പ്രതിദിനം ഏകദേശം 80 ഗ്രാം (2.8 ഔൺസ്) സൂക്ഷ്മ സ്വർണ്ണ പൊടി അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്നുണ്ട്. ഇത്തരത്തിൽ പുറന്തള്ളപ്പെടുന്ന സ്വർണ കണികകൾ 1,000 കിലോമീറ്റർ ദൂരത്തോളം വ്യാപിക്കാറുണ്ടെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.
ലോകത്ത് സ്വർണം പുറന്തള്ളുന്നതായി കണ്ടെത്തിയ ഏക അഗ്നിപർവതവും ഇതുതന്നെ. മറ്റ് ചില അഗ്നിപർവതങ്ങളിൽ സ്വർണ്ണത്തിന്റെ അംശങ്ങൾ കണ്ടെത്തിയിട്ടുണ്ടെങ്കിലും, അവ മൗണ്ട് എറെബസിലെ പോലെ സ്വതന്ത്രമായി പുറന്തള്ളപ്പെടുന്നവയല്ല.
ശാസ്ത്രലോകത്തിന് ഇന്നും ഉത്തരം കിട്ടാത്ത ചോദ്യം
ലാവയിൽ നിന്ന് ബാഷ്പീകൃതമായ ക്ലോറിൻ സംയുക്തങ്ങളുടെ സഹായത്തോടെയാണ് സ്വർണ്ണം പുറത്തേക്ക് വരുന്നത്. വാതകങ്ങൾ തണുക്കുമ്പോൾ സ്വർണ്ണം സ്ഫടികരൂപത്തിൽ (crystallize) മാറുകയും പിന്നീട് മഞ്ഞിൽ അടിയുകയുമാണ് ചെയ്യുന്നത്.
ന്യൂ മെക്സിക്കോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈനിംഗ് ആൻഡ് ടെക്നോളജിയിലെ അഗ്നിപർവ്വത ശാസ്ത്രജ്ഞനായ ഫിലിപ്പ് കൈൽ ഉൾപ്പെടെയുള്ളവർ നൽകുന്ന സൂചനയനുസരിച്ച്, ലാവയുടെ ഉപരിതലത്തിൽ രൂപപ്പെടുന്ന സ്വർണം പിന്നീട് വാതകങ്ങൾക്കൊപ്പം ഉയരങ്ങളിലേക്ക് എത്തുകയായിരുന്നു. എന്നാൽ, ഈ പ്രക്രിയയ്ക്ക് പിന്നിലെ കൃത്യമായ ശാസ്ത്രീയ വിശദീകരണം കണ്ടെത്താൻ ഇന്നും ഗവേഷകർക്ക് സാധിച്ചിട്ടില്ല.
ഈ സിദ്ധാന്തം ഉയർന്നിട്ട് മൂന്ന് പതിറ്റാണ്ടുകൾ പിന്നിട്ടെങ്കിലും, അന്റാർട്ടിക്കയുടെ മഞ്ഞുപാളികൾക്കിടയിൽ ഇന്നും ഈ സ്വർണ്ണവർഷം തുടരുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

