പാലക്കാട് നഗരത്തിലെ പൊതുനിരത്തുകളിൽ കന്നുകാലികളെ അഴിച്ചുവിടുന്ന പ്രവണതയ്ക്കെതിരെ നടപടികൾ ശക്തമാക്കി നഗരസഭ. ഇതിന്റെ ഭാഗമായി പ്രത്യേക സ്ക്വാഡിനെ രൂപീകരിച്ചാണ് പ്രവർത്തനം ഏകോപിപ്പിക്കുന്നത്.
നഗരത്തിൽ അലഞ്ഞുതിരിയുന്ന അഞ്ച് പശുക്കളെ സ്ക്വാഡ് ഇതിനകം പിടികൂടിക്കഴിഞ്ഞു. നഗരത്തിലെ കന്നുകാലി ശല്യം ഫലപ്രദമായി നിയന്ത്രിക്കുന്നതിനായി നഗരപ്രദേശത്തെ ആറ് മേഖലകളായി തിരിച്ച് നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.
ഈ മേഖലകളിൽ ചുമതലപ്പെടുത്തിയിട്ടുള്ളവരുടെ വിവരങ്ങൾ അടിസ്ഥാനമാക്കി സ്ക്വാഡ് സ്ഥലത്തെത്തി നടപടികൾ സ്വീകരിക്കും. നഗര പരിധിയിൽ കന്നുകാലികളെ വളർത്തുന്ന മുഴുവൻ ഉടമകളുടെയും വിവരങ്ങൾ നഗരസഭയുടെ പക്കലുണ്ട്.
പിടികൂടുന്ന കാലികളെ നിശ്ചിത പിഴ അടച്ചാൽ മാത്രമേ ഉടമകൾക്ക് തിരികെ ലഭിക്കുകയുള്ളൂ. പിഴയൊടുക്കി വിട്ടയക്കുന്ന കാലികളെ വീണ്ടും പൊതുനിരത്തിൽ അഴിച്ചുവിടുകയാണെങ്കിൽ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് നഗരസഭാ അധ്യക്ഷൻ പി.സ്മിതേഷ്, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ടി.എസ്.മീനാക്ഷി എന്നിവർ അറിയിച്ചു.
യാത്രക്കാർക്ക് ഭീഷണിയാകുന്ന രീതിയിൽ കന്നുകാലികൾ അലഞ്ഞുതിരിയുന്നത് തടയാൻ നഗരസഭാ കൗൺസിൽ ഐകകണ്ഠ്യേനയാണ് തീരുമാനമെടുത്തത്. നടപടികളുടെ ഗൗരവം ബോധ്യപ്പെടുത്താൻ കൗൺസിലർമാർ ഓരോ വീടുകളിലും സന്ദർശനം നടത്തുന്നുണ്ട്.
പൊലീസ് പിന്തുണയോടെ പരിശോധന അതിനിടെ, നഗരസഭ പിടിച്ചുകെട്ടിയ കന്നുകാലിയെ ബലമായി അഴിച്ചുകൊണ്ടുപോയ സംഭവത്തിൽ അധികൃതരുടെ പരാതിയിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. നഗരസഭാ അധ്യക്ഷൻ പി.സ്മിതേഷ് പാലക്കാട് ഡിവൈഎസ്പി സി.എൽ.ഷാജുവുമായി ചർച്ച നടത്തി മതിയായ സുരക്ഷയും സഹകരണവും ഉറപ്പുവരുത്തിയിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിൽ ഇനി മുതൽ സ്ക്വാഡിനൊപ്പം പൊലീസും പരിശോധനയ്ക്കുണ്ടാകും. കഴിഞ്ഞ ദിവസം കന്നുകാലിയെ ബലമായി കൊണ്ടുപോയ സംഭവത്തിൽ പ്രതികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.
ഇത്തരം സംഭവങ്ങളിൽ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് ഉൾപ്പെടെ കേസ് രജിസ്റ്റർ ചെയ്യുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

