മലയാള സാഹിത്യത്തിലെ അതികായന്മാരായ വൈക്കം മുഹമ്മദ് ബഷീർ, പോഞ്ഞിക്കര റാഫി, ചങ്ങമ്പുഴ കൃഷ്ണപിള്ള എന്നിവരുമായി അടുത്ത സൗഹൃദം പുലർത്തിയിരുന്ന തൃപ്പൂണിത്തുറയുടെ പ്രിയങ്കരനായ കെ.പി. അച്യുതൻ ഇന്ന് തന്റെ 95-ാം ജന്മദിനം ആഘോഷിക്കുന്നു.
കലണ്ടർ പ്രകാരം ജൂൺ 15-ന് 95 വയസ്സ് പൂർത്തിയായെങ്കിലും, ജന്മനക്ഷത്രം കണക്കിലെടുത്ത് ജൂലൈ 3-നാണ് അദ്ദേഹം പിറന്നാൾ ആഘോഷിക്കുന്നത്. സാഹിത്യകാരന്മാരുമായുള്ള തന്റെ പഴയകാല സൗഹൃദത്തിന്റെ ആഴം കെ.പി.
അച്യുതൻ ഇന്നും ആദരവോടെ ഓർക്കുന്നു. ‘വക്കീലേ..
ഇന്നെന്താ പ്രത്യേകത?’ എന്ന ബേപ്പൂർ സുൽത്താന്റെ ചോദ്യം തന്റെ പിറന്നാൾ ദിനങ്ങളിലെ സ്ഥിരം വിരുന്നായിരുന്നുവെന്നും, ‘ഞാനിതൊക്കെ ഓർത്തിരിക്കുന്നുണ്ട് കേട്ടോ.. ദീർഘായുഷ്മാൻ ഭവ!’ എന്ന ബഷീറിന്റെ സ്നേഹപൂർവ്വമുള്ള ആശംസ ഇന്നും തന്റെ മനസ്സിനെ സ്പർശിക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.
ലോ കോളജ് പഠനകാലത്താണ് ബഷീറുമായുള്ള ആത്മബന്ധം ആരംഭിക്കുന്നത്. എറണാകുളം ബോട്ട് ജെട്ടിക്ക് സമീപം വൈക്കം മുഹമ്മദ് ബഷീറും പി.കെ.
ബാലകൃഷ്ണനും ചേർന്ന് നടത്തിയിരുന്ന സർക്കിൾ ബുക്ക് ഹൗസിലെ സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. ക്ലാസുകൾ ഒഴിവാക്കി അക്ഷരങ്ങളെ തേടിയുള്ള ആ യാത്രകൾ ഇന്നും അദ്ദേഹത്തിന്റെ ഓർമ്മകളിൽ മായാതെ കിടക്കുന്നു.
ബഷീറിന്റെ വിയോഗ ശേഷവും ഭാര്യ ഫാബി ബഷീർ അദ്ദേഹത്തെ വിളിക്കുന്നത് പതിവായിരുന്നു. പോഞ്ഞിക്കര റാഫിയും സെബീനയുമെല്ലാം ജന്മദിനങ്ങളിൽ വീട്ടിലെത്തിയിരുന്ന പഴയ കാലത്തിന്റെ സ്മരണകൾ അദ്ദേഹം ഇന്നും പങ്കുവെക്കുന്നു.
വാർധക്യസഹജമായ അവശതകൾക്കിടയിലും സാംസ്കാരിക പ്രവർത്തനങ്ങളിൽ കെ.പി. അച്യുതൻ സജീവമാണ്.
നിലവിൽ തൃപ്പൂണിത്തുറ കൂടിയാട്ടം കേന്ദ്രത്തിന്റെ മാനേജിങ് ട്രസ്റ്റിയായി അദ്ദേഹം സേവനമനുഷ്ഠിക്കുന്നു. എസ്എൻ ജംക്ഷൻ യൂണിയൻ ബാങ്കിനു പിറകുവശത്തുള്ള മകന്റെ വസതിയിലാണ് അദ്ദേഹം ഇപ്പോൾ താമസിക്കുന്നത്.
അദ്ദേഹത്തിന്റെ പിറന്നാൾ ദിനത്തിൽ ദീപക് ജോയ് എംഎൽഎ ഉൾപ്പെടെയുള്ള പ്രമുഖർ വസതിയിലെത്തി ആശംസകൾ അറിയിച്ചു. ആർഭാടങ്ങളില്ലാത്ത ജന്മദിനത്തിൽ, പതിവുപോലെ ക്ഷേത്രങ്ങളിലെ ജന്മനക്ഷത്ര വഴിപാടുകൾ മാത്രമാണ് ഇത്തവണയും നടക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

