അദാനി എന്റർപ്രൈസസ് അടുത്തിടെ പ്രഖ്യാപിച്ച ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യൂഷണൽ പ്ലേസ്മെന്റ് (ക്യുഐപി) വഴി സമാഹരിക്കുന്ന തുക ഉയർത്താൻ തീരുമാനിച്ചു. 10,000 കോടി രൂപയുടെ ഓഹരികളാണ് കമ്പനി വിൽപനയ്ക്ക് വെച്ചിരുന്നതെങ്കിലും, നിക്ഷേപകരിൽ നിന്ന് ലഭിച്ച വൻ ഡിമാൻഡ് പരിഗണിച്ച് ഇത് 15,000 കോടി രൂപയായി വർധിപ്പിക്കുകയായിരുന്നു.
ലഭിച്ച ബിഡുകളുടെ മൂല്യം 38,000 കോടി രൂപയോളം വരും. ഓഹരി വിൽപനയിൽ ആവശ്യകത വർധിക്കുമ്പോൾ ഓഹരികളുടെ എണ്ണം വർധിപ്പിക്കാൻ കമ്പനിയെ അനുവദിക്കുന്ന ‘ഗ്രീൻ ഷൂ’ ഓപ്ഷൻ പ്രയോജനപ്പെടുത്തിയാണ് വിൽപന ലക്ഷ്യം ഉയർത്തിയത്.
സമാഹരിക്കുന്ന ഈ തുക വായ്പ തിരിച്ചടവിനും വിവിധ പദ്ധതികളിൽ നിക്ഷേപം നടത്തുന്നതിനും ഉപയോഗിക്കും. കമ്പനികൾ ഏറ്റെടുക്കുന്നതിനും ഡേറ്റ സെന്ററുകൾ, തുറമുഖങ്ങൾ, എയർപോർട്ടുകൾ, പുനരുപയോഗ ഊർജം, ഖനനം തുടങ്ങിയ മേഖലകളിലെ വികസന പ്രവർത്തനങ്ങൾക്കും ഈ മൂലധനം വിനിയോഗിക്കും.
നിക്ഷേപകരുടെ പങ്കാളിത്തം
വിൽപന നടത്തിയ ഓഹരികളിൽ 65 ശതമാനവും സ്വന്തമാക്കിയത് ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങളാണ്. ബാക്കി ഭാഗം വിദേശ നിക്ഷേപകർ കൈക്കലാക്കി.
ക്യാപിറ്റൽ ഗ്രൂപ്പ്, എച്ച്ഡിഎഫ്സി മ്യൂച്വൽ ഫണ്ട്, ഐസിഐസിഐ മ്യൂച്വൽ ഫണ്ട്, കൊട്ടക് മ്യൂച്വൽ ഫണ്ട്, എസ്ബിഐ മ്യൂച്വൽ ഫണ്ട്, ബ്ലാക്ക്സ്റ്റോൺ, ടാറ്റ മ്യൂച്വൽ ഫണ്ട് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങൾ ഓഹരികൾ വാങ്ങുന്നതിനായി രംഗത്തുണ്ടായിരുന്നു. ഓഹരി വിപണിയിലെ പ്രതികരണം
ഓഹരിയൊന്നിന് 2883 രൂപ നിരക്കിൽ 3.47 കോടി ഓഹരികളാണ് വിൽപനയ്ക്കായി നിശ്ചയിച്ചിരുന്നത്.
സെബിയുടെ അടിസ്ഥാന വിലയേക്കാൾ അഞ്ച് ശതമാനവും അന്നത്തെ ക്ലോസിങ് വിലയേക്കാൾ 9.27 ശതമാനവും ഡിസ്കൗണ്ടിലാണ് ഓഹരികൾ ലഭ്യമാക്കിയത്. എന്നാൽ വിൽപനയ്ക്ക് ശേഷം വിപണിയിൽ ലാഭമെടുപ്പ് ശക്തമായതിനെ തുടർന്ന് അദാനി എന്റർപ്രൈസസ് ഓഹരികളിൽ ഏകദേശം നാല് ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തി.
ഒഡീഷയിലെ അലൂമിനിയം പ്ലാന്റ്
ഇതോടൊപ്പം, അബുദാബി ആസ്ഥാനമായുള്ള ഐഎച്ച്സി ഗ്രൂപ്പുമായി സഹകരിച്ച് ഒഡീഷയിൽ 1.08 ലക്ഷം കോടി രൂപയുടെ അലൂമിനിയം പ്ലാന്റ് സ്ഥാപിക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഇതിൽ 54,000 കോടി രൂപയാണ് അദാനി ഗ്രൂപ്പ് നിക്ഷേപിക്കുന്നത്.
ഈ പദ്ധതി വഴി 53,500 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതിയുടെ പുരോഗതിയെക്കുറിച്ച് അദാനി എന്റർപ്രൈസസ് ഡയറക്ടർ കരൺ അദാനി വ്യക്തമാക്കിയത് ഇങ്ങനെ: “അടുത്ത 12 മാസങ്ങൾക്കുള്ളിൽ ആവശ്യമായ അനുമതികൾ നേടി 3-4 വർഷങ്ങൾക്കുള്ളിൽ പ്ലാന്റിന്റെ പ്രവർത്തനം തുടങ്ങാനാകുമെന്ന് അദാനി എന്റർപ്രൈസസ് ഡയറക്ടർ കരൺ അദാനി പറഞ്ഞു.” (Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി/ഐപിഒ/സ്വർണം മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല.
ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക.)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

