രാജ്യത്തെ വിമാന ഇന്ധനവിലയിൽ ഉണ്ടാകുന്ന അമിതമായ ഏറ്റക്കുറച്ചിലുകൾ തടയുന്നതിനും വില സ്ഥിരത ഉറപ്പാക്കുന്നതിനുമായി കേന്ദ്രസർക്കാർ 10,000 കോടി രൂപയുടെ ഫണ്ട് അനുവദിച്ചു. പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന യുദ്ധസാഹചര്യം മൂലം വിമാന ഇന്ധനവിലയിൽ ഉണ്ടായ കുത്തനെയുള്ള വർധനവ് കണക്കിലെടുത്താണ് ഈ സുപ്രധാന തീരുമാനമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.
കഴിഞ്ഞ കുറച്ചു കാലങ്ങളായി ഇന്ധനവിലയിൽ വലിയ വർധനവാണ് ദൃശ്യമായത്. 2026 മാർച്ചിൽ ലീറ്ററിന് 60.5 രൂപയായിരുന്ന വിമാന ഇന്ധനം മേയ് മാസത്തോടെ 142 രൂപ എന്ന നിലയിലേക്ക് ഉയരുകയുണ്ടായി.
നിലവിൽ, ആഭ്യന്തര വിമാന സർവീസുകൾക്കുള്ള ഇന്ധനവില ലീറ്ററിന് 75.6 രൂപ എന്ന പരിധിയിൽ കേന്ദ്രം നിശ്ചയിച്ചിട്ടുണ്ട്. വിമാനക്കമ്പനികളുടെ മൊത്തം പ്രവർത്തനച്ചെലവിന്റെ ഏകദേശം 40 ശതമാനവും വിമാന ഇന്ധനത്തിനായി ചെലവഴിക്കേണ്ടി വരുന്നുവെന്നതാണ് യാഥാർത്ഥ്യം.
ആഗോള വിപണിയിലെ വിലക്കയറ്റം മൂലം തങ്ങളുടെ പ്രവർത്തനം പ്രതിസന്ധിയിലാണെന്നും, അടിയന്തര സഹായം ലഭിച്ചില്ലെങ്കിൽ സർവീസുകൾ നിർത്തിവെക്കേണ്ടി വരുമെന്നും വിമാനക്കമ്പനികൾ നേരത്തെ കേന്ദ്ര സർക്കാരിനെ അറിയിച്ചിരുന്നു. ഈ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ പ്രഖ്യാപിച്ച നടപടികൾ സംബന്ധിച്ച് അശ്വിനി വൈഷ്ണവ് പറഞ്ഞതിങ്ങനെ: “ഫണ്ട് വിമാന ഇന്ധന വില സ്ഥിരത ഉറപ്പാക്കാനും വിമാനക്കമ്പനികളുടെ പ്രവർത്തനം തടസ്സപ്പെടുന്നില്ലെന്ന് ഉറപ്പാക്കാനും സഹായിക്കും.
ആഗോളതലത്തിൽ എണ്ണവില ഉയരുന്നതനുസരിച്ച് വിമാനടിക്കറ്റ് നിരക്ക് വർധിക്കുന്നത് തടഞ്ഞ് യാത്രക്കാർക്കും ഗുണകരമാകും.” ഈ പദ്ധതി വിമാനക്കമ്പനികളുമായി നേരിട്ടും അല്ലാതെയും ബന്ധപ്പെട്ട് ഉപജീവനം നടത്തുന്ന ഏകദേശം 77 ലക്ഷം പേരുടെ തൊഴിൽ സുരക്ഷ ഉറപ്പാക്കുന്നതിനും, ആഭ്യന്തര-രാജ്യാന്തര യാത്രാ സൗകര്യങ്ങൾ തടസ്സമില്ലാതെ തുടരുന്നതിനും സഹായകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

