വാഷിംഗ്ടൺ: ആഗോള സൈനിക ചരിത്രത്തിൽ തന്നെ അപൂർവമായ ഒരു സംഭവത്തിന് സാക്ഷ്യം വഹിക്കുകയാണ് വ്യോമയാന മേഖല. ഇറാനിൽ വെച്ച് എഫ് 15 ഇ യുദ്ധവിമാനം മിസൈൽ ആക്രമണത്തിൽ തകർന്നു വീണപ്പോൾ അത് നിയന്ത്രിച്ചിരുന്നത് ആഴ്ചകൾക്ക് മുൻപ് കുവൈറ്റിൽ വച്ച് സമാനമായ അപകടത്തെ അതിജീവിച്ച പൈലറ്റ് തന്നെയായിരുന്നു.
കുവൈറ്റിലെ അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് കൃത്യം മുപ്പത് ദിവസങ്ങൾക്ക് ശേഷമാണ് ഇതേ പൈലറ്റ് ഇറാനിലെ ദൗത്യത്തിൽ പങ്കെടുത്തത്. യുദ്ധത്തിന്റെ പ്രാരംഭ ഘട്ടത്തിൽ കുവൈറ്റിന്റെ ആകാശ പരിധിയിൽ വിന്യസിച്ചിരുന്ന വ്യോമപ്രതിരോധ സംവിധാനങ്ങളുടെ അബദ്ധത്തിലുള്ള ആക്രമണത്തിൽ മൂന്ന് എഫ് 15ഇ സ്ട്രൈക്ക് ഈഗിൾ വിമാനങ്ങൾ തകർന്നിരുന്നു.
കുവൈറ്റ് തൊടുത്ത മിസൈലുകൾ പതിച്ചാണ് അന്ന് യുഎസ് വിമാനങ്ങൾ തകർന്നത്. ഈ അപകടത്തിൽ വിമാനങ്ങളിൽ നിന്നു വിജയകരമായി ഇജക്ട് ചെയ്ത് രക്ഷപ്പെട്ട
ആറ് ജീവനക്കാരിൽ ഒരാളായിരുന്നു ഈ പൈലറ്റ്. ഈ സംഭവത്തിന് ശേഷം വൈകാതെ തന്നെ അദ്ദേഹം വീണ്ടും സേവനത്തിൽ പ്രവേശിച്ചു.
തുടർന്ന് ഏപ്രിൽ മൂന്നിന് ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ അദ്ദേഹം പറത്തിയ യുദ്ധവിമാനം വീണ്ടും തകരുകയായിരുന്നു. രണ്ടാമതും വിമാനത്തിൽ നിന്ന് പുറത്തേക്ക് ഇജക്ട് ചെയ്ത് ചാടാൻ പൈലറ്റിന് നിർബന്ധിതനാകേണ്ടി വന്നു.
രണ്ടാമത്തെ അപകടത്തിൽ പൈലറ്റിന് ഗുരുതരമായി പരിക്കേറ്റെങ്കിലും മണിക്കൂറുകൾക്കുള്ളിൽ അമേരിക്കൻ രക്ഷാസേന അദ്ദേഹത്തെ കണ്ടെത്തി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. എന്നാൽ വിമാനത്തിലുണ്ടായിരുന്ന രണ്ടാമത്തെ ജീവനക്കാരനായ വെപ്പൺസ് സിസ്റ്റം ഓഫീസറുടെ പാരച്യൂട്ട് തകരാറിലായതിനെ തുടർന്ന് പരിക്കേൽക്കുകയും ശത്രുക്കളുടെ കണ്ണിൽപ്പെടാതെ രണ്ടു ദിവസത്തോളം ഒളിച്ചിരിക്കേണ്ടി വരികയും ചെയ്തു.
പിന്നീട് അതിസങ്കീർണ്ണമായ സൈനിക രക്ഷാപ്രവർത്തനത്തിലൂടെയാണ് അമേരിക്കൻ സേന അദ്ദേഹത്തെയും സുരക്ഷിതമായി തിരിച്ചെത്തിച്ചത്. ഒരേ പൈലറ്റ് ചുരുങ്ങിയ കാലയളവിൽ രണ്ട് തവണ യുദ്ധമുഖത്ത് വെടിവെച്ചിടപ്പെടുന്നത് സൈനിക ചരിത്രത്തിൽ അതീവ അപൂർവ്വമായാണ് വിലയിരുത്തപ്പെടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

