കൊച്ചി: ചേരാനല്ലൂരിൽ തട്ടുകട ഉടമയുടെ ദാരുണ മരണത്തിന് ഇടയാക്കിയ കാറോടിച്ച പതിനേഴുകാരന്റെ പിതാവായ അഡീഷനൽ ജഡ്ജിക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് മരിച്ച ജയബാലകൃഷ്ണന്റെ മകൾ രംഗത്ത്.
അപകടം നടന്ന ദിവസം വാഹനാുടമ കൂടിയായ ജഡ്ജി സംഭവസ്ഥലത്തു നടത്തിയ ഇടപെടലുകളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മകൾ ഭദ്രകീർത്തി ചേരാനല്ലൂർ എസ്.എച്ച്.ഒയ്ക്ക് ഔദ്യോഗികമായി പരാതി നൽകി. ജഡ്ജി കൃത്യസ്ഥലത്തെ തെളിവുകൾ ബോധപൂർവ്വം നശിപ്പിക്കാൻ ശ്രമിച്ചുവെന്നും ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് അന്വേഷണം വഴിതെറ്റിക്കാൻ ഇടപെട്ടുവെന്നും പരാതിയിൽ ഗൗരവകരമായ ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്.
കുറ്റകൃത്യത്തിന് ശേഷം തെളിവുനശിപ്പിച്ചതിനും നിയമത്തിന്റെ മുന്നിൽ നിന്ന് പ്രതിയെ രക്ഷപ്പെടാൻ സഹായിച്ചതിനും ജഡ്ജിക്കെതിരെ കർശന വകുപ്പുകൾ ചുമത്തി കേസെടുക്കണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു. പുലർച്ചെ 2.14-ന് നടന്ന അപകടത്തിന് ശേഷം വെറും 20 മിനിറ്റിനുള്ളിൽ സ്ഥലത്തെത്തിയ ജഡ്ജി, മൂന്ന് മണിക്കൂറോളമാണ് അവിടെ ചെലവഴിച്ചത്.
ഈ നീക്കം അതീവ ഗൗരവത്തോടെ അന്വേഷിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. അപകടത്തിന് ഇടയാക്കിയ കാറിലുണ്ടായിരുന്ന ഔദ്യോഗിക ബോർഡ് ഈ സമയത്ത് അഴിച്ചുമാറ്റിയതായും പരാതിയിലുണ്ട്.
തുടർന്ന് ചട്ടവിരുദ്ധമായി പൊലീസ് സ്റ്റേഷനിലെത്തിയ ജഡ്ജി, പൊലീസിന്റെ സ്വതന്ത്രമായ അന്വേഷണ നടപടികളിൽ ഇടപെടൽ നടത്തിയെന്നും ആരോപിക്കപ്പെടുന്നു. ഈ സാഹചര്യത്തിൽ സംഭവത്തിലെ തെളിവുകൾ പൂർണ്ണമായോ ഭാഗികമായോ നശിപ്പിക്കപ്പെട്ടിട്ടുണ്ടാകാനുള്ള സാധ്യതയും, സ്വാധീനം ചെലുത്തി അന്വേഷണം അട്ടിമറിക്കപ്പെടാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
അപകടത്തിന് പിന്നാലെ വാഹനം കഴുകി വൃത്തിയാക്കിയിട്ടുണ്ടോ എന്ന കാര്യവും, ജഡ്ജി പൊലീസിനോ മറ്റ് ഉയർന്ന അധികാരികൾക്കോ ഏതെങ്കിലും തരത്തിലുള്ള തെറ്റായ വിവരങ്ങൾ നൽകിയിട്ടുണ്ടോ എന്നതും സമഗ്രമായ അന്വേഷണത്തിന് വിധേയമാക്കണമെന്ന് പരാതിയിൽ കൂട്ടിച്ചേർത്തിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

