കൊച്ചി: സുഹൃത്തുക്കളുടെ അശ്ലീലദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന കേസിൽ നിഹാദ് എന്ന യൂട്യൂബർ ‘തൊപ്പി’ക്കെതിരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. തൊപ്പിക്കെതിരെ ചുമത്തിയ കുറ്റങ്ങൾ നിലനിൽക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
ഇൻഫർമേഷൻ ടെക്നോളജി (ഐ.ടി) നിയമത്തിലെ വിവിധ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എറണാകുളം സി.ജെ.എം കോടതിയിൽ റൂറൽ സൈബർ പൊലീസാണ് കുറ്റപത്രം സമർപ്പിച്ചത്.
എന്നാൽ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ തന്നെ ചതിച്ചതാണെന്നാണ് ഈ വിഷയത്തിൽ തൊപ്പിയുടെ പ്രതികരണം. തർക്കങ്ങളെ തുടർന്നാണ് ദൃശ്യങ്ങൾ പ്രചരിപ്പിക്കപ്പെട്ടതെന്നും തൊപ്പി വ്യക്തമാക്കി.
ഗെയിമിങ് ലൈവ് സ്ട്രീമിങ്ങിലൂടെയാണ് തൊപ്പിയും സംഘവും പ്രായപൂർത്തിയാവാത്ത കുട്ടികൾ ഉൾപ്പെടെയുള്ള വലിയൊരു വിഭാഗം ആളുകൾക്കിടയിൽ സ്വാധീനം നേടിയത്. ഇവരുടെ തുടക്കം മുതലുള്ള ഭാഷാപ്രയോഗങ്ങളും ശൈലിയും കടുത്ത വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നെങ്കിലും, സമൂഹമാധ്യമങ്ങളിൽ വലിയൊരു വിഭാഗം പ്രേക്ഷകരെ ആകർഷിക്കാൻ ഇവർക്ക് കഴിഞ്ഞിരുന്നു.
പിന്നീട് സുഹൃത്തുക്കൾ തമ്മിലുണ്ടായ പരസ്യപ്പോരാണ് ഒടുവിൽ യൂട്യൂബ് ചാനൽ നീക്കം ചെയ്യുന്നതിലേക്ക് കാര്യങ്ങൾ എത്തിച്ചത്. യൂട്യൂബ്, ഗെയിമിങ് വരുമാനം പങ്കുവെക്കുന്നതിലെ തർക്കങ്ങളാണ് മുൻപ് കൂട്ടുകാരായിരുന്നവർ തമ്മിലുള്ള പരസ്യ ഏറ്റുമുട്ടലിലേക്ക് നയിച്ചതെന്നാണ് വിവരം.
അതേസമയം, സ്ത്രീത്വത്തെ അപമാനിച്ചെന്ന മറ്റൊരു പരാതിയിൽ യൂട്യൂബർ തൊപ്പിയുടെ കൂട്ടാളിയായിരുന്ന മുഹമ്മദ് മമ്മു (മമ്മു) നേരത്തെ പിടിയിലായിരുന്നു. മഞ്ചേരി സ്വദേശിനിയുടെ പരാതിയിലാണ് ഈ അറസ്റ്റ് രേഖപ്പെടുത്തിയത്.
ആ കേസിലും തൊപ്പി പ്രതിയാണ്. Mrz Shameer എന്ന യൂട്യൂബ് ചാനലിൽ ജൂൺ 10-ാം തീയതി രാത്രി നടത്തിയ ലൈവ് സ്ട്രീമിംഗിനിടെ ചാനൽ ഉടമയായ ഷമീർ, ജാസി, മമ്മു എന്നിവർ ചേർന്ന് കടുത്ത അശ്ലീലവും ലൈംഗിക ചുവയുള്ളതുമായ പരാമർശങ്ങൾ നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഈ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
തൊപ്പിയുമായി തെറ്റിപ്പിരിഞ്ഞതിന് പിന്നാലെയായിരുന്നു മമ്മുവിന്റെ ഈ ലൈവ് സ്ട്രീമിങ്. ഈ കേസിലെ ഒന്നാം പ്രതിയായ ‘തൊപ്പി’ മുൻപ് പരാതിക്കാരിയായ മഞ്ചേരി സ്വദേശിനിക്കെതിരെ നടത്തിയ അശ്ലീല പരാമർശങ്ങൾ അടങ്ങിയ വീഡിയോ ദൃശ്യങ്ങളും ഓഡിയോയും ഉൾപ്പെടുത്തിയായിരുന്നു ലൈവ് സ്ട്രീമിംഗ് നടത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

