കേരളത്തിന്റെ 70–ാം പിറന്നാൾ ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങുകളിൽ സാധാരണ ജനങ്ങൾക്ക് പ്രവേശനം നിഷേധിക്കപ്പെട്ടതായി ആക്ഷേപം. സംസ്ഥാന സർക്കാരിന്റെ ആഭിമുഖ്യത്തിൽ നിശാഗന്ധിയിൽ സംഘടിപ്പിച്ച ‘ഫെസ്റ്റിവൽ ഓഫ് കേരളം’ പരിപാടിയുടെ ഉദ്ഘാടനച്ചടങ്ങിലേക്ക് കർശനമായ പാസ് ഏർപ്പെടുത്തിയതാണ് പൊതുജനങ്ങൾക്ക് തിരിച്ചടിയായത്.
മലയാള സംഗീതത്തിന്റെ 7 പതിറ്റാണ്ടുകൾ നീണ്ട പരിണാമ യാത്രയും പ്രത്യേക ഗാനാഞ്ജലി പരിപാടിയും അടങ്ങിയതായിരുന്നു ഈ സാംസ്കാരിക സന്ധ്യ.
പാസ് കൈവശമില്ലാത്ത ആരെയും വേദിക്ക് ഉള്ളിലേക്ക് പ്രവേശിപ്പിക്കേണ്ടതില്ലെന്ന കർശന നിലപാടിലായിരുന്നു സംഘാടകർ. ഇതുമൂലം കുടുംബസമേതം വേദിയിലെത്തിയ നിരവധി പേർക്ക് പരിപാടി കാണാനാകാതെ മടങ്ങേണ്ടി വന്നു.
പ്രവേശനം നിയന്ത്രിക്കുന്നതിനായി സ്വകാര്യ സെക്യൂരിറ്റി ജീവനക്കാരെയും ബൗൺസർമാരെയും വിന്യസിച്ചിരുന്നു. എന്നാൽ പൊലീസിന്റെ സാന്നിധ്യം ഇവിടെ നാമമാത്രമായിരുന്നു.
ഇതിനുപുറമെ ഓഡിറ്റോറിയത്തിന് ചുറ്റും ഇരുമ്പുവേലികളും തീർത്തിരുന്നു. സാധാരണയായി സർക്കാർ ഔദ്യോഗികമായി സംഘടിപ്പിക്കുന്ന പരിപാടികളിൽ വിശിഷ്ടാതിഥികൾക്കായി മുൻനിര സീറ്റുകൾ സംവരണം ചെയ്ത ശേഷം ശേഷിക്കുന്ന ഇടങ്ങൾ പൊതുജനങ്ങൾക്കായി അനുവദിക്കുന്നതാണ് പതിവ്.
എന്നാൽ ഇത്തവണ ഈ പതിവ് തെറ്റിക്കപ്പെട്ടതായി പരാതിയുണ്ട്. പരിപാടിക്കായി അച്ചടിച്ച പാസുകൾ മുഴുവൻ സ്പോൺസർമാർക്ക് കൂട്ടത്തോടെ നൽകിയതായും ആക്ഷേപം ഉയരുന്നുണ്ട്.
ഉദ്ഘാടനച്ചടങ്ങ് അവസാനിക്കുംവരെ സദസ്സിലെ പിൻനിര സീറ്റുകളിൽ ഭൂരിഭാഗവും ഒഴിഞ്ഞുകിടക്കുന്ന കാഴ്ചയാണുണ്ടായത്. സൗജന്യ പാസുകൾ വിതരണം ചെയ്യാൻ സംവിധാനം ഒരുക്കിയിരുന്നെന്ന് അധികൃതർ അവകാശപ്പെടുന്നുണ്ടെങ്കിലും യഥാർത്ഥ ജനങ്ങൾക്ക് ഇത് ലഭിച്ചില്ല.
ഉദ്ഘാടനച്ചടങ്ങിന് തൊട്ടുപിന്നാലെ പെയ്ത കനത്ത മഴയെത്തുടർന്ന് സദസ്സിൽ നിന്നും ആളുകൾ പിരിഞ്ഞുപോയ ശേഷമാണ് കാത്തുനിന്ന ചിലരെ അകത്തേക്ക് പ്രവേശിപ്പിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

