അമേരിക്കൻ രാഷ്ട്രീയ ഭാവി നിർണയിക്കുന്ന നിർണായക ഇടക്കാല തെരഞ്ഞെടുപ്പിന് കളമൊരുങ്ങി. അമേരിക്കൻ പാർലമെൻ്റായ കോൺഗ്രസിലെ ജനപ്രതിനിധി സഭയിലേക്കും സെനറ്റിലേക്കും ഉള്ള അംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് നവംബർ മൂന്നിന് നടക്കും.
ഭരണകക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത വെല്ലുവിളി ഉയർത്തിയാണ് രാജ്യത്ത് ജനങ്ങൾ വിധിയെഴുതാൻ ഒരുങ്ങുന്നത്. ഇതിനോടകം തന്നെ അഞ്ച് കോടിയിലധികം വോട്ടർമാർ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചുകഴിഞ്ഞു.
435 അംഗ ജനപ്രതിനിധി സഭയുടെയും സെനറ്റിന്റെയും നിയന്ത്രണം ആരുടെ കൈയിലാകുമെന്നാണ് ആഗോളതലത്തിൽ ഉറ്റുനോക്കുന്നത്. നിലവിൽ 218-214 എന്ന നേരിയ ഭൂരിപക്ഷമാണ് ജനപ്രതിനിധി സഭയിൽ റിപ്പബ്ലിക്കൻമാർക്കുള്ളത്.
എന്നാൽ സഭ പിടിച്ചെടുക്കാൻ ഡെമോക്രാറ്റുകൾക്ക് വെറും നാല് സീറ്റുകളുടെ മാത്രം നേട്ടം മതിയാകും. അതേസമയം, സെനറ്റിൽ കടുത്ത പോരാട്ടമാണ് നടക്കുന്നത്.
നിലവിൽ 53 സീറ്റുകൾ റിപ്പബ്ലിക്കൻ പാർട്ടിയുടെ പക്കലുള്ളപ്പോൾ ഡെമോക്രാറ്റുകൾക്ക് 47 സീറ്റുകളാണുള്ളത്. വിലക്കയറ്റം അടക്കമുള്ള ആഭ്യന്തര വിഷയങ്ങൾ ഭരണകക്ഷിക്ക് തിരിച്ചടിയായേക്കാമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
സെപ്റ്റംബറിലെ റോയിട്ടേഴ്സ്/ഇപ്സോസ് പോൾ പ്രകാരം പ്രസിഡൻ്റിൻ്റെ ജനപ്രീതി 32% ആയി കുറഞ്ഞിരുന്നു. എങ്കിലും പ്രചാരണ രംഗത്ത് വൻ ഫണ്ടാണ് റിപ്പബ്ലിക്കൻ പാർട്ടിക്ക് ലഭിക്കുന്നത്.
പ്രമുഖ വ്യവസായിയായ എലോൺ മസ്ക് മാത്രം റിപ്പബ്ലിക്കൻമാരെ പിന്തുണയ്ക്കാനായി 442 മില്യൺ ഡോളർ ചെലവഴിച്ചതായാണ് പുറത്തുവരുന്ന വിവരങ്ങൾ. അവസാന മണിക്കൂറുകളിലെ പ്രചാരണം കൊഴുപ്പിക്കാൻ പ്രമുഖ നേതാക്കളെല്ലാം രംഗത്തുണ്ട്.
ഡെമോക്രാറ്റിക് പാർട്ടിക്കായി മുൻ പ്രസിഡൻ്റ് ബരാക് ഒബാമ പ്രചാരണത്തിന് നേതൃത്വം നൽകുമ്പോൾ, റിപ്പബ്ലിക്കൻ പാർട്ടിക്ക് വേണ്ടി പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് നേരിട്ടാണ് റാലികളെ നയിക്കുന്നത്. കോൺഗ്രസ് തെരഞ്ഞെടുപ്പിന് പുറമെ 36 സംസ്ഥാനങ്ങളിൽ ഗവർണർ തെരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കുന്നുണ്ട്.
ഇതിൽ ഇന്ത്യൻ വംശജനും റിപ്പബ്ലിക്കൻ നേതാവുമായ വിവേക് രാമസ്വാമി ഒഹായോയിൽ മത്സരിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായ എമി ആക്ടണുമായാണ് അദ്ദേഹത്തിന്റെ മത്സരം.
ഇന്ത്യൻ സമയം ബുധനാഴ്ച രാവിലെ മുതൽ തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

