അനുദിനം വളർച്ച പ്രാചിക്കുന്ന സ്വർണപ്പണയ വായ്പാവിതരണ മേഖലയിലേക്ക് ടാറ്റ ഗ്രൂപ്പിന് പിന്നാലെ പ്രമുഖ കോർപറേറ്റ് സ്ഥാപനമായ ആദിത്യ ബിർളയും ചുവടുവയ്ക്കുന്നു. ആദിത്യ ബിർള ക്യാപിറ്റൽ ആണ് ഗോൾഡ് ലോൺ വിതരണ രംഗത്തേക്ക് കടക്കുന്നത്.
അടുത്ത മൂന്നു വർഷത്തിനുള്ളിൽ രാജ്യത്തുടനീളം 1000 ശാഖകൾ ആരംഭിക്കാനാണ് കമ്പനിയുടെ പദ്ധതി. ഇറാൻ-യുഎസ് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന് പ്രിയം ഏറുകയും, ഇത് വലിയ വിലക്കുതിപ്പിലേക്ക് നയിക്കുകയും ചെയ്തിട്ടുണ്ട്.
ഈ സാഹചര്യം ഇന്ത്യയിൽ സ്വർണപ്പണയ വായ്പകൾക്കുള്ള ആവശ്യകത ഗണ്യമായി വർധിപ്പിച്ചു. സ്വർണവിലയിലെ ഈ കുതിപ്പ് വിപണിക്ക് നൽകുന്ന വലിയ വളർച്ചാസാധ്യതകൾ മുൻനിർത്തിയാണ് ആദിത്യ ബിർള ഗ്രൂപ്പിന്റെ പുതിയ കടന്നുവരവ്.
തൃശൂർ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന യോഗക്ഷേമ ലോൺസിനെ (യോഗലോൺ) ഏറ്റെടുത്തുകൊണ്ട് ടാറ്റ ക്യാപിറ്റൽസ് ഗോൾഡ് ലോൺ വിപണിയിൽ ഇതിനോടകം സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള ഒരു ധനകാര്യ സ്ഥാപനത്തെ ടാറ്റ ക്യാപിറ്റൽ ഏറ്റെടുക്കുന്നത് ഇതാദ്യമായാണ്.
ഇതോടെ യോഗക്ഷേമം ലോൺസിന്റെ ശാഖകളും ടാറ്റ ക്യാപിറ്റലിന്റെ ഇന്ത്യയിലെ 27 സംസ്ഥാനങ്ങളിലായുള്ള 1477 ശാഖകളുടെ ഭാഗമായി മാറും. മറ്റൊരു പ്രമുഖ കോർപറേറ്റ് ഭീമനായ ഗോദ്റെജ് ഗ്രൂപ്പിന്റെ കീഴിലുള്ള ധനകാര്യ സ്ഥാപനമായ ഗോദ്റെജ് ക്യാപിറ്റലും സ്വർണപ്പണയ വിപണിയിൽ ചുവടുറപ്പിച്ചു കഴിഞ്ഞു.
ഗോദ്റെജ് ക്യാപിറ്റലിന്റെ ഉപസ്ഥാപനമായ ഗോദ്റെജ് ഫിനാൻസ്, കനകദുർഗ ഫിനാൻസ് എന്ന സ്വർണപ്പണയ കമ്പനിയെയാണ് ഏറ്റെടുത്തത്. കേരളത്തിൽ നിന്നുള്ള സ്ഥാപനങ്ങളായ മുത്തൂറ്റ് ഫിനാൻസും മണപ്പുറം ഫിനാൻസുമാണ് നിലവിൽ ഇന്ത്യയിലെ ഏറ്റവും വലിയ സ്വർണപ്പണയ വായ്പാക്കമ്പനികൾ.
ഈ രംഗത്തെ മറ്റ് എതിരാളികളെ അപേക്ഷിച്ച് ഈ രണ്ട് കേരളീയ കമ്പനികളും ഏറെ മുന്നിലാണ്. സ്വർണപ്പണയ മേഖലയെ മികച്ച വളർച്ചാസാധ്യതയുള്ള ബിസിനസ്സ് പ്ലാറ്റ്ഫോമായാണ് കോർപറേറ്റുകളും ആഗോള നിക്ഷേപ സ്ഥാപനങ്ങളും വിലയിരുത്തുന്നത്.
പോൾ മെർച്ചന്റ്സ്, ഇൻക്രെഡ് ഫിനാൻസ്, ട്രൂ ക്യാപ് ഫൈനാൻസ് എന്നിവയുടെ സ്വർണ വായ്പ ബിസിനസുകൾ എൽ ആൻഡ് ടി ഫിനാൻസ് ഏറ്റെടുത്തതും സമീപകാലത്താണ്. ഈ മേഖലയിലെ അതിവേഗ വളർച്ച കണക്കിലെടുത്ത്, പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ ബെയ്ൻ ക്യാപ്പിറ്റൽ മണപ്പുറം ഫിനാൻസിലെ തങ്ങളുടെ ഓഹരി പങ്കാളിത്തം 41.7 ശതമാനമായി ഉയർത്തിയിരുന്നു.
നിലവിലുള്ള പല പ്രമുഖ കമ്പനികളും തങ്ങളുടെ സ്വർണ വായ്പ ബിസിനസ് വലിയ തോതിൽ വിപുലപ്പെടുത്തുന്നതിനായുള്ള പ്രവർത്തനങ്ങളിലാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

