കേരളത്തിന്റെ വികസന രംഗത്ത് വലിയ മാറ്റങ്ങൾ അനിവാര്യമാണെന്ന് വ്യവസായമന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. കൊച്ചിയിൽ നടന്ന കോൺക്ലേവിലെ ‘കേരളം വളരാനുള്ള വഴികൾ’ എന്ന സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ പദ്ധതികളും ഇവിടെ നടപ്പിലാക്കാൻ സാധിക്കില്ലെന്ന ചിന്ത മാറേണ്ടതുണ്ടെന്നും സർക്കാർ പുതിയ പരിഷ്കാരങ്ങൾ നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇടതുപക്ഷത്തിന്റെ പേരിലുള്ള നെഗറ്റീവിസം കേരളത്തിന്റെ വികസനത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്നും അല്ലെങ്കിൽ സംസ്ഥാനം ഇതിലും എത്രയോ മുൻപോട്ടുപോകുമായിരുന്നുവെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
പദ്ധതികൾ നടപ്പിലാക്കാൻ ഉദ്യോഗസ്ഥർക്ക് പല കാര്യങ്ങളിലും അകാരണമായ ഭയമുണ്ട്. ഈ അവസ്ഥ മാറേണ്ടതുണ്ട്.
വ്യവസായ രംഗത്ത് മുൻപ് മാറ്റങ്ങൾ കൊണ്ടുവരാൻ ശ്രമിച്ചപ്പോൾ വലിയ എതിർപ്പുകൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് വ്യക്തമാക്കിയ അദ്ദേഹം, പുതുതലമുറയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള പുതിയ നയങ്ങൾ സർക്കാർ കൊണ്ടുത്തരുമെന്നും വ്യക്തമാക്കി. വിഴിഞ്ഞം പോലുള്ള പദ്ധതികൾ വരുന്നതോടെ സംസ്ഥാനത്ത് അവസരങ്ങൾ വർധിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
കേരളം വളരെ മികച്ച ഒരു പ്രദേശമാണെന്ന് ലോകത്തിന് അറിയാമെങ്കിലും അതിനനുസരിച്ചുള്ള ഉൽപ്പാദനപരമായ കാര്യങ്ങൾ ഇവിടെ ഉണ്ടാകേണ്ടതുണ്ട്. മുൻകാലങ്ങളെ അപേക്ഷിച്ച് സമൂഹത്തിന്റെ കാഴ്ചപ്പാടുകളിൽ മാറ്റം വന്നിട്ടുണ്ടെന്നും സ്വകാര്യ സർവ്വകലാശാലകൾ വരുന്നതിനെ ആർക്കും തടയാനാകില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ഈ മാറ്റങ്ങളുടെ ഗുണം സാധാരണ ജനങ്ങളിലേക്കും എത്തേണ്ടതുണ്ട്. അടുത്ത പത്ത് വർഷത്തിനുള്ളിൽ ഈ ലക്ഷ്യം കൈവരിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമായി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചടപ്പിൽ ചോയ്സ് ഗ്രൂപ്പ് സിഎംഡി ജോസ് തോമസ്, കെസിഎ സിഇഒ മിനു ചിദംബരം, ജെയിൻ യൂനിവേഴ്സിറ്റി ഡയറക്ടർ ടോം എം. ജോസഫ് എന്നിവരും സംവാദത്തിൽ പങ്കെടുത്തു.
മികച്ച വിദ്യാഭ്യാസവും തൊഴിലവസരങ്ങളും ലഭിച്ചാൽ വിദേശത്തുനിന്നും ചെറുപ്പക്കാർ കേരളത്തിലേക്ക് മടങ്ങിവരുമെന്ന് ജോസ് തോമസ് അഭിപ്രായപ്പെട്ടു. എന്നാൽ നിലവിൽ സർക്കാർ തലത്തിലുള്ള അനുമതികൾ ലഭിക്കാൻ വലിയ താമസം നേരിടുന്നുണ്ടെന്നും വ്യവസായികൾ നേരിടുന്ന യഥാർത്ഥ പ്രതിസന്ധികൾ എന്താണെന്ന് സർക്കാർ നേരിട്ട് ചോദിച്ചറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കായിക മേഖലയിലും അതിനോടനുബന്ധിച്ചുള്ള വിവിധ തൊഴിൽ മേഖലകളിലും നിരവധി അവസരങ്ങളുണ്ടെന്നും എന്നാൽ പല യുവജനങ്ങൾക്കും ഇതിനെക്കുറിച്ച് കൃത്യമായ ബോധവൽക്കരണം ലഭിക്കുന്നില്ലെന്ന് മിനു ചിദംബരം പറഞ്ഞു. ജീവിത നിലവാരവും വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരവും ഉയർത്തിയാൽ കേരളം കൂടുതൽ ആകർഷകമായി മാറുമെന്നും അവർ വ്യക്തമാക്കി.
യുവജനങ്ങൾ കേരളം വിട്ടുപോകുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ നടക്കുമ്പോൾ, തിരിച്ചുവരുന്നതിനെക്കുറിച്ച് ആരും ചർച്ച ചെയ്യുന്നില്ലെന്ന് ടോം എം. ജോസഫ് ചൂണ്ടിക്കാട്ടി.
കേരളത്തിൽ ലഭ്യമാകുന്ന സ്വാതന്ത്ര്യം മറ്റെവിടെയും ലഭിക്കില്ലെന്നും കേരളത്തിൽ ബിസിനസ് വിജയകരമായി ചെയ്യാൻ സാധിക്കുന്നവർക്ക് ലോകത്ത് എവിടെയും ആത്മവിശ്വാസത്തോടെ പ്രവർത്തിക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

