യുവത്വത്തിന്റെ സ്വപ്നങ്ങൾക്കും പ്രതീക്ഷകൾക്കും ഒപ്പം സംഘടന എക്കാലവും നിലകൊള്ളുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന അധ്യക്ഷ ചിന്ത ജെറോം വ്യക്തമാക്കി. കേരള സർക്കാർ യുവജനവിരുദ്ധ നയങ്ങളുമായി മുന്നോട്ടുപോവുകയാണെങ്കിൽ അതിനെതിരെ ശക്തമായ സമരമുഖം തുറക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി.
ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന ‘ഹൃദയപൂർവ്വം’ പോലുള്ള മാനവിക ജീവകാരുണ്യ പദ്ധതികളെപ്പോലും അട്ടിമറിക്കാൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും എന്നാൽ ഇത്തരം വെല്ലുവിളികളെ അവഗണിച്ച് ജനകീയ പ്രവർത്തനങ്ങളുമായി സംഘടന മുന്നോട്ടുപോകുമെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. സംഘടനയുടെ പുതിയ നേതൃത്വ മാറ്റങ്ങളും നിലപാടുകളും സംബന്ധിച്ചും നേതാക്കൾ പ്രതികരിച്ചു.
വി.കെ. നിഷാദ് ജനാധിപത്യപരമായ രീതിയിൽ സമരം നയിച്ച് പരിചയമുള്ള വ്യക്തിയാണെന്ന് ചിന്ത ജെറോം വ്യക്തമാക്കി.
വി.കെ. നിഷാദിനെ സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്തിയത് സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അവർ.
ഇതുമായി ബന്ധപ്പെട്ട കേസ് നിലവിൽ ഹൈക്കോടതിയുടെ പരിഗണനയിലാണെന്ന് നേതാക്കൾ വ്യക്തമാക്കി.
മുൻകാലങ്ങളിൽ വലതുപക്ഷ ഭരണകാലയളവിൽ ഡിവൈഎഫ്ഐ നേതാക്കളെ കള്ളക്കേസുകളിൽ കുടുക്കാൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടന്നിട്ടുണ്ടെന്നും, ഈ വിഷയത്തിലെ യാഥാർത്ഥ്യം വൈകാതെ പുറത്തുവരുമെന്നും നേതാക്കൾ ചൂണ്ടിക്കാണിച്ചു. ഒരു സഖാവ് എന്ന നിലയിൽ അദ്ദേഹം സംഘടനയ്ക്കായി നടത്തിയ പ്രവർത്തനങ്ങളെ പൂർണ്ണമായി മാനിച്ചാണ് സെക്രട്ടറിയേറ്റിൽ അംഗത്വം നൽകിയിട്ടുള്ളത്.
വരാനിരിക്കുന്ന കാലത്ത് യുവജന സംഘടന ഏറ്റെടുക്കേണ്ട ചുമതലകളും സമരപരിപാടികളും കൂടുതൽ വേഗത്തിലാക്കുമെന്ന് നേതൃത്വം അറിയിച്ചു.
സമൂഹത്തിൽ വർദ്ധിച്ചുവരുന്ന വലതുപക്ഷവൽക്കരണ പ്രവണതകൾക്കെതിരെയുള്ള പോരാട്ടങ്ങളിൽ ഡിവൈഎഫ്ഐ മുൻനിരയിൽത്തന്നെ ഉണ്ടാകും. തൊഴിൽ നിഷേധങ്ങൾക്കും തൊഴിൽ മേഖലയിൽ നടക്കുന്ന ചൂഷണങ്ങൾക്കുമെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുമെന്നും ഇതിനായി നൂതനമായ സമരരീതികൾ ആവിഷ്കരിച്ച് നടപ്പാക്കുമെന്നും നേതാക്കൾ വ്യക്തമാക്കി.
കേരള സർക്കാരിന്റെ സമീപനങ്ങളും നയങ്ങളും ഏത് ദിശയിലേക്കാണ് പോകുന്നതെന്ന് ഇതിനോടകം തന്നെ വ്യക്തമായിട്ടുണ്ടെന്നും, തെറ്റായ നയങ്ങൾക്കെതിരെ ശക്തമായ ജനകീയ പ്രതിരോധം തീർക്കുമെന്നും നേതാക്കൾ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

