ഓൺലൈൻ മാധ്യമങ്ങളിലൂടെ തന്നെ അപമാനിച്ചുവെന്നാരോപിച്ച് നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ തുടർനടപടികൾ സ്വീകരിക്കുന്നു. ഇതിന്റെ ഭാഗമായി നടി ലക്ഷ്മി പ്രിയ, ശ്വേതാ മേനോൻ എന്നിവർക്കെതിരെ കേസെടുക്കാത്ത സാഹചര്യത്തിൽ അൻസിബ കോടതിയെ സമീപിച്ചു.
നേരത്തെ, ഇവർക്കെതിരെ പരാതി നൽകിയിരുന്നെങ്കിലും പാലാരിവട്ടം പോലീസ് കേസെടുക്കാൻ തയ്യാറായിരുന്നില്ല. ഇതിനിടെ, നടൻ ടിനി ടോമിനെതിരെ കേസെടുക്കണമെന്ന അൻസിബയുടെ ആവശ്യത്തിൽ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി നിർണ്ണായക ഉത്തരവ് പുറപ്പെടുവിച്ചു.
ടിനി ടോമിനെതിരെ കേസെടുക്കാനാവില്ലെന്ന പോലീസിന്റെ റിപ്പോർട്ട് അപൂർണ്ണമാണെന്ന് വിലയിരുത്തിയ കോടതി, അൻസിബയ്ക്ക് എതിരായ ജിഹാദി പരാമർശം തമാശ മാത്രമാണെന്ന വാദവും തള്ളി. ബിഎൻഎസ് 173 (5) പ്രകാരം കേസ് എടുക്കാനാണ് കടവന്ത്ര പോലീസിന് കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്.
നടൻ ടിനി ടോമിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്നും, അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കൂടിയായിരുന്ന നടി നീന കുറുപ്പിന്റെ മൊഴികൾ കേസിൽ നിർണ്ണായകമാണെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു. സ്ത്രീത്വത്തെ അപമാനിച്ചതടക്കമുള്ള വിഷയങ്ങളിൽ വിശദമായ അന്വേഷണം നടത്തണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
നേരത്തെ, അൻസിബയുടെ മൊഴി ‘ഹിയർ സേ’ മാത്രമാണെന്നും പരാതിയിൽ കഴമ്പില്ലെന്നും ചൂണ്ടിക്കാട്ടി പോലീസ് കേസ് എടുക്കാൻ വിസമ്മതിച്ചിരുന്നു. ഈ നിലപാട് തള്ളിക്കൊണ്ടാണ് എറണാകുളം ജില്ലാ അഡീഷണൽ സെഷൻസ് 8-ാം നമ്പർ കോടതിയുടെ ഇടപെടൽ.
താരസംഘടനയായ അമ്മയിലെ ആഭ്യന്തര തർക്കങ്ങളുമായി ബന്ധപ്പെട്ടാണ് ഈ വിഷയങ്ങൾ പൊതുസമൂഹത്തിൽ ചർച്ചയായത്. തനിക്കെതിരെ തുടർച്ചയായി സൈബർ അധിക്ഷേപങ്ങളും വർഗീയ പരാമർശങ്ങളും നടത്തുന്നുണ്ടെന്നും, തന്റെ കുടുംബത്തെ തേജോവധം ചെയ്യാൻ ശ്രമിക്കുന്നതായും അൻസിബ പരാതിയിൽ ഉന്നയിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

