കോഴിക്കോട് ∙ 39 വർഷം മുൻപ് രണ്ടു പേരെ കൊന്നതായി പ്രതി തന്നെ സ്റ്റേഷനിൽ എത്തി വെളിപ്പെടുത്തിയ സംഭവത്തിൽ വഴിത്തിരിവ്. 1986 ൽ കൂടരഞ്ഞിയിൽ കൊല്ലപ്പെട്ടത് കണ്ണൂർ ഇരിട്ടി സ്വദേശി മോഹനൻ ആണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു.
ഏകദേശം നാലു പതിറ്റാണ്ടോളം മനസ്സിൽ സൂക്ഷിച്ച കൊലപാതക വിവരങ്ങൾ 2025 ജൂൺ അഞ്ചിന് ആണ് വേങ്ങര പൊലീസ് സ്റ്റേഷനിൽ എത്തി നിലവിൽ മലപ്പുറത്ത് താമസിക്കുന്ന മുഹമ്മദലി എന്ന ആന്റണി (54) വെളിപ്പെടുത്തിയത്. മാനസികാസ്വാസ്ഥ്യം കാരണം പ്രതി എന്തെങ്കിലും വിളിച്ചു പറയുന്നതാകും എന്നു ബന്ധുക്കൾ പറഞ്ഞെങ്കിലും പത്ര വാർത്തകളിൽ ലഭിച്ച സൂചനകളാണ് ഗൗരവമുള്ള അന്വേഷണത്തിന് പൊലീസിനെ പ്രേരിപ്പിച്ചത്.
What you should read next
∙ ‘മരണത്തിനു പിന്നിൽ രോഗബാധയെന്നു കരുതി’
വേങ്ങര പൊലീസ് പ്രതിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം കേസിന്റെ എഫ്ഐആർ തുടരന്വേഷണത്തിനായി സംഭവം നടന്നതായി പറയുന്ന കൂടരഞ്ഞിയിലെ തിരുവമ്പാടി പൊലീസിന് കൈമാറുകയായിരുന്നു. കൊലപാതകം നടന്ന സ്ഥലവും തീയതിയുമെല്ലാം പത്ര വാർത്തകളിലൂടെ കണ്ടെത്തിയെങ്കിലും മരിച്ചത് ആരാണെന്നത് തിരിച്ചറിയാൻ പൊലീസിന് ആയിരുന്നില്ല.
പ്രതിയുടെ വെളിപ്പെടുത്തൽ പ്രകാരം പൊലീസ് കഴിഞ്ഞ ഒരു വർഷമായി കൊല്ലപ്പെട്ടയാളുടെ വിവരങ്ങൾ തേടി അന്വേഷണം നടത്തി വരികയായിരുന്നു. ഈ അന്വേഷണത്തിന് ഒടുവിലാണ് കൊലപാതകം വാസ്തവമായിരുന്നുവെന്നും കൊല്ലപ്പെട്ടത് ഇരിട്ടി സ്വദേശിയാണെന്നും തിരുവമ്പാടി പൊലീസ് കണ്ടെത്തിയത്.
കൊല്ലപ്പെട്ട മോഹനന്റെ സഹോദരിയാണ് മരിച്ചത് തന്റെ സഹോദരൻ തന്നെയാണെന്നത് പൊലീസിനോട് തുടരന്വേഷണ വേളയിൽ സ്ഥിരീകരിച്ചത്.
തുടർന്ന് മോഹനന്റെ മറ്റൊരു സഹോദരനും കൂടി ഇത് സ്ഥിരീകരിച്ചതോടെയാണ് വർഷങ്ങൾ നീണ്ട ദുരൂഹതയുടെ ചുരുളഴിഞ്ഞത്.
മുഹമ്മദലിയുടെ കുറ്റസമ്മതം സംബന്ധിച്ച വാർത്തകൾ അറിഞ്ഞതോടെ അത് സഹോദരന്റെ മരണം തന്നെയാണോ എന്ന സംശയത്തിൽ ഇവർ പൊലീസുമായി ബന്ധപ്പെടുകയായിരുന്നു. തുടർന്ന് പഴയ രേഖകളും ബന്ധുക്കൾ നൽകിയ വിവരങ്ങളും ഒത്തുനോക്കിയാണ് മരിച്ചത് മോഹനൻ തന്നെയാണെന്നത് തിരിച്ചറിഞ്ഞതെന്ന് തിരുവമ്പാടി പൊലീസ് ഇൻസ്പെക്ടർ കെ.പ്രശാന്ത് പറഞ്ഞു.
What you should read next
മോഹനൻ കോട്ടയത്തേക്ക് ജോലി തേടി പോയി എന്നായിരുന്നു അക്കാലത്ത് വീട്ടുകാരുടെ ധാരണ. എന്നാൽ പിന്നീട് ഒരിക്കൽ മോഹനൻ വീട്ടുകാർക്ക് അയച്ച കത്ത് കൂടരഞ്ഞി തപാൽ ഓഫിസിൽ നിന്നാണ് അയച്ചതെന്നു കണ്ടെത്തിയതാണ് മരിച്ചത് മോഹനൻ ആയിരിക്കുമോ എന്ന സംശയം ബന്ധുക്കൾക്ക് തോന്നാൻ ഇടയാക്കിയത്.
തുടരന്വേഷണത്തിന്റെ ഭാഗമായി ബന്ധുക്കൾ നൽകിയ ചിത്രങ്ങൾ മുഹമ്മദലിയെയും കാണിച്ച് സ്ഥിരീകരിച്ചു. മരണത്തിന് പതിറ്റാണ്ടുകൾ പിന്നിട്ടതിനാൽ മൃതദേഹ അവശേഷിപ്പുകൾ കണ്ടെത്തി ഡിഎൻഎ പരിശോധനയ്ക്ക് സാധ്യമല്ലാത്ത സ്ഥിതിയാണെന്നു അന്വേഷണ സംഘം പറയുന്നു.
∙ രേഖാചിത്രം വരെ തയാറാക്കി അന്വേഷണം മുഹമ്മദലി (Manorama Creative) മലപ്പുറം വേങ്ങര ചേറൂർ കിളിനക്കോട് പള്ളിക്കൽ ബസാറിൽ താമസിക്കുന്ന തായ്പറമ്പിൽ മുഹമ്മദലിയാണ് പതിനാലാം വയസ്സിൽ താൻ കാരണം ഒരാൾക്ക് ജീവൻ നഷ്ടമായെന്ന വെളിപ്പെടുത്തലുമായി 2025 ൽ വേങ്ങര സ്റ്റേഷനിൽ ഹാജരായി വെളിപ്പെടുത്തുകയും കീഴടങ്ങുകയും ചെയ്തത്. ഇക്കാര്യം ഉറപ്പിച്ചു പറഞ്ഞതോടെ പ്രതി നൽകിയ വിവരങ്ങൾ വച്ച്് രേഖാചിത്രം പൂർത്തിയാക്കി പൊലീസ് അന്വേഷണം തുടങ്ങുകയായിരുന്നു.
രേഖാചിത്രത്തിന് കൊല്ലപ്പെട്ട ആളുമായി എൺപതു ശതമാനത്തോളം സാമ്യമുണ്ടെന്ന് മരണപ്പെട്ടയാളെ മുൻപ് ജോലിക്കു നിർത്തിയിരുന്ന ജോസഫിന്റെ മകൻ ദേവസ്യ എന്നയാൾ സ്ഥിരീകരിച്ചതും അന്വേഷണത്തിൽ നിർണായകമായി.
ഇരിട്ടിയിലെ ചെറുപ്പക്കാരാണ് ഇയാളെ ജോലിക്കായി കൊണ്ടുവന്നതെന്നും ദേവസ്യ വെളിപ്പെടുത്തിയിരുന്നു. ജോലിയിൽ കയറി ചുരുക്കം ദിവസങ്ങൾ മാത്രം കഴിയുന്നതിനിടെ മരണം സംഭവിച്ചതിനാലാണ് മരണപ്പെട്ടയാളുടെ കൂടുതൽ വിവരങ്ങൾ അന്ന് അറിയാതെ പോയത്.
1986 ൽ കൂടരഞ്ഞിയിൽ ഒരാളെയും 1989 ൽ വെള്ളയിൽ ബീച്ചിൽ മറ്റൊരാളെയും കൊലപ്പെടുത്തി എന്നായിരുന്നു മുഹമ്മദലിയുടെ വെളിപ്പെടുത്തൽ. മുഹമ്മദലി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ തിരുവമ്പാടി പൊലീസ് 1980 കളുടെ മധ്യത്തിൽ മലബാർ മേഖലയിൽനിന്ന് കാണാതായ ആളുകളുടെ വിവരങ്ങളും പൊലീസ് ശേഖരിച്ചിരുന്നു.
∙ കൊലപാതകത്തിനു പിന്നിൽ ലൈംഗികാതിക്രമം കൂടരഞ്ഞി തൈപറമ്പിൽ പൈലിയുടെ മകനായ ആന്റണിയാണ് പിന്നീട് മുഹമ്മദലി ആയി മാറിയത്. 1986 നവംബർ അവസാന ആഴ്ചയിൽ തനിക്ക് പതിനാലു വയസ്സായിരിക്കെ കൂടരഞ്ഞി കരിങ്കുറ്റിയെന്ന സ്ഥലത്തു വച്ച് ഒരാളെ തോട്ടിലേക്ക് ചവിട്ടിയിട്ടു കൊന്നുവെന്നാണ് മുഹമ്മദലി പൊലീസിൽ നൽകിയ മൊഴി.
തനിക്കെതിരെ ലൈംഗികാതിക്രമത്തിന് മുതിർന്നതോടെ അതു പ്രതിരോധിക്കുന്നതിനിടെയാണു കൊലപാതകം സംഭവിച്ചതെന്നും ഇയാളെ വെള്ളത്തിൽ ചവിട്ടിവീഴ്ത്തുകയായിരുന്നു എന്നുമാണ് മുഹമ്മദലി വെളിപ്പെടുത്തിയത്. സ്ഥലത്തു നിന്ന് ഓടിപ്പോയ മുഹമ്മദലി രണ്ടു ദിവസം കഴിഞ്ഞാണ് തോട്ടിൽ മുങ്ങിയ ആൾ മരിച്ച വിവരം അറിയുന്നത്.
അപസ്മാരം ഉണ്ടായിരുന്ന ആളുടേത് സ്വാഭാവിക മരണമാകുമെന്നു നാട്ടുകാരും അന്നു പറഞ്ഞതോടെ പൊലീസ് അങ്ങനെ കേസെടുത്തു. മരിച്ചയാളെ തിരിച്ചറിയാൻ ബന്ധുക്കളാരും എത്തിയില്ല.
തുടർന്ന് അജ്ഞാത മൃതദേഹമായി സംസ്കരിച്ച് കേസിലെ നടപടി അവസാനിപ്പിക്കുകയായിരുന്നു. പതിറ്റാണ്ടുകൾക്ക് ശേഷം മുഹമ്മദലി നടത്തിയ വെളിപ്പെടുത്തൽ ആദ്യ ഘട്ടത്തിൽ അവിശ്വസനീയമായി തോന്നിയെങ്കിലും ഇത് സംബന്ധിച്ച് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കാണാതായ ആളും പ്രതി പറഞ്ഞ പ്രദേശങ്ങളും തമ്മിൽ കൃത്യമായ ബന്ധം കണ്ടെത്താൻ കഴിഞ്ഞതാണ് കേസ് ഗൗരവത്തോടെ സമീപിക്കാൻ പൊലീസിന് പ്രേരണയായത്.
∙ ചുരുളഴിയാതെ രണ്ടാം കൊലപാതകം 1989ൽ കോഴിക്കോട് വെള്ളയിൽ ബീച്ചിൽ ഒരാളുടെ സഹായത്തോടെ മറ്റൊരാളെ കൊന്നതായും മുഹമ്മദലി മൊഴി നൽകിയിരുന്നു. കൂടരഞ്ഞിയിലെ സംഭവത്തിന് ശേഷം കോഴിക്കോട് ഒരു ഹോട്ടലിലും മറ്റും ജോലി ചെയ്യുന്നതിനിടെ തന്റെ കയ്യിൽ നിന്ന് ഒരാൾ പണം തട്ടിപ്പറിച്ചതാണ് രണ്ടാമത്തെ കൊലപാതകത്തിന് ഇടയാക്കിയതെന്നായിരുന്നു ആ വെളിപ്പെടുത്തൽ.
പണം തട്ടിപ്പറിച്ചയാൾ വെള്ളയിൽ ബീച്ച് പരിസരത്തുണ്ടെന്ന് ‘കഞ്ചാവ് ബാബു’ എന്ന സുഹൃത്താണ് അറിയിച്ചത്. കഞ്ചാവ് ബാബുവിനൊപ്പം വെള്ളയിൽ ബീച്ചിലെത്തി ഇയാളെ കണ്ടെത്തി.
തുടർന്ന് തർക്കത്തിനിടെ കഞ്ചാവു ബാബു അയാളെ തള്ളിത്താഴെയിട്ട ശേഷം മണ്ണിലേക്ക് മുഖം പൂഴ്ത്തി.
ഈ സമയം താൻ കാലിൽ പിടിച്ചുവച്ചു. മരിച്ചെന്ന് ഉറപ്പാക്കിയ ശേഷം അയാളിൽ നിന്ന്് കണ്ടെത്തിയ പണം പങ്കിട്ട് രണ്ടു വഴിക്ക് പിരിഞ്ഞതായും മുഹമ്മദലി പൊലീസിനോട് വെളിപ്പെടുത്തി.
മുഹമ്മദലി കൊലപ്പെടുത്തിയെന്ന് പറയുന്ന രണ്ടാമത്തെ ആൾ ആരാണെന്നതിനെ കുറിച്ചും അന്വേഷണം നടക്കുകയാണ്. മുഹമ്മദലിയുടെ രണ്ടാമത്തെ കൊലപാതകം സംബന്ധിച്ച അന്വേഷണത്തിനായി ഏഴംഗ സംഘത്തെയാണ് ക്രൈംബ്രാഞ്ച് നിയോഗിച്ചിരുന്നത്.
മുഹമ്മദലിയുടെ വെളിപ്പെടുത്തൽ പ്രകാരം നടത്തി അന്വേഷണത്തിൽ 1989 സെപ്റ്റംബർ 24 ന് സമാനമായ സാഹചര്യത്തിൽ ഒരു അജ്ഞാത മൃതദേഹം വെളളയിൽ ബീച്ചിൽ കണ്ടെത്തിയതായി സൂചന ലഭിച്ചിരുന്നു. എന്നാൽ അജ്ഞാതനെന്നു മാത്രം സൂചിപ്പിച്ചിരിക്കുന്നതിനാൽ മരണപ്പെട്ടത് ആരെന്നത് ഇനിയും തിരിച്ചറിയാൻ ആയിട്ടില്ല.
∙ കണ്ടെത്തലിൽ സന്തോഷമെന്ന് മുഹമ്മദലി കോഴിക്കോട് കൂടരഞ്ഞി സ്വദേശിയായ മുഹമ്മദലി വിവാഹത്തിനു ശേഷമാണ് മലപ്പുറം വേങ്ങരയിലേക്ക് താമസം മാറിയത്. മൂത്ത മകന്റെ മരണവും രണ്ടാമത്തെ മകന്റെ അപകടവും കഴിഞ്ഞപ്പോൾ കുറ്റബോധം കാരണം ഉറങ്ങാനാകുന്നില്ലെന്നും അതിനാലാണ് വൈകിയ വേളയിൽ ഈ വെളിപ്പെടുത്തൽ നടത്തുന്നത് എന്നുമായിരുന്നു വേങ്ങര പൊലീസ് സ്റ്റേഷനിൽ എത്തി കൊലപാതക വിവരം അറിയിച്ച് കീഴടങ്ങിയ ശേഷം മുഹമ്മദലി പറഞ്ഞത്.
വേങ്ങര സ്റ്റേഷനിൽ നിന്ന് തിരുവമ്പാടി പൊലീസിലേക്ക് കേസ് അന്വേഷണം കൈമാറിയ ശേഷം കൂടരഞ്ഞിയിൽ എത്തി അന്വേഷണത്തോട് സഹകരിച്ച മുഹമ്മദലി താൻ കൊലപാതകം നടത്തിയ തോടും പരിസരവും പൊലീസിന് കാണിച്ചുകൊടുത്തിരുന്നു. കേസിൽ ആദ്യം അറസ്റ്റ് രേഖപ്പെടുത്തി കുറ്റപത്രം സമർപ്പിച്ചിരുന്നെങ്കിലും മോഹനന് കോടതി ജാമ്യം അനുവദിച്ചിരുന്നു.
പുതിയ കണ്ടെത്തലിന്റെ പശ്ചാത്തലത്തിൽ കൊലപാതകത്തിന്റെ കാലയളവിൽ പ്രതിക്ക് പ്രായപൂർത്തിയാകാത്തതിനാൽ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം വീണ്ടും കുറ്റപത്രം സമർപ്പിച്ച് മുഹമ്മദലിയുടെ അറസ്റ്റ് രേഖപ്പെടുത്തും എന്നാണ് സൂചന. അതേസമയം, താൻ കൊലപ്പെടുത്തിയയാളെ പൊലീസ് തിരിച്ചറിഞ്ഞതിൽ സന്തോഷമുണ്ടെന്ന് നിലവിൽ കേസിൽ ജാമ്യത്തിൽ കഴിയുന്ന മുഹമ്മദലി പ്രതികരിച്ചു.
ഞാൻ കാരണം ഒരു അങ്ങനെ ഒരു സംഭവം ഉണ്ടായി. അതിന്റെ കാരണം ആ കുടുംബം അറിയാതെ പോകുന്നത് ശരിയാണെന്നു തോന്നിയില്ല.
അതിന് താൻ തന്നെ ഒരു നിമിത്തമായി എന്നതിൽ സന്തോഷമുണ്ട്. പൊലീസിനോട് വെളിപ്പെടുത്തൽ നടത്തിയപ്പോൾ തന്നെ എന്തു ശിക്ഷ ഏറ്റുവാങ്ങാനും തയാറാണെന്നു പറഞ്ഞിരുന്നു.
അതിന് ഇപ്പോഴും തയാറാണ് – മുഹമ്മദലി പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

