കോട്ടയം ജില്ലയിലെ കോടിമത പാലത്തിന്റെ അപ്രോച്ച് റോഡിൽ അറ്റകുറ്റപ്പണികൾ ആരംഭിക്കുന്ന സാഹചര്യത്തിൽ, പാലം വഴിയുള്ള ഗതാഗതത്തിന് ജില്ലാ കലക്ടറുടെ കർശന നിർദേശപ്രകാരം നിയന്ത്രണം ഏർപ്പെടുത്തി. ജൂലൈ 2 രാവിലെ 10 മണി മുതൽ ഒരാഴ്ചത്തേക്കാണ് ഗതാഗത നിയന്ത്രണം പ്രാബല്യത്തിൽ വരിക.
പുതുക്കിയ യാത്രാ ക്രമീകരണങ്ങൾ താഴെ പറയുന്നവയാണ്:
തിരുവനന്തപുരം – എറണാകുളം റൂട്ടിൽ:
ചരക്ക് വാഹനങ്ങളും സ്വകാര്യ വാഹനങ്ങളും ളായിക്കാട് ബൈപാസ് ജംക്ഷനിൽ നിന്നും വലത്തേക്ക് തിരിഞ്ഞ് റെയിൽവേ ജംക്ഷൻ വഴി തെങ്ങണ, പുതുപ്പള്ളി, മണർകാട് ബൈപാസ് വഴി ഏറ്റുമാനൂർ പട്ടിത്താനം ഭാഗത്തേക്ക് പോകേണ്ടതാണ്. എറണാകുളത്തു നിന്നും തിരുവനന്തപുരത്തേക്ക് വരുന്ന വാഹനങ്ങൾ പട്ടിത്താനം ജംക്ഷനിൽ നിന്നും ബൈപാസ് റോഡ് വഴി മണർകാട്, പുതുപ്പള്ളി വഴി തെങ്ങണയിൽ എത്തി യാത്ര തുടരണം.
അന്തർസംസ്ഥാന ബസുകൾക്ക്:
മറ്റ് സംസ്ഥാനങ്ങളിലേക്ക് സർവീസ് നടത്തുന്ന ബസുകൾ കോട്ടയം ടൗൺ ഒഴിവാക്കി, മണർകാട്, ഏറ്റുമാനൂർ ഭാഗങ്ങളിൽ എത്തി യാത്രക്കാരെ കയറ്റുന്നതിനുള്ള ക്രമീകരണങ്ങൾ സ്വീകരിക്കണം. ചങ്ങനാശേരി ഭാഗത്ത് നിന്നുള്ള വാഹനങ്ങൾക്ക്:
കോട്ടയം ടൗൺ, മെഡിക്കൽ കോളജ്, ഏറ്റുമാനൂർ ഭാഗത്തേക്ക് പോകേണ്ട
കെഎസ്ആർടിസി ബസുകൾ, സ്വകാര്യ ബസുകൾ, ടൂറിസ്റ്റ് ബസുകൾ ഉൾപ്പെടെയുള്ള എല്ലാ വാഹനങ്ങളും സിമന്റ് കവലയിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞ് പാറേച്ചാൽ ബൈപാസ്, തിരുവാതുക്കൽ, അറുത്തൂട്ടി വഴി ചാലുകുന്ന് ജംക്ഷനിൽ എത്തി പോകേണ്ടതാണ്. പുതുപ്പള്ളി, മണർകാട് ഭാഗത്തേക്ക് പോകേണ്ട
സ്വകാര്യ വാഹനങ്ങൾ മണിപ്പുഴ ജംക്ഷനിൽ നിന്നും വലത്തേക്ക് തിരിഞ്ഞ് ദിവാൻ കവല, കടുവാക്കുളം, കൊല്ലാട് വഴി പോകണം. അടിയന്തര സേവനങ്ങൾക്ക്:
ആശുപത്രികളിലേക്ക് അത്യാവശ്യ സേവനത്തിനായി പോകുന്ന ആംബുലൻസുകൾക്കും മറ്റ് എമർജൻസി വാഹനങ്ങൾക്കും മണിപ്പുഴ ജംക്ഷനിൽ നിന്നും വലത്തേക്ക് തിരിഞ്ഞ് ഈരയിൽ കടവ് ബൈപാസ് റോഡ് വഴി മനോരമ ജംക്ഷനിൽ എത്തി യാത്ര തുടരാം.
തിരികെ കോട്ടയം ടൗണിൽ നിന്നും:
ചങ്ങനാശേരി ഭാഗത്തേക്ക് പോകേണ്ട കെഎസ്ആർടിസി, സ്വകാര്യ, ടൂറിസ്റ്റ് ബസുകൾ ഉൾപ്പെടെയുള്ള എല്ലാ വാഹനങ്ങളും കഞ്ഞിക്കുഴി ജംക്ഷനിൽ എത്തി കൊല്ലാട്, നാൽകവല, കടുവാക്കുളം ജംക്ഷനിൽ എത്തി ഇടത്തേക്ക് തിരിഞ്ഞ് പോകേണ്ടതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

