സംസ്ഥാനത്തെ വിപണിയിൽ കോഴിമുട്ടയുടെ വിലയിൽ വലിയ വർധനവ് രേഖപ്പെടുത്തി. മുൻപ് 5.50 രൂപയ്ക്ക് ലഭിച്ചിരുന്ന സാധാരണ കോഴിമുട്ടയ്ക്ക് നിലവിൽ ചില്ലറ വിപണിയിൽ 8 മുതൽ 10 രൂപ വരെയാണ് ഈടാക്കുന്നത്.
എറണാകുളം ജില്ലയിലെ മൊത്ത വിപണിയിൽ നിലവിൽ 7 മുതൽ 7.50 രൂപ വരെയാണ് വില നിലവാരം. ഏറെ ആവശ്യക്കാരുള്ള നാടൻ കോഴിമുട്ടയുടെ വില 9 രൂപയിൽ നിന്ന് ഉയർന്ന് 12 രൂപയിലെത്തി നിൽക്കുകയാണ്.
തിരുവനന്തപുരം ജില്ലയിൽ വെള്ള മുട്ടയ്ക്ക് 7.40 രൂപയും നാടൻ മുട്ടയ്ക്ക് 7.80 രൂപയുമാണ് നിലവിലെ നിരക്ക്. ഒരു മാസം മുൻപ് ഇത് യഥാക്രമം 6 രൂപയും 7 രൂപയുമായിരുന്നു.
കോഴിക്കോട് മേഖലയിൽ ബിവി 380 ഇനം കോഴികളുടെ മുട്ടയ്ക്ക് 10 മുതൽ 12 രൂപ വരെയാണ് ചില്ലറ വിൽപന വില. വീടുകളിൽ വളർത്തുന്ന തനി നാടൻ കോഴികളുടെ മുട്ടയ്ക്ക് വില 10-12 രൂപയിൽ നിന്ന് 14 രൂപയായി വർധിച്ചിട്ടുണ്ട്.
കണ്ണൂരിൽ രണ്ടാഴ്ച മുൻപ് 6.75 രൂപയ്ക്ക് ലഭിച്ചിരുന്ന മുട്ടയ്ക്ക് ഇപ്പോൾ 8 രൂപ നൽകേണ്ടി വരുന്നു. വിലക്കയറ്റത്തിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് തമിഴ്നാട് സർക്കാരിന്റെ ഉച്ചഭക്ഷണ പദ്ധതിയിൽ മുട്ട
ഉൾപ്പെടുത്തിയതാണ്. ഇതോടെ കേരളത്തിലേക്കുള്ള പ്രധാന മുട്ട
വിതരണ കേന്ദ്രമായ നാമക്കലിൽ നിന്നുള്ള വരവിൽ വലിയ കുറവുണ്ടായി. ഇതിനൊപ്പം കോഴിത്തീറ്റയുടെ വിലയിലുണ്ടായ കുതിച്ചുചാട്ടവും ഉൽപാദന മേഖലയെ സാരമായി ബാധിച്ചു.
50 കിലോഗ്രാം വരുന്ന ഒരു ചാക്ക് കോഴിത്തീറ്റയ്ക്ക് നിലവിൽ 2300 രൂപ വരെയാണ് വില. വ്യാപാരികളുടെ കോഓർഡിനേഷൻ കമ്മിറ്റിയുടെ കണക്കുപ്രകാരം നാമക്കലിൽ നിന്ന് പ്രതിദിനം 2,12,45,000 കോഴിമുട്ടയാണ് കേരളത്തിലേക്ക് എത്തിയിരുന്നത്.
നാമക്കലിലെ മുട്ട വില വിവരങ്ങൾ പരിശോധിച്ചാൽ 2025 മാർച്ചിൽ 5.80 രൂപയായിരുന്ന വില, 2026 ഏപ്രിൽ മുതൽ 6.40 രൂപയായി ഉയർന്നു.
ജൂണിൽ ഇത് വീണ്ടും വർധിച്ച് 6.50 രൂപയിലെത്തി. ഒരു മാസമായി ഇതേ വിലയാണ് തുടരുന്നത്.
ബിവി 380 കോഴി: കർഷകരുടെ ബിഎംഡബ്ല്യു കോഴി കർഷകർക്കിടയിൽ ഏറെ പ്രചാരത്തിലുള്ള ഇനമാണ് ബിവി 380. വർഷത്തിൽ 280 മുതൽ 300 വരെ മുട്ടകൾ നൽകുന്ന ഈ ഇനം കർഷകർക്ക് വലിയ ആശ്വാസമാണ്.
മുട്ടത്തോടിന് തവിട്ടു നിറമുള്ളതിനാൽ വിപണിയിൽ ഇതിന് ആവശ്യക്കാർ കൂടുതലാണ്. കുറഞ്ഞ തീറ്റച്ചെലവിൽ കൂടുതൽ മുട്ടയും ഇറച്ചിയും ലഭിക്കുന്നതിനാൽ, പരമ്പരാഗത നാടൻ കോഴികൾക്കും ബ്രോയിലറുകൾക്കും പകരമായി കർഷകർ ബിവി 380 ഇനത്തെ കൂടുതലായി ആശ്രയിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

