കാസർകോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഗതാഗതം ദുഷ്കരമാകുന്നു. കാഞ്ഞങ്ങാട് സംസ്ഥാന പാതയിൽ ചെമ്മനാട് കോട്ടരുവത്ത് വൻ മണ്ണിടിച്ചിൽ ഉണ്ടായി.
രാവിലെ പത്ത് മണിയോടെയാണ് സംഭവം. റോഡിലേക്ക് മണ്ണ് ഇടിഞ്ഞു വീണതിനെത്തുടർന്ന് ഇതുവഴിയുള്ള ഗതാഗതം പൂർണമായി തടസ്സപ്പെട്ടു.
ഇതുവഴി കടന്നുപോകുകയായിരുന്ന കാറിന് മുന്നിലേക്കാണ് മണ്ണിടിഞ്ഞു വീണത്. വാഹനത്തിന് കേടുപാടുകൾ സംഭവിച്ചെങ്കിലും യാത്രക്കാർ അത്ഭുതകരമായി പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
മറ്റൊരു സംഭവത്തിൽ, ഉദുമ മേഖലയിലെ കാസർകോട് – കാഞ്ഞങ്ങാട് തീരദേശ പാതയിൽ പള്ളം ഭാഗത്ത് രൂപപ്പെട്ടിരിക്കുന്ന വെള്ളക്കെട്ട് യാത്രക്കാർക്കും നാട്ടുകാർക്കും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. റോഡിന്റെ ഇരുവശങ്ങളിലും മഴവെള്ളം കെട്ടിക്കിടക്കുന്നത് അപകടസാധ്യത വർധിപ്പിക്കുന്നു.
റോഡിലെ കുഴികൾ വെള്ളത്തിൽ മറഞ്ഞുകിടക്കുന്നതിനാൽ വാഹനങ്ങൾ കുഴിയിൽ വീണ് അപകടങ്ങൾ പതിവായതായി പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു. പ്രത്യേകിച്ച് ഇരുചക്ര വാഹനയാത്രക്കാർ സ്ഥിരമായി ചെറിയ അപകടങ്ങളിൽ പെടുന്നത് ആശങ്കയുണ്ടാക്കുന്നു.
ഓടകൾ മണ്ണും മാലിന്യങ്ങളും നിറഞ്ഞ് അടഞ്ഞുകിടക്കുന്നതാണ് വെള്ളക്കെട്ട് രൂക്ഷമാകാൻ കാരണം. കൂടാതെ, അമിതവേഗത്തിൽ എത്തുന്ന വാഹനങ്ങൾ കാൽനടയാത്രക്കാരുടെ ദേഹത്ത് ചെളിവെള്ളം തെറിപ്പിക്കുന്നതും വലിയ പരാതികൾക്കിടയാക്കുന്നുണ്ട്.
അടിയന്തരമായി വെള്ളക്കെട്ട് പരിഹരിക്കാൻ അധികൃതർ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. റോഡിന്റെ ഉപരിതലം ഉയർത്തി പുനർനിർമിക്കുക, മഴവെള്ള നിർഗമന സംവിധാനങ്ങൾ കാര്യക്ഷമമാക്കുക, അടഞ്ഞുകിടക്കുന്ന ഓടകൾ ശുചീകരിക്കുക തുടങ്ങിയ നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്നും, അപകടങ്ങൾ ഒഴിവാക്കാൻ മുന്നറിയിപ്പ് ബോർഡുകളും സുരക്ഷാ സംവിധാനങ്ങളും ഒരുക്കണമെന്നും യാത്രക്കാർ ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

