പൗരന്മാർക്കും ഭരണകൂടത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾക്കും നേരെ ഹൂതി വിഭാഗം നടത്തുന്ന ഭീകരാക്രമണങ്ങൾക്ക് ശക്തമായ ഭാഷയിൽ തിരിച്ചടി നൽകുമെന്ന് സൗദി നേതൃത്വത്തിലുള്ള സഖ്യസേന വ്യക്തമാക്കി. റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ നടന്ന ആക്രമണങ്ങൾക്ക് പിന്നാലെയാണ് സഖ്യസേനയുടെ കർശന മുന്നറിയിപ്പ് പുറത്തുവന്നിരിക്കുന്നത്.
മേഖലയുടെ സുരക്ഷയ്ക്ക് ഭീഷണിയായ ഹൂതികളുടെ മൂന്ന് മിസൈൽ ലോഞ്ചറുകൾ സഖ്യസേന തകർത്തതായി ഔദ്യോഗികമായി അറിയിച്ചു. ട്രക്കുകളിൽ ഘടിപ്പിച്ച നിലയിലുള്ള മൂന്ന് മിസൈൽ ലോഞ്ചറുകൾ സഖ്യസേന വായുമാർഗ്ഗം തകർക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.
ഒക്ടോബർ 8 വ്യാഴാഴ്ച നടത്തിയ നീക്കത്തിലാണ് ഈ മിസൈൽ ലോഞ്ചറുകൾ തകർത്തതെന്ന് സഖ്യസേന വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി വ്യക്തമാക്കി. പൗരന്മാർക്ക് നേരെയും സിവിലിയൻ കേന്ദ്രങ്ങൾക്ക് നേരെയും ഉണ്ടാകുന്ന ആക്രമണങ്ങൾക്ക് കടുത്ത പ്രത്യാഘാതമുണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
വ്യാഴാഴ്ച റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഹൂതികൾ നടത്തിയ രണ്ട് ആക്രമണങ്ങളിൽ മൂന്ന് സൗദി പൗരന്മാർ കൊല്ലപ്പെടുകയും നിരവധി സ്വദേശികൾക്കും വിദേശികൾക്കും പരിക്കേൽക്കുകയും ചെയ്തിരുന്നതായി സൗദി ജനറൽ അതോറിറ്റി ഓഫ് സിവില് ഏവിയേഷൻ സ്ഥിരീകരിച്ചു. ആദ്യ ആക്രമണം വിമാനത്താവളത്തിലെ സമുച്ചയങ്ങൾക്ക് നേരെയും രണ്ടാമത്തെ ആക്രമണം സൗദിയ എയർലൈൻസ് വിമാനത്തിന് നേരെയുമാണ് ഉണ്ടായത്.
ആക്രമണത്തിൽ കനത്ത നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംഭവം നടന്ന ഉടൻ തന്നെ എമർജൻസി റെസ്പോൺസ് ടീമുകളും അധികൃതരും സ്ഥലത്തെത്തുകയും പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
നിലവിൽ വിമാനത്താവളത്തിന്റെ പ്രവർത്തനം പൂർണ്ണമായി പുനഃസ്ഥാപിച്ചതായും വ്യോമഗതാഗതം സാധാരണ നിലയിലായതായും അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

