പാലക്കാട് ജില്ലയിലെ പ്രധാന വാണിജ്യ കേന്ദ്രമായ വലിയങ്ങാടിയുടെ സമഗ്ര വികസനത്തിനായി കേന്ദ്ര സർക്കാർ അനുവദിച്ച 140 കോടി രൂപ സംസ്ഥാന സർക്കാർ വകമാറ്റിയതായി ആരോപണം. ഇതിനെത്തുടർന്ന് പദ്ധതിയുടെ നടത്തിപ്പ് അവതാളത്തിലാവുകയും നിർമ്മാണ പ്രവർത്തനങ്ങൾ പാതിവഴിയിൽ നിലയ്ക്കുകയും ചെയ്തു.
ഈ സാഹചര്യത്തിൽ നഗരസഭ കേന്ദ്ര സർക്കാരിനും സംസ്ഥാന സർക്കാരിനും ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ സ്പെഷൽ അസിസ്റ്റന്റ്സ് ടു സ്റ്റേറ്റ്സ് ഫോർ ക്യാപ്പിറ്റൽ ഇൻവെസ്റ്റ്മെന്റ് (എസ്എഎസ്സിഐ) പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പാലക്കാട് വലിയങ്ങാടി വികസന പദ്ധതിക്ക് അംഗീകാരം ലഭിച്ചത്.
പദ്ധതിയുടെ ഭാഗമായി 50 കോടി രൂപ ആദ്യ ഗഡുവായും 90 കോടി രൂപ രണ്ടാം ഗഡുവായും അനുവദിക്കാനായിരുന്നു തീരുമാനം. ജില്ലാ ടൗൺ പ്ലാനിങ് വിഭാഗത്തിന്റെ സഹകരണത്തോടെ നഗരസഭ ഇതിനായുള്ള സമഗ്ര പദ്ധതികൾ തയാറാക്കിയിരുന്നു.
എന്നാൽ, കേന്ദ്രത്തിൽ നിന്ന് ലഭിച്ച തുക ക്ഷേമ പദ്ധതികൾക്കും വിവിധ പഞ്ചായത്തുകളിലെയും ആരോഗ്യ മേഖലയിലെയും കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾക്കുമായി സംസ്ഥാന സർക്കാർ വകമാറ്റിയെന്ന് പാലക്കാട് നഗരസഭ ആരോപിക്കുന്നു.
തിരുവനന്തപുരം കോർപറേഷനും പാലക്കാട് നഗരസഭയും സമർപ്പിച്ച പൈതൃക-വികസന പദ്ധതികൾക്കാണ് കേന്ദ്രം ഫണ്ട് അനുവദിച്ചത്. ഈ ഫണ്ട് യഥാസമയം ഉപയോഗിക്കാത്തത് പദ്ധതികളെ നിശ്ചലാവസ്ഥയിലാക്കിയിരിക്കുകയാണ്.
പദ്ധതിയുടെ പുരോഗതി കൃത്യമായി കേന്ദ്രത്തെ അറിയിച്ചാൽ മാത്രമേ തുടർ ഫണ്ടുകൾ ലഭ്യമാകൂ. കേന്ദ്രവും സംസ്ഥാനവും തമ്മിൽ ഒപ്പുവെച്ച ധാരണാപത്രം പ്രകാരം പദ്ധതി നടപ്പിലാക്കാൻ സർക്കാർ ബാധ്യസ്ഥരാണ്.
വകമാറ്റിയ തുക അടിയന്തരമായി തിരികെ ലഭ്യമാക്കണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ടെന്ന് നഗരസഭാധ്യക്ഷൻ പി.സ്മിതേഷ് വ്യക്തമാക്കി. സംസ്ഥാന സർക്കാരുമായി ഇതുസംബന്ധിച്ച് ചർച്ചകൾ നടത്തിവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫണ്ട് വകമാറ്റിയതിനെ തുടർന്ന് തിരുവനന്തപുരം കോർപറേഷന് ലഭിക്കേണ്ടിയിരുന്ന കോടിക്കണക്കിന് രൂപയുടെ പദ്ധതികളും നിലവിൽ സ്തംഭനാവസ്ഥയിലാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

