സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷണറായി എൻ.ശേഷാദ്രിനാഥിനെ നിയമിച്ച നടപടിയിൽ മുസ്ലിം ലീഗിനുള്ളിൽ കടുത്ത അതൃപ്തി രൂപപ്പെടുന്നു. നിർണായകമായ സംഘടനാ വിഷയങ്ങളിൽ ഉചിതമായ ചർച്ചകൾ നടക്കുന്നില്ലെന്ന പരാതി പാർട്ടി പ്രവർത്തകർക്കിടയിൽ ശക്തമാണ്.
ലീഗ് മന്ത്രിമാർ കൈകാര്യം ചെയ്യുന്ന വകുപ്പുകളിൽ തുടർച്ചയായുണ്ടാകുന്ന വിവാദങ്ങൾ പാർട്ടിയുടെയും മന്ത്രിമാരുടെയും പ്രവർത്തനരീതികളിൽ വലിയ അഭിപ്രായ ഭിന്നതയുണ്ടെന്ന വിലയിരുത്തലുകൾക്ക് ആക്കം കൂട്ടിയിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള പിഎം ശ്രീ പദ്ധതിയിലും, തദ്ദേശ സ്വയംഭരണ വകുപ്പിലെ പാർപ്പിട
പദ്ധതിയിലും ബിജെപിയുമായി ധാരണയുണ്ടെന്ന ആരോപണങ്ങൾ നേരത്തെ തന്നെ രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയായിരുന്നു. ഇതിനിടയിലാണ് എൻ.ശേഷാദ്രിനാഥിന്റെ നിയമനവും വിവാദമായിരിക്കുന്നത്.
കോൺഗ്രസിന്റെ ഔദ്യോഗിക നിലപാടുകൾക്ക് വിരുദ്ധമായി പ്രവർത്തിച്ചുവെന്ന് പാർട്ടിയിൽ തന്നെ വിമർശനമുള്ള ഒരാളെ ലീഗിന്റെ നിയന്ത്രണത്തിലുള്ള വകുപ്പിൽ നിയമിച്ചത് വലിയ അതൃപ്തിക്കിടയാക്കിയിട്ടുണ്ട്. കൂടാതെ, എൻ.ശേഷാദ്രിനാഥിന്റെ സംഘപരിവാർ ബന്ധത്തെക്കുറിച്ച് പരാതികൾ ഉയർന്നപ്പോൾ, മന്ത്രി കെ.എം.ഷാജി അദ്ദേഹത്തിന് ക്ലീൻ ചിറ്റ് നൽകാൻ തിടുക്കം കാണിച്ചുവെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
ഇത്തരം നിയമനങ്ങളിൽ കൂടുതൽ ജാഗ്രതയും സൂക്ഷ്മതയും പാലിക്കേണ്ടിയിരുന്നുവെന്ന് പാർട്ടിയുടെ ഒരു വിഭാഗം നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. അതേസമയം, നിയമനത്തിനെതിരെ കെപിസിസി ജനറൽ സെക്രട്ടറി പി.എം.നിയാസ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെയും കെപിസിസി പ്രസിഡന്റും മന്ത്രിയുമായ സണ്ണി ജോസഫിനെയും നേരിൽ കണ്ട് പ്രതിഷേധം അറിയിച്ചിട്ടുണ്ട്.
എന്നാൽ മുഖ്യമന്ത്രി വി.ഡി.സതീശനുമായി കൂടിക്കാഴ്ച നടത്താൻ അദ്ദേഹത്തിന് സാധിച്ചില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

