സംസ്ഥാനത്ത് ചിങ്ങം ഒന്നിന് തുടക്കം കുറിച്ച് വീടുകളുടെ അങ്കണങ്ങളിൽ പൂക്കളങ്ങൾ ഒരുങ്ങിത്തുടങ്ങി. നാടെങ്ങും ഓണത്തിന്റെ വരവറിയിച്ചുള്ള പൂവിളികൾ ഉയരുന്നതിനൊപ്പം വിപണിയും സജീവമായിക്കഴിഞ്ഞു.
എന്നാൽ ഇത്തവണ മഴ ലഭ്യത കുറഞ്ഞത് പൂക്കളുടെ വിലയിൽ വർധനവുണ്ടാക്കിയിട്ടുണ്ട്. മുൻ വർഷങ്ങളിൽ വ്യാപകമായി പൂക്കൾ എത്തിയിരുന്ന ഗുണ്ടൽപേട്ടിൽ കൃഷി കാര്യക്ഷമമാകാത്തതാണ് പ്രതിസന്ധിയായത്.
ഇത്തവണത്തെ വിപണിയിൽ ഏറ്റവും ഉയർന്ന വിലയുള്ളത് അരളിക്കാണ്. കിലോയ്ക്ക് ശരാശരി 600 രൂപ വരെയാണ് അരളിയുടെ വില.
ചെണ്ടുമല്ലി ഇനങ്ങളും ഉയർന്ന വിലയിലാണ് വിപണിയിലെത്തുന്നത്. ഓറഞ്ച് ചെണ്ടുമല്ലിക്ക് 80 രൂപയും മഞ്ഞ ചെണ്ടുമല്ലിക്ക് 100 മുതൽ 160 രൂപ വരെയുമാണ് ശരാശരി വില ഈടാക്കുന്നത്.
ജമന്തിക്ക് 200 മുതൽ 400 രൂപ വരെയും വാടാമല്ലിക്ക് ശരാശരി 160 രൂപയും വിലയുണ്ട്. കൂടാതെ പനിനീർ പൂക്കൾക്ക് 200 മുതൽ 400 രൂപ വരെയാണ് കമ്പോട
വില. കർണാടകയിലെ ചിക്ക്ബെല്ലപൂരിൽ നിന്നാണ് ഇത്തവണ ഏറ്റവും കൂടുതൽ പൂക്കൾ കോഴിക്കോട് നഗരത്തിലേക്ക് എത്തുന്നതെന്ന് മാരിയമ്മൻകോവിലിനു സമീപം പൂക്കച്ചവടം നടത്തുന്ന ഒറ്റപ്പാലം സ്വദേശി മണികണ്ഠൻ വ്യക്തമാക്കി.
കഴിഞ്ഞ 18 വർഷമായി കോഴിക്കോട്ട് പൂക്കച്ചവടം നടത്തിവരികയാണ് അദ്ദേഹം. ബെംഗളൂരുവിന് സമീപമുള്ള ചിക്ക്ബെല്ലപൂർ ഗ്രാമത്തിലെ കർഷകരാണ് വ്യാപകമായി പൂക്കൃഷി ചെയ്യുന്നത്.
ഓണക്കാലമാകുമ്പോൾ ഒട്ടേറെ കച്ചവടക്കാരാണ് ഇവിടേക്ക് എത്തുന്നത്. ഇവിടെനിന്നുള്ള പൂക്കളാണ് ബെംഗളൂരു കെആർ മാർക്കറ്റിലേക്കും എത്തുന്നത് എന്ന് മണികണ്ഠൻ കൂട്ടിച്ചേർത്തു.
മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള പൂക്കൾക്ക് പുറമെ നാടൻ പൂക്കളും ഇത്തവണ വിപണിയിൽ സജീവമാണ്. കുടുംബശ്രീയുടെ നേതൃത്വത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ആകെ 9.35 ഏക്കർ സ്ഥലത്താണ് പൂക്കൃഷി നടത്തിയിട്ടുള്ളത്.
വിവിധ പഞ്ചായത്തുകൾ, നഗരസഭകൾ, കോർപറേഷൻ പരിധിയിലുള്ള 322 വാർഡുകൾ കേന്ദ്രീകരിച്ചാണ് ഈ കൃഷി പദ്ധതി നടപ്പാക്കിയത്. ഇതിനുപുറമേ, 500 മുതൽ 1500 രൂപ വരെ വിലവരുന്ന റെഡിമെയ്ഡ് പൂക്കളങ്ങളും വിപണിയിൽ ലഭ്യമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

