പത്തനംതിട്ട ജില്ലയിലെ കോന്നി കാട്ടാത്തി ഉന്നതിയിലെ ഊരുമൂപ്പൻ മോഹൻദാസ് (70) നെ കാണാതായിട്ട് അഞ്ച് ദിവസങ്ങൾ പിന്നിടുമ്പോഴും വിവരമൊന്നും ലഭിക്കാത്ത സാഹചര്യത്തിൽ പോലീസ് നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. കേസ് ഒത്തുതീർപ്പാക്കാമെന്ന ഉറപ്പ് നൽകി പോലീസ് വഞ്ചിച്ചതാണ് അദ്ദേഹത്തെ കാടുകയറാൻ പ്രേരിപ്പിച്ചതെന്നാണ് കുടുംബത്തിന്റെ പ്രധാന ആരോപണം.
2023-ൽ മോഹൻദാസിനെതിരെ ഉയർന്ന പരാതിയുമായി ബന്ധപ്പെട്ട് കോന്നി പോലീസ് സ്റ്റേഷനിൽ വെച്ച് ഒത്തുതീർപ്പ് ചർച്ചകൾ നടന്നിരുന്നു. കേസ് പൂർണ്ണമായും അവസാനിപ്പിക്കാമെന്ന് ഉറപ്പുനൽകിയ പോലീസ് ഉദ്യോഗസ്ഥർ തങ്ങളുടെ കൈവശം നിന്ന് പണം വാങ്ങിയതായും കുടുംബം ആരോപിക്കുന്നു.
കേസ് തീർന്നുവെന്ന് വിശ്വസിച്ചിരുന്ന ഇവർക്ക് അടുത്തിടെ കോടതിയിൽ നിന്ന് സമൻസ് ലഭിച്ചതോടെയാണ് വഞ്ചിക്കപ്പെട്ട വിവരം ബോധ്യപ്പെട്ടത്.
പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഈ നടപടിയിൽ മനംനൊന്താണ് അദ്ദേഹം കാട്ടിലേക്ക് പോയതെന്ന് ബന്ധുക്കൾ പറയുന്നു. ഇതിനിടെ, കേസിൽ പരാതിക്കാരിയായിരുന്ന ഗോമതിയും പോലീസിന്റെ നടപടികളെ ചോദ്യം ചെയ്ത് രംഗത്തെത്തിയിട്ടുണ്ട്.
താൻ നൽകിയ പരാതി സ്റ്റേഷനിൽ വെച്ച് അന്ന് തന്നെ ഒത്തുതീർപ്പാക്കിയതാണെന്നും, പിന്നീട് കേസ് കോടതിയിൽ എത്തിയതിനെക്കുറിച്ച് യാതൊരു അറിവുമില്ലെന്നുമാണ് ഗോമതി വെളിപ്പെടുത്തിയത്. പരാതിക്കാരിയുടെ ഈ വെളിപ്പെടുത്തൽ പോലീസിനെ കൂടുതൽ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
അഞ്ച് ദിവസമായിട്ടും മോഹൻദാസിനെ കണ്ടെത്താൻ കഴിയാത്തത് പോലീസിന്റെ അനാസ്ഥയാണെന്നാണ് കുടുംബത്തിന്റെ നിലപാട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

