ആലപ്പുഴ ജില്ലയിലെ ചേർത്തല പതിനൊന്നാം മൈലിനു സമീപം ദേശീയപാതയിൽ പുതുതായി നിർമിച്ച മേൽപാലത്തിൽ വൻ ഗർത്തം രൂപപ്പെട്ടു. ചൊവ്വാഴ്ച വൈകിട്ട് ആറുമണിയോടെയാണ് സംഭവം.
ആദ്യം ചെറിയൊരു കുഴിയായി തുടങ്ങിയത് നിമിഷങ്ങൾക്കുള്ളിൽ ഏകദേശം നാല് മീറ്ററോളം ആഴമുള്ള വലിയ ഗർത്തമായി മാറുകയായിരുന്നു. ഒരു ബസും കാറും ഈ ഭാഗത്തുകൂടി കടന്നുപോയതിന് തൊട്ടുപിന്നാലെയായിരുന്നു റോഡ് ഇടിഞ്ഞുതാഴ്ന്നത്.
ഇതുവഴിയെത്തിയ ബൈക്ക് യാത്രക്കാരൻ അപകടം കണ്ട് ഉടൻ വാഹനം നിർത്തി മുന്നറിയിപ്പ് നൽകിയതിനാലാണ് വൻ ദുരന്തം ഒഴിവായത്. നിലവിൽ ഈ കുഴി താൽക്കാലികമായി കോൺക്രീറ്റ് ഉപയോഗിച്ച് അടച്ചിട്ടുണ്ടെങ്കിലും സമീപപ്രദേശങ്ങളിൽ കൂടി കുഴികൾ രൂപപ്പെട്ടിട്ടുണ്ടോയെന്ന് അധികൃതർ പരിശോധിച്ചുവരികയാണ്.
ഈ മേഖലയിലൂടെ കടന്നുപോകുന്ന ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈനിൽ ഒരു മാസം മുൻപ് ചോർച്ചയുണ്ടായിരുന്നു. ഈ സമയം പൈപ്പിനടിയിലെ മണ്ണ് വലിയ തോതിൽ ഒലിച്ചുപോയതാണ് ഇപ്പോഴത്തെ ഗർത്തത്തിന് കാരണമെന്നാണ് നാട്ടുകാരുടെ വിലയിരുത്തൽ.
നിർമാണത്തിലെ വീഴ്ചകൾ
ദേശീയപാത ആലപ്പുഴ–തുറവൂർ ഭാഗത്തെ നിർമാണരീതികളെക്കുറിച്ച് മുൻപും വ്യാപകമായ പരാതികൾ ഉയർന്നിരുന്നു. പാതയുടെ വശങ്ങളിൽ ലോക്ക് ചെയ്ത് സ്ഥാപിക്കുന്ന കട്ടകളുടെ വിടവിലൂടെ മഴവെള്ളത്തിനൊപ്പം മണ്ണ് ഒലിച്ചുപോകുന്ന പ്രവണത തിരുവിഴ, അർത്തുങ്കൽ ബൈപാസ്, തങ്കികവല, വയലാർ കവല എന്നിവിടങ്ങളിലെ മേൽപാതകളിലും നേരത്തെ പ്രകടമായിരുന്നു.
കുടിവെള്ള പൈപ്പുകൾ നീക്കം ചെയ്യാതെ അതിനു മുകളിൽ കട്ടകൾ നിരത്തി നിർമാണം നടത്തുന്നതിനെതിരെ നാട്ടുകാർ നേരത്തെ തന്നെ ജല അതോറിറ്റിക്കും ജില്ലാ കലക്ടർക്കും പരാതി നൽകിയിരുന്നതാണ്. അശാസ്ത്രീയമായ നിർമാണവും ആശങ്കയും
നിർമാണ പ്രവർത്തനങ്ങളിലെ മേൽനോട്ടക്കുറവാണ് ഇത്തരമൊരു അപകടത്തിലേക്ക് നയിച്ചതെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.
മഴ ശക്തമാകുമ്പോൾ മണ്ണ് ഒലിച്ചിറങ്ങാനും റോഡ് തകരാനും സാധ്യതയുണ്ടെന്നിരിക്കെ, മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ അധികൃതർ തയാറായില്ല. കൂടാതെ, പാത നിർമാണത്തിന് ഉപയോഗിക്കുന്ന മണ്ണിന്റെ ഗുണനിലവാരത്തെക്കുറിച്ചുള്ള ആശങ്കകളും ശക്തമാണ്.
തുറവൂർ മുതൽ പറവൂർ വരെ വേമ്പനാട് കായലിലെ മണലും, പറവൂർ മുതൽ കൊറ്റുകുളങ്ങര വരെ തോട്ടപ്പള്ളിയിലെ മണലുമാണ് നിർമാണത്തിനായി ഉപയോഗിക്കുന്നത്. എന്നാൽ, ഡ്രഡ്ജ് ചെയ്തെടുക്കുന്ന ഈ മണൽ ഉപ്പുരസമുള്ളതും ചെളി നിറഞ്ഞതുമായതിനാൽ റോഡ് നിർമാണത്തിന് യോഗ്യമല്ലെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു.
ഭൂമി നികത്താൻ മാത്രമേ ഈ മണൽ ഉപയോഗിക്കാവൂ എന്ന കേരള എൻജിനീയറിങ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിർദേശം നിലനിൽക്കെയാണ് റോഡ് നിർമാണത്തിന് ഇവ ഉപയോഗിച്ചത്. ഈ മണലിന് കേരളത്തിലെ കാലാവസ്ഥയെ അതിജീവിക്കാനുള്ള ശേഷിയില്ലെന്ന് ചൂണ്ടിക്കാട്ടി നേരത്തെ വിദഗ്ധരും മുന്നറിയിപ്പ് നൽകിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

