തിരുവല്ല-കുമ്പനാട് സംസ്ഥാന പാതയിലെ പ്രധാന വ്യാപാര കേന്ദ്രമായ പുല്ലാട് ജംക്ഷനിൽ എത്തുന്നവർ അനുഭവിക്കുന്ന ദുരിതം തുടരുന്നു. പഞ്ചായത്ത് ഓഫിസ്, വില്ലേജ് ഓഫിസ്, പൊലീസ് സ്റ്റേഷൻ, ഉപജില്ലാ വിദ്യാഭ്യാസ ഓഫിസ്, ജല അതോറിറ്റി ഓഫിസ് എന്നിവ സ്ഥിതി ചെയ്യുന്ന തിരക്കേറിയ പ്രദേശമായിട്ടും, അത്യാവശ്യ ഘട്ടങ്ങളിൽ പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാൻ ആവശ്യമായ സൗകര്യങ്ങൾ ഇവിടെയില്ല.
സർക്കാർ അനുവദിച്ച 20 ലക്ഷം രൂപയുടെ ‘ടേക്ക് എ ബ്രേക്ക്’ പദ്ധതിയാണ് ഭരണകൂടത്തിന്റെ അനാസ്ഥ മൂലം നടപ്പിലാകാതെ കിടക്കുന്നത്. ഏകദേശം 12 വർഷങ്ങൾക്ക് മുൻപ് ശുചിത്വ മിഷൻ വഴി കോയിപ്രം പഞ്ചായത്തിൽ 6 ലക്ഷം രൂപ ചെലവിൽ ഒരു ഇ-ശുചിമുറി അനുവദിച്ചിരുന്നു.
ബസ് കാത്തിരിപ്പു കേന്ദ്രത്തിന് സമീപം ഇതിനായി സ്ഥലം കണ്ടെത്തിയെങ്കിലും പ്രാദേശിക പ്രതിഷേധത്തെ തുടർന്ന് പദ്ധതി ചന്തയിലേക്ക് മാറ്റിസ്ഥാപിച്ചു. എന്നാൽ, സാങ്കേതികമായ അറിവില്ലായ്മയോ അവഗണനയോ കാരണം പൊതുജനങ്ങൾ ഇത് ഉപയോഗിക്കാൻ തയ്യാറായില്ല.
നിലവിൽ ഈ കെട്ടിടം കാടുപിടിച്ച് തുരുമ്പെടുത്ത് ഏതു നിമിഷവും തകർന്നുവീഴാവുന്ന ദയനീയ അവസ്ഥയിലാണ്. പിന്നീട് അനുവദിച്ച ‘ടേക്ക് എ ബ്രേക്ക്’ പദ്ധതി പടിഞ്ഞാറേ കവലയിലെ പിഐപി കനാൽ പുറമ്പോക്കിൽ നിർമിക്കാൻ തീരുമാനിച്ചെങ്കിലും, നിയമപരമായ തടസ്സങ്ങൾ തിരിച്ചടിയായി.
പദ്ധതിക്കെതിരെ കോടതിയിൽ കേസ് വന്നതോടെ നിർമാണം പൂർണമായും സ്തംഭിച്ചു. കോടതി നടപടികൾ വേഗത്തിലാക്കാനോ, പകരം അനുയോജ്യമായ സ്ഥലം കണ്ടെത്തി പദ്ധതി യാഥാർത്ഥ്യമാക്കാനോ പഞ്ചായത്ത് അധികൃതർക്ക് ഇതുവരെ സാധിച്ചിട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

