കേരളത്തിലെ സ്വർണ വിപണിയിൽ വലിയ വിലക്കുറവ് രേഖപ്പെടുത്തി. ആഭരണങ്ങൾ വാങ്ങാൻ കാത്തിരിക്കുന്ന ഉപഭോക്താക്കൾക്ക് ആശ്വാസമാകുന്ന ഈ മാറ്റം, സ്വർണത്തെ നിക്ഷേപമായി കണ്ടവർക്ക് തിരിച്ചടിയായിരിക്കുകയാണ്.
ഇന്ന് രാവിലെ സംസ്ഥാനത്ത് സ്വർണവില ഗ്രാമിന് 115 രൂപ കുറഞ്ഞ് 12,905 രൂപയിലും, പവന് 920 രൂപ താഴ്ന്ന് 1,03,240 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. പവൻ വിലയിൽ ഇനിയും 3240 രൂപ കുറവുണ്ടായാൽ അത് ഒരുലക്ഷം രൂപ എന്ന നിലവാരത്തിലേക്ക് എത്തും.
രാജ്യാന്തര വിപണിയിലെ ചലനങ്ങളാണ് കേരളത്തിലെ വിലയിലും പ്രതിഫലിക്കുന്നത്. ഔൺസിന് 3976 ഡോളർ എന്ന നിലവാരത്തിലേക്ക് വില ഇടിഞ്ഞതാണ് ആഭ്യന്തര വിപണിയെയും ബാധിച്ചത്.
യുദ്ധസന്നദ്ധത സംബന്ധിച്ച ഇറാൻ്റെ പ്രസ്താവന ക്രൂഡോയിൽ വില വർധനവിന് വഴിവെച്ചു. ഇത് യുഎസ് ഡോളറിൻ്റെ കരുത്ത് വർധിപ്പിച്ചു.
ആഗോളതലത്തിൽ പണപ്പെരുപ്പത്തിനും അടിസ്ഥാന പലിശനിരക്ക് ഉയരുന്നതിനും ഇത് കാരണമാകുമെന്ന വിലയിരുത്തലുകൾ നിക്ഷേപകരെ സ്വർണത്തിൽ നിന്ന് അകറ്റുകയാണ്. ഇന്ത്യയിലെ ഇറക്കുമതി ഡിമാൻഡിലുണ്ടായ കുറവും വിലയെ താഴേക്ക് നയിക്കുന്നു.
വിപണി വിദഗ്ധരുടെ അഭിപ്രായപ്രകാരം, രാജ്യാന്തര വില 3900 ഡോളറിന് താഴെ എത്തിയാൽ സ്വർണവിലയിൽ കൂടുതൽ ഇടിവുണ്ടാകുകയും കേരളത്തിൽ പവൻ വില 85,000-90,000 രൂപയിലേക്ക് താഴുകയും ചെയ്തേക്കാം. അതേസമയം, രാജ്യാന്തര വില 4250 ഡോളർ ഭേദിച്ചാൽ പവൻ വില 1,10,000 രൂപയ്ക്ക് മുകളിലേക്ക് ഉയർന്നേക്കുമെന്നും നിരീക്ഷിക്കപ്പെടുന്നു.
എകെജിഎസ്എംഎ (AKGSMA) നിർണയപ്രകാരം ഇന്ന് 18 കാരറ്റ് സ്വർണം ഗ്രാമിന് 95 രൂപ കുറഞ്ഞ് 10,660 രൂപയായി. വെള്ളി വില ഗ്രാമിന് 5 രൂപ വർധിച്ച് 240 രൂപയിൽ എത്തി.
കെജിഎസ്എംഎ (KGSMA) 18 കാരറ്റ് സ്വർണത്തിന് 10,610 രൂപയും, 14 കാരറ്റ് സ്വർണത്തിന് 8,260 രൂപയും, 9 കാരറ്റ് സ്വർണത്തിന് 5,330 രൂപയുമാണ് വില നിശ്ചയിച്ചിരിക്കുന്നത്. രാജ്യാന്തര വിപണിയിൽ കഴിഞ്ഞ നവംബറിന് ശേഷമുള്ള ഏറ്റവും വലിയ തകർച്ചയാണ് സ്വർണം നേരിടുന്നത്.
ജൂൺ മാസത്തിൽ മാത്രം 11.2 ശതമാനമാണ് വിലയിടിവുണ്ടായത്. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവ് 2013-ന് ശേഷം സ്വർണവില ഏറ്റവും കൂടുതൽ നഷ്ടം നേരിട്ട
ത്രൈമാസമായി മാറി. യുഎസിലെ പലിശനിരക്ക് കുറയ്ക്കാനുള്ള സാധ്യത നിലനിൽക്കുന്നതിനാൽ വരുംദിവസങ്ങളിലും വിപണിയിലെ അനിശ്ചിതത്വം തുടരാനാണ് സാധ്യത.
നിരാകരണം
ഈ ലേഖനം ഓഹരി, കടപ്പത്രം, മ്യൂച്വൽ ഫണ്ട്, ക്രിപ്റ്റോകറൻസി, ഐപിഒ, സ്വർണം മുതലായവ വാങ്ങാനോ വിൽക്കാനോ ഉള്ള നിർദേശമോ ഉപദേശമോ അല്ല. നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുൻപ് സ്വന്തമായി പഠനങ്ങൾ നടത്തുകയോ വിദഗ്ധ ഉപദേശം തേടുകയോ ചെയ്യുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

