തൃശൂർ നഗരത്തിലെ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപമുള്ള ലോഡ്ജിലാണ് ദാരുണമായ സംഭവം അരങ്ങേറിയത്. വലപ്പാട് എടമുട്ടം സ്വദേശിയായ ജ്യോതി (32), നവജാത ശിശു എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
ഇന്നലെ പകലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച് പൊലീസ് നൽകുന്ന വിവരങ്ങൾ ഇങ്ങനെ: 27-ാം തീയതി ഉച്ചയ്ക്ക് രണ്ടരയോടെയാണ് ജ്യോതിയും സുഹൃത്തായ ഓട്ടോ ഡ്രൈവറും ചേർന്ന് ലോഡ്ജിൽ മുറിയെടുത്തത്.
തുടർന്ന് ഞായറാഴ്ച ലോഡ്ജിൽ നിന്ന് പുറത്തുപോയ സുഹൃത്ത്, ഇന്നലെയാണ് വീണ്ടും മടങ്ങിയെത്തിയത്. എന്നാൽ ഇയാളുടെ ഫോൺ വിളികൾക്ക് മറുപടി ലഭിക്കാത്തതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് മുറി ഉള്ളിൽ നിന്ന് പൂട്ടിയ നിലയിൽ കണ്ടെത്തിയത്.
വാതിൽ തുറക്കാൻ സാധിക്കാതെ വന്നതോടെ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേനയും പൊലീസും ചേർന്ന് മുറി തുറക്കുകയായിരുന്നു. അപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
പ്രസവത്തെത്തുടർന്നാണ് മരണം സംഭവിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മുറിയിൽ നിന്ന് പൊക്കിൾ കൊടി സ്വയം മുറിച്ചു നീക്കിയ നിലയിൽ കണ്ടെത്തിയിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ സുഹൃത്തായ ഓട്ടോ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്. യുവതി ഗർഭിണിയായിരുന്ന കാര്യം തനിക്ക് അറിയില്ലായിരുന്നുവെന്നും, വയറുവേദനയാണെന്ന് പറഞ്ഞതിനെത്തുടർന്ന് മരുന്ന് വാങ്ങി നൽകുക മാത്രമാണ് ചെയ്തതെന്നുമാണ് ഇയാളുടെ മൊഴി.
ഇയാൾക്കെതിരെ 2024-ൽ യുവതി മുൻപ് പരാതി നൽകിയിട്ടുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

