മൂന്ന് പതിറ്റാണ്ട് നീണ്ട അധ്യാപന ജീവിതത്തിൽ നിന്ന് വിരമിച്ചതിന് ശേഷം വ്യത്യസ്തമായ പാത തിരഞ്ഞെടുത്ത് മാതൃകയാവുകയാണ് പിഎസ് ഹുസൈൻ.
മുവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി പെരുമ്പാട്ട് വീട്ടിൽ താമസിക്കുന്ന ഇദ്ദേഹം, തന്റെ റിട്ടയർമെന്റ് കാലം പഠനത്തിനും അറിവ് സമ്പാദനത്തിനുമായാണ് മാറ്റിവെച്ചിരിക്കുന്നത്. ചെറുവട്ടൂർ ഗവ.
ടിടിഐയിൽ നിന്നാണ് അദ്ദേഹം സേവനത്തിൽ നിന്ന് വിരമിച്ചത്. തന്റെ മകൾ ഫൗസിയയ്ക്കൊപ്പം മുവാറ്റുപുഴ ശ്രീ നാരായണ കോളേജ് ഓഫ് എജുക്കേഷനിൽ എംഎഡ് പ്രവേശനം നേടിയതാണ് ഈ വാർത്തയിലെ ശ്രദ്ധേയമായ ഏട്.
പിതാവും മകളും ഒരേ ക്ലാസ്സിലിരുന്ന് പഠനം പൂർത്തിയാക്കുക മാത്രമല്ല, പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കുകയും ചെയ്തു. മഹാത്മാഗാന്ധി സർവകലാശാലാ പരീക്ഷയിൽ ഹുസൈൻ എ പ്ലസ് ഗ്രേഡ് സ്വന്തമാക്കിയപ്പോൾ, മകൾ ഫൗസിയ രണ്ടാം റാങ്ക് നേടിക്കൊണ്ട് പിതാവിനൊപ്പം തിളങ്ങി.
മകൾക്കൊപ്പം വിദ്യാർഥിയായി ക്ലാസ്സിലിരിക്കാൻ കഴിഞ്ഞത് ജീവിതത്തിലെ അപൂർവമായ ഭാഗ്യമായാണ് ഹുസൈൻ കാണുന്നത്. കുടുംബാംഗങ്ങളെല്ലാം വിദ്യാഭ്യാസ മേഖലയിലും ഔദ്യോഗിക രംഗത്തും സജീവമാണ്.
ഹുസൈന്റെ ഭാര്യ റഹീമാബീവി പായിപ്ര ഗവ. യു പി സ്കൂളിലെ പ്രധാന അധ്യാപികയാണ്.
ഫൗസിയയുടെ ഭർത്താവ് ജാസിർ മഴുവന്നൂർ ഗ്രാമ പഞ്ചായത്തിൽ ക്ലാർക്കായി ജോലി ചെയ്യുന്നു. മകൻ അദ്നാൻ കോതമംഗലം എംഎ എൻജിനിയറിങ് കോളേജിലെ ബിടെക് വിദ്യാർഥിയാണ്.
മൂത്ത മകൾ ഫാരിസയുടെ ഭർത്താവ് അജ്മൽ കളമശ്ശേരി ഗവ. പോളിടെക്നിക്കിൽ അധ്യാപകനാണ്.
നേരത്തെ ഫാരിസയും ഫൗസിയയും ബിഎഡ് പഠനം പൂർത്തിയാക്കിയത് ശ്രീനാരായണ കോളേജിൽ നിന്നായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

