സിനിമാ ഗാനങ്ങളെക്കാൾ ജനകീയമായി മാറിയ ഒരുപിടി സിനിമേതര പ്രണയഗാനങ്ങൾ സമ്മാനിച്ചുകൊണ്ട് മലയാള ഗാന രംഗത്ത് കടന്നുവന്ന ഈസ്റ്റ് കോസ്റ്റ് എല്ലാ അർത്ഥത്തിലും പുതിയൊരു സംഗീത സംസ്കാരത്തിന് തുടക്കം കുറിച്ചിട്ട് ഏതാണ്ട് മൂന്ന് പതിറ്റാണ്ടുകൾ പൂർത്തിയാവാൻ പോവുകയാണ്. ഈസ്റ്റ് കോസ്റ്റ് വിജയൻന്റെ രചനയിൽ ഈസ്റ്റ് കോസ്റ്റ് ഓഡിയോസ് പുറത്തിറക്കിയ പ്രണയഗാനങ്ങൾ സംഗീതവിപണിയിൽ പുതിയൊരു അധ്യായത്തിന് തുടക്കമിട്ടിരുന്നു.
‘നിനക്കായ് ‘, ‘ആദ്യമായ് ‘, ‘ഓർമ്മയ്ക്കായ് ‘, ‘സ്വന്തം’, ‘ഇനിയെന്നും’, ‘എന്നെന്നും’, ‘വീണ്ടും’ തുടങ്ങി പ്രണയത്തിന്റെ വിവിധ ഭാവങ്ങൾ പകർന്നുകിട്ടിയ ഗാനങ്ങളിലൂടെ അദ്ദേഹം സംഗീത ആസ്വാദകരുടെ ഹൃദയം കീഴടക്കി. എന്നാൽ ഈ സംഗീതയാത്ര പ്രണയഗാനങ്ങളിൽ മാത്രം ഒതുങ്ങിനിന്നില്ല.
സിനിമാഗാനങ്ങൾ, ഭക്തിഗാനങ്ങൾ, മാപ്പിളപ്പാട്ടുകൾ, ഗസലുകൾ, നാടകഗാനങ്ങൾ, നാടൻപാട്ടുകൾ, കവിതകൾ, ഓണപ്പാട്ടുകൾ തുടങ്ങി വൈവിധ്യമാർന്ന സംഗീതശാഖകളിലേക്ക് ഈസ്റ്റ് കോസ്റ്റ് ബാനർ വളർന്നു. വീണ്ടുമൊരു ഓണക്കാലം എത്തുമ്പോൾ ആഘോഷങ്ങൾക്ക് പുതുമയാർന്ന നിറം പകരാനായി ഈസ്റ്റ് കോസ്റ്റ് വിജയൻ പുതിയ സംഗീതവിരുന്നുമായി എത്തിയിരിക്കുകയാണ്.
മലയാളികൾ നെഞ്ചേറ്റിയ ‘ബാല്യകാലസ്മൃതികളായി ഓണം’ എന്ന മ്യൂസിക് വീഡിയോയുടെ തുടർച്ചയായി ഒരുക്കിയ പുതിയ ഗാനമാണ് ‘ഓണം വൈബ് 2026’. ഗാനരചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് ഈസ്റ്റ് കോസ്റ്റ് വിജയൻ തന്നെയാണ്.
ഓണത്തിന്റെ ഗൃഹാതുരതയും ആഘോഷത്തിമിർപ്പും സമന്വയിപ്പിച്ച് ജെൻ സി തലമുറയ്ക്കും പഴയ തലമുറയ്ക്കും ഒരുപോലെ ആസ്വദിക്കാവുന്ന രീതിയിലാണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ‘ഭീഷ്മരിലൂടെ’ മലയാളികൾക്ക് സുപരിചിതയായ അമ്മേരയും നടൻ സന്തോഷ് കീഴാറ്റൂരും പ്രധാന വേഷങ്ങളിലെത്തുന്ന വീഡിയോയിൽ പുതുതലമുറയ്ക്ക് അവസരങ്ങൾ നൽകുന്ന പതിവ് ഇത്തവണയും ആവർത്തിച്ചിട്ടുണ്ട്.
സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമായ ശ്രീജിത്ത് പ്രധാന വേഷത്തിലെത്തുമ്പോൾ യുവഗായകരായ സൂര്യനാരായണനും ദേവനന്ദയും ഈസ്റ്റ് കോസ്റ്റ് ബാനറിലൂടെ അരങ്ങേറ്റം കുറിക്കുന്നു. ടീം ഈസ്റ്റ് കോസ്റ്റ് ആണ് ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്.
ഓണത്തിന്റെ തനിമയും കേരളീയ ആഘോഷങ്ങളുടെ വൈവിധ്യവും ദൃശ്യവത്കരിക്കുന്ന മ്യൂസിക് വീഡിയോയിൽ ഇരുന്നൂറിലധികം ജൂനിയർ ആർട്ടിസ്റ്റുകൾക്കൊപ്പം വിവിധ ഓണക്കളികളും കേരളീയ കലാരൂപങ്ങളും അണിനിരക്കുന്നുണ്ട്. ഡാന്‍സ് കൊറിയോഗ്രാഫി ശാന്തി മാസ്റ്റര്‍ നിര്‍വഹിച്ചിരിക്കുന്നു.
ഛായാഗ്രഹണം എല്‍ദോ ഐസക്, പ്രോജക്റ്റ് ഡിസൈനര്‍ സജിത്ത് കൃഷ്ണന്, എഡിറ്റിംഗ് മനു ബാലകൃഷ്ണന്, വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണന്, മേക്കപ്പ് രഹിം കൊടുങ്ങല്ലൂര്‍, ടൈറ്റില്‍ മ്യൂസിക് ആന്‍ഡ് പ്രോഗ്രാമിംഗ് മധു പോള്‍, മിക്സിംഗ് മാസ്റ്ററിംഗ് അശ്വിന് കുമാര്‍, ടൈറ്റില്‍ ഗ്രാഫിക്സ് നിഥിന് റാം നെടുവത്തൂര്‍, കളറിസ്റ്റ് ലിജു പ്രഭാകര്‍, ഡി ഐ രംഗ്റേയ്സ്, അസോസിയേറ്റ് ഡയറക്ടര്‍മാര്‍ സുഭാഷ് ഇളമ്പല്‍, പ്രസാദ് യാദവ്, പ്രൊഡക്ഷന്‍ കണ്ട്രോളര് രാജേഷ് തിലകം, സ്റ്റില്‍സ് ആന്‍ഡ് മേക്കിംഗ് വീഡിയോ അജി മസ്ക്കറ്റ്, രിജോയ്, എ ഐ ആര്‍ട്ടിസ്റ്റ് നസീം വൈ എന്‍, ഓണക്കളി അറേഞ്ച്മെന്റ്സ് ഭാഗ്യരാജ് പറളി എന്നിവരാണ് അണിയറപ്രവർത്തകർ. യൂട്യൂബില്‍ റിലീസ് ചെയ്ത മ്യൂസിക് വീഡിയോയുടെ ഓഡിയോ എല്ലാ പ്രമുഖ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളിലും ലഭ്യമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

