അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണയുടെ വിലയിൽ വലിയ മുന്നേറ്റം ദൃശ്യമായി. ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 1.93 ഡോളർ വർധിച്ച് 93.05 ഡോളർ എന്ന നിരക്കിലെത്തി.
ഒറ്റദിവസം കൊണ്ട് രണ്ടു ശതമാനത്തിലധികം വർധനവാണ് ഈ മേഖലയിലുണ്ടായത്. മധ്യപൂർവേഷ്യയിലെ സംഘർഷാവസ്ഥ വിപണിയെ കാര്യമായി സ്വാധീനിക്കുന്നുണ്ട്.
ലെബനോണിൽ ഇസ്രായേൽ നടത്തുന്ന അധിനിവേശവും, ഇറാൻ-യുഎസ് സമാധാന കരാർ അന്തിമമാക്കുന്നതിലെ അനിശ്ചിതത്വവുമാണ് വിപണിയിൽ അസ്ഥിരതയ്ക്ക് വഴിയൊരുക്കിയിരിക്കുന്നത്. വിപണിയിലെ ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ഓഗസ്റ്റിൽ കാലാവധി അവസാനിക്കുന്ന ബ്രെന്റ് ഓയിൽ ഫ്യൂച്ചേഴ്സ് ബാരലിന് 2.1 ശതമാനം ഉയർന്ന് 92.99 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
കൂടാതെ, വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (WTI) ക്രൂഡ് ഫ്യൂച്ചേഴ്സ് 2.1 ശതമാനം വർധനവോടെ 89.20 ഡോളർ എന്ന നിരക്കിലെത്തി. ഇറാൻ-അമേരിക്കൻ സമാധാന ചർച്ചകളെത്തുടർന്ന് വിപണിയിൽ നേരിയ ആശ്വാസം പ്രകടമായിരുന്നുവെങ്കിലും, കരാറുമായി ബന്ധപ്പെട്ട
തർക്കങ്ങളും തെക്കൻ ലെബനനിലെ ഇസ്രായേലിന്റെ സൈനിക വിന്യാസവും ആഗോള തലത്തിൽ പ്രതിസന്ധി വീണ്ടും സങ്കീർണ്ണമാക്കിയിരിക്കുകയാണ്. ഈ വിലവർധനവിന്റെ പശ്ചാത്തലത്തിൽ, രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറുകളുടെ നിരക്കിൽ വർധനവ് വരുത്തി.
ഒരു വാണിജ്യ സിലിണ്ടറിന് 46 രൂപയാണ് വർധിപ്പിച്ചത്. ഇതുകൂടിയായതോടെ നേരത്തെ 3,085.00 രൂപയായിരുന്ന വാണിജ്യ സിലിണ്ടറിന്റെ വില 3131 രൂപയായി ഉയർന്നു.
അതേസമയം, സാധാരണക്കാരായ ഉപഭോക്താക്കളെ ബാധിക്കുന്ന ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ നിലവിൽ മാറ്റങ്ങൾ വരുത്തിയിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

