അമേരിക്കയിലെ ജോർജിയയിൽ ഉണ്ടായ ദാരുണമായ ഹെലികോപ്റ്റർ അപകടത്തിൽ പ്രവാസി മലയാളിയായ വരനും പൈലറ്റും മരണപ്പെട്ടു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വധുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മൂവാറ്റുപുഴ സ്വദേശികളായ ഫിജി ജോർജ് – ഫേബ ഫിജി ദമ്പതികളുടെ മകൻ ഡേവ് ഫിജി ആണ് അപകടത്തിൽ മരിച്ചത്. ഇദ്ദേഹം അറ്റ്ലാന്റ എയർലൈൻസിൽ പൈലറ്റായി സേവനമനുഷ്ഠിക്കുകയായിരുന്നു.
വധുവായ ജെസ്നി സാം, തലവടി ചുടുക്കാട്ടിൽ ജെസ്വിൻ വില്ലയിൽ സാം ഉമ്മൻ – ഷീല സാം ദമ്പതികളുടെ മകളാണ്. ജോർജിയയിലെ ഡോസൺ കൗണ്ടിയിൽ മെയ് 29-ാം തീയതി രാത്രി 10.30-ഓടെയാണ് (ഇന്ത്യൻ സമയം 30-ാം തീയതി രാവിലെ 8 മണി) ഈ ദുരന്തം സംഭവിച്ചത്.
29-ാം തീയതി വൈകിട്ട് 4.30-ന് നടന്ന വിവാഹച്ചടങ്ങിന് ശേഷം ദമ്പതികൾ നടത്തിയ ഹെലികോപ്റ്റർ യാത്രയാണ് അപകടത്തിൽ കലാശിച്ചത്. വർഷങ്ങളായി അമേരിക്കയിൽ സ്ഥിരതാമസക്കാരാണ് ഈ രണ്ട് കുടുംബങ്ങളും.
ജെസ്നി സാമിന്റെ പിതാവ് സാം ഉമ്മനും കുടുംബവും കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി അമേരിക്കയിലാണ് താമസിക്കുന്നത്. വധുവിന്റെ നാട്ടിലെ ബന്ധുക്കൾക്കായി തലവടിയിലെ ടിപിഎം സഭാഹാളിൽ സംഘടിപ്പിച്ചിരുന്ന വിരുന്ന്, അപകടവാർത്തയെ തുടർന്ന് മാറ്റിവെച്ചു.
സംഭവത്തിൽ യുഎസിലെ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും നാഷനൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡും ഔദ്യോഗികമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

