കര്‍ണാടകയിലെ മന്ത്രിസഭാ വികസനവും ഉപമുഖ്യമന്ത്രി പദവി സംബന്ധിച്ച തര്‍ക്കങ്ങളും പരിഹരിക്കുന്നതിനായി മുഖ്യമന്ത്രി സിദ്ധരാമയ്യയും നിയുക്ത മുഖ്യമന്ത്രി ഡി.കെ.ശിവകുമാര്രും നാളെ ദില്ലിയിലെത്തും. ഹൈക്കമാന്‍ഡ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി അന്തിമ തീരുമാനമെടുക്കുകയാണ് സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം.
നിലവില്‍, ഉപമുഖ്യമന്ത്രിമാരുടെ എണ്ണത്തെ ചൊല്ലി പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായവ്യത്യാസം തുടരുകയാണ്. നാല് ഉപമുഖ്യമന്ത്രിമാര്‍ വേണമെന്ന ഹൈക്കമാന്‍ഡിന്റെ പ്രാഥമിക ആലോചനയില്‍ നിന്ന് ഇപ്പോള്‍ പിന്മാറിയതായാണ് സൂചന.
തന്റെ വിശ്വസ്തനായ പരമേശ്വരയെ ഉപമുഖ്യമന്ത്രിയാക്കണമെന്ന നിലപാടില്‍ സിദ്ധരാമയ്യ ഉറച്ചുനില്‍ക്കുമ്പോള്‍, അത്തരമൊരു പദവിയുടെ ആവശ്യമില്ലെന്ന നിലപാടാണ് ഡി.കെ.ശിവകുമാര്‍ സ്വീകരിച്ചിരിക്കുന്നത്. മന്ത്രിസഭയിലെ മറ്റ് അംഗങ്ങളുടെ കാര്യത്തിലും ഇതുവരെ വ്യക്തത കൈവന്നിട്ടില്ല.
നാളെ വൈകിട്ടോടെ ഇതുസംബന്ധിച്ച നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനിടെ, ജൂൺ മൂന്നിന് നിശ്ചയിച്ചിട്ടുള്ള ഡി.കെ.ശിവകുമാര്ന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ലളിതമാക്കാന്‍ ഹൈക്കമാന്‍ഡ് കര്‍ശന നിര്‍ദേശം നല്കി.
സിദ്ധരാമയ്യ സ്ഥാനമൊഴിയുന്ന സാഹചര്യവും, അതൃപ്തിയുള്ള സമുദായ സംഘടനകളുടെ വികാരവും കണക്കിലെടുത്താണ് ചടങ്ങ് ആഡംബരമില്ലാതെ നടത്താന്‍ തീരുമാനിച്ചത്. ആഘോഷപ്രകടനങ്ങള്‍ ഒഴിവാക്കണമെന്നും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ കൂട്ടത്തോടെ ബെംഗളൂരുവിലേക്ക് വരരുതെന്നും കെപിസിസി അണികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ലോക് ഭവനില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ 600 ഓളം പേര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കളും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും സത്യപ്രതിജ്ഞാ ചടങ്ങില്‍ സാക്ഷികളാകും.
ചടങ്ങിനായുള്ള ക്രമീകരണങ്ങള്‍ ലോക് ഭവനില്‍ പുരോഗമിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

