കൽപറ്റ ∙ ദേശീയ പട്ടികവർഗ കമ്മിഷൻ അംഗം ജാതോതു ഹുസൈൻ ജില്ലയിൽ സന്ദർശനം നടത്തി. കമ്മിഷൻ ഡയറക്ടർ ഡോ.പി.കല്യാണ റെഡ്ഡി, പ്രൈവറ്റ് സെക്രട്ടറി അശോക് കുമാർ ലക്കർസു എന്നിവർ ഒപ്പമുണ്ടായിരുന്നു.
പൂക്കോട് ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളിലായിരുന്നു ആദ്യ സന്ദർശനം. പൂക്കോട് വെറ്ററിനറി സർവകലാശാലയ്ക്കു മുൻപിൽ ഐടിഡിപി പ്രോജക്ട് ഓഫിസർ ജി പ്രമോദ്, സീനിയർ സൂപ്രണ്ട് ജംഷാദ് ചെമ്പൻതൊടിക, പൂക്കോട് ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂൾ പ്രിൻസിപ്പൽ സൂര്യ പ്രതാപ് സിങ്, എൻ ഊര് സിഇഒ പി.പ്രിമൽ രാജ് എന്നിവർ ചേർന്ന് സംഘത്തെ സ്വീകരിച്ചു.
പൂക്കോട് ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളിലെ ക്ലാസ് മുറികളും മറ്റ് സൗകര്യങ്ങളും പരിശോധിച്ച ശേഷം വിദ്യാർഥികളുമായും ജീവനക്കാരുമായും അദ്ദേഹം ആശയ വിനിമയം നടത്തി.
സ്കൂളിനു ചുറ്റുമതിൽ, സ്റ്റാഫ് ക്വാർട്ടേഴ്സ്, ഓഡിറ്റോറിയം എന്നിവ നിർമിക്കുന്നതിനും ഓവുചാൽ പ്രശ്നം പരിഹരിക്കാനും ആവശ്യമായ ഇടപെടലുകൾ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. തുടർന്ന് എൻ ഊര് ഗോത്ര പൈതൃക ഗ്രാമം സന്ദർശിച്ചു.
കണിയാമ്പറ്റ ഗേൾസ് മോഡൽ റസിഡൻഷ്യൽ സ്കൂളും ഹോസ്റ്റലും സന്ദർശിച്ച ശേഷം കുട്ടികളോടും അധ്യാപകരോടും ജീവനക്കാരോടും സംവദിച്ചു.
വിവിധ കായിക മത്സരങ്ങളിൽ ദേശീയ തലത്തിൽ ഉൾപ്പെടെ മികച്ച വിജയം നേടിയ വിദ്യാർഥികൾക്ക് സമ്മാനങ്ങൾ നൽകി. സന്ദർശനത്തിന്റെ ഓർമയ്ക്കായി സ്കൂൾ പരിസരത്തു വൃക്ഷത്തൈ നട്ടു.
ജില്ലയിലെ വൈത്തിരി, കണിയാമ്പറ്റ പഞ്ചായത്തുകളിലെ വട്ടക്കുണ്ട്, കൊഴിഞ്ഞങ്ങാട് ഉൗരുകളിലും അദ്ദേഹം സന്ദർശനം നടത്തി. ഉൗരുനിവാസികളുടെ പ്രശ്നങ്ങളും പരാതികളും കേൾക്കുകയും ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയും ചെയ്തു.
എഡിഎം കെ.ദേവകിയുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും സംഘത്തെ അനുഗമിച്ചു.
മനുഷ്യ-വന്യമൃഗ സംഘർഷ സാഹചര്യങ്ങളിൽ മനുഷ്യജീവന് പ്രാധാന്യം കൊടുത്തുള്ള സമീപനമാണ് സ്വീകരിക്കേണ്ടതെന്ന് കമ്മിഷൻ അംഗം ജാതോതു ഹുസൈൻ അഭിപ്രായപ്പെട്ടു. പട്ടികവർഗക്കാർ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കമ്മിഷന്റെ സേവനം ഉപയോഗപ്പെടുത്താൻ തയാറാവണമെന്നും വനം വകുപ്പിലെ ജോലികളിൽ പട്ടികവർഗ വിഭാഗക്കാരായ പ്രദേശവാസികൾക്ക് പ്രത്യേക പരിഗണന നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കലക്ടറേറ്റിൽ ആദിവാസി നേതാക്കളുമായും അദ്ദേഹം ചർച്ച നടത്തി. കലക്ടർ ഡി.ആർ.മേഘശ്രീയുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗത്തിലും പങ്കെടുത്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

