ഓണാഘോഷത്തോടനുബന്ധിച്ച് ജില്ലയിലേക്ക് വിനോദസഞ്ചാരികളുടെ ഒഴുക്ക് ശക്തമായതോടെ വയനാട്ടിലെ പ്രധാന നഗരങ്ങളിലും താമരശ്ശേരി ചുരത്തിലും കടുത്ത ഗതാഗതക്കുരുക്ക്. വിനോദസഞ്ചാര കേന്ദ്രങ്ങൾക്കു പുറമെ കർണാടകയിലെ ഗുണ്ടൽപേട്ടിലെ മുന്തിരിത്തോട്ടങ്ങളും പൂപ്പാടങ്ങളും സന്ദർശിക്കാനായി ദിവസേന എണ്ണൂറിലധികം വാഹനങ്ങളാണ് ചുരം കയറി എത്തുന്നത്.
ഇത് ചുരത്തിലെ ഗതാഗത സംവിധാനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. ശനിയാഴ്ച രാത്രിയോടെ ആരംഭിച്ച ബ്ലോക്ക് ഇന്നലെ രാത്രി വൈകിയും തുടരുകയാണ്.
കഴിഞ്ഞ രണ്ട് ദിവസമായി കൽപറ്റ, ബത്തേരി ടൗണുകൾ കടുത്ത യാത്രാദുരിതത്തിലാണ്. കൽപറ്റയിൽ ഇന്നലെ രാവിലെയുണ്ടായ കുരുക്ക് രാത്രി ഏഴുമണിയോടെയാണ് അല്പമെങ്കിലും അയഞ്ഞത്.
പഴയ ബസ് സ്റ്റാൻഡ് മുതൽ പുതിയ ബസ് സ്റ്റാൻഡ് വരെയുള്ള ഒന്നര കിലോമീറ്റർ പിന്നിടാൻ വാഹനങ്ങൾക്ക് അരമണിക്കൂറിലധികം വേണ്ടിവന്നു. ജനമൈത്രി ട്രാഫിക് ജംക്ഷൻ, ചുങ്കം, കൈനാട്ടി തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിൽ വാഹനങ്ങളുടെ നീണ്ടനിരയാണ് രൂപപ്പെട്ടത്.
കൈനാട്ടിയിലെ ഓട്ടോമാറ്റിക് ട്രാഫിക് സിഗ്നൽ സംവിധാനം ഇടയ്ക്കിടെ പണിമുടക്കിയത് സ്ഥിതി കൂടുതൽ വഷളാക്കി. നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിലും ഹോട്ടലുകളിലും വൻതിരക്കാണ് അനുഭവപ്പെടുന്നത്.
സ്വന്തമായി പാർക്കിങ് സൗകര്യമില്ലാത്ത സ്ഥാപനങ്ങളിലേക്ക് എത്തുന്നവർ റോഡരികിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും കുരുക്കിന് ആക്കം കൂട്ടുന്നുണ്ട്. ചെറിയ വാഹനങ്ങൾ ബൈപാസ് വഴി തിരിച്ചുവിട്ടെങ്കിലും ഉച്ചയോടെ ഈ പാതയിലും കിലോമീറ്ററുകളോളം വാഹനനിര നീണ്ടു.
സമാനമായ സാഹചര്യമാണ് ബത്തേരി ടൗണിലും റിപ്പോർട്ട് ചെയ്തത്. കർണാടകയിൽ നിന്നുള്ള സഞ്ചാരികളുടെ വാഹനങ്ങളാണ് ഇവിടെ കൂടുതലായെത്തിയത്.
മൈസൂരു, ഗുണ്ടൽപേട്ട് എന്നിവിടങ്ങൾ സന്ദർശിക്കാൻ മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നിന്നുള്ളവരും എത്തിയതോടെ നഗരം പൂർണ്ണമായും സ്തംഭിച്ചു. ഇന്നലെ രാവിലെയോടെ ബീനാച്ചി മുതൽ തന്നെ വാഹനങ്ങളുടെ നീണ്ടനിര ദൃശ്യമായിരുന്നു.
സമയക്രമം പാലിക്കാൻ കഴിയാതെ കെഎസ്ആർടിസിയും സ്വകാര്യ ബസുകളും ഉൾപ്പെടെയുള്ളവ വഴിയിൽ വലഞ്ഞു. ബത്തേരി മുതൽ ഗുണ്ടൽപേട്ട് വരെയുള്ള പാതയിൽ വിവിധയിടങ്ങളിൽ മണിക്കൂറുകളോളമാണ് ഗതാഗതം തടസ്സപ്പെട്ടത്.
മീനങ്ങാടി, വൈത്തിരി ടൗണുകളിലും സ്ഥിതി വ്യത്യസ്തമല്ല. അരമണിക്കൂറോളം കാത്തുനിന്നാണ് പലർക്കും മീനങ്ങാടി ടൗൺ പിന്നിടാൻ സാധിച്ചത്.
വൈത്തിരി, പഴയവൈത്തിരി, തളിപ്പുഴ മേഖലകളിലും രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. താമരശ്ശേരി ചുരം കയറി ലക്കിടിയിലെത്തിയ വാഹനങ്ങൾ ഒരുമണിക്കൂറോളമെടുത്താണ് വൈത്തിരി ടൗൺ കടന്നുപോയത്.
എൻഊര് ഗോത്ര പൈതൃക ഗ്രാമത്തിലേക്ക് എത്തിയ വാഹനങ്ങൾക്ക് ആവശ്യത്തിന് പാർക്കിങ് സ്ഥലം ലഭ്യമല്ലാതിരുന്നതിനാൽ ദേശീയപാതയോരത്ത് വാഹനങ്ങൾ നിർത്തിയിട്ടത് വലിയ തോതിലുള്ള ഗതാഗത തടസ്സത്തിന് കാരണമായി. പൂക്കോട് തടാകത്തിലേക്കുള്ള റോഡിലും വാഹനങ്ങളുടെ വൻനിരയാണ് കാണാൻ സാധിച്ചത്.
ചുണ്ടേൽ ടൗണിലും ഇന്നലെ സമാനമായ രീതിയിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. വരുംദിവസങ്ങളിൽ ഓണാഘോഷത്തോടനുബന്ധിച്ച് കൂടുതൽ സഞ്ചാരികൾ എത്തും എന്നതിനാൽ പ്രധാന ടൗണുകളിലെല്ലാം ഗതാഗതക്കുരുക്ക് തുടരാനാണ് സാധ്യത.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

