കൽപറ്റ ∙ കേരളത്തിന്റെ സമസ്ത മേഖലയേയും ജനവിഭാഗങ്ങളെയും ഒപ്പം വയനാടിനെയും ചേർത്തുപിടിച്ച ജനകീയ ബജറ്റാണ് ധനമന്ത്രി നിയമസഭയിൽ അവതരിപ്പിച്ചതെന്ന് മാനന്തവാടി എംഎൽഎ കൂടിയായ മന്ത്രി ഒ.ആർ. കേളു.
അടിസ്ഥാന ജനവിഭാഗങ്ങളുടെ ക്ഷേമ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകുന്നതോടൊപ്പം നവകേരള നിർമിതിക്ക് വേഗം കൂട്ടുന്ന വിവിധ പദ്ധതികൾ പ്രഖ്യാപിച്ച ബജറ്റിന് ജനകീയ മുഖം കൈവന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം, ഇടതുപക്ഷ സർക്കാരിന്റെ അവസാനത്തെ ബജറ്റ് വയനാടിനെ സംബന്ധിച്ച് നിരാശാജനകമാണെന്ന് ടി.സിദ്ദിഖ് എംഎൽഎ കുറ്റപ്പെടുത്തി.
വയനാടിനെ തീർത്തും അവഗണിച്ച ബജറ്റാണിത്. ഈ സർക്കാരിന്റെ ബജറ്റ് അടുത്ത സർക്കാർ തുടരില്ലെന്നതാണ് ഏക ആശ്വാസമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയെ സംബന്ധിച്ച് പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങളിൽ താരതമ്യേന കൂടുതൽ പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് ജനസംഖ്യാനുപാതികമായി ജില്ലാ പഞ്ചായത്ത് തലത്തിൽ പ്രത്യേക വികസന ഫണ്ട് അനുവദിച്ചത് നേട്ടമാണെന്ന് മന്ത്രി കേളു പറഞ്ഞു.
വയനാട് വികസന പാക്കേജിന് അഞ്ച് കോടി രൂപ വർധിപ്പിച്ച് 80 കോടി അനുവദിച്ചത് വയനാടിന്റെ വികസന പ്രവർത്തനങ്ങൾക്ക് വേഗം കൂട്ടും. വയനാട് വികസന പാക്കേജിലെ പദ്ധതികൾ അതിവേഗം പുരോഗമിക്കുകയാണ്.
മാനന്തവാടി നിയോജക മണ്ഡലത്തിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലെ റോഡുകൾ, പാലം നിർമാണത്തിനായി 21.5 കോടിയും ഭവന നിർമാണ ബോർഡിന്റെ കീഴിൽ ആൺ കുട്ടികൾക്ക് ഹോസ്റ്റൽ നിർമിക്കാൻ നാല് കോടിയും അനുവദിച്ചത് സമാനതകളില്ലാത്ത നേട്ടമാണ്. പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കി ജില്ലയുടെ വികസന മുന്നേറ്റം അതിവേഗം നടപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ ബജറ്റിൽ വയനാടിനെ സംബന്ധിച്ച് ആകെയുണ്ടായിരുന്നത് മുണ്ടക്കൈ-ചൂരൽമല ഉരുൾ ദുരന്തബാധിതർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ജനം കൊടുത്ത പണത്തിൽ നിന്നും തുക വകയിരുത്തിയതായിരുന്നു എങ്കിൽ ഇത്തവണ സമ്പൂർണമായി തന്നെ വയനാടിനെ അവഗണിച്ചിരിക്കുകയാണെന്ന് ടി.സിദ്ദിഖ് എംഎൽഎ പറഞ്ഞു.
ജില്ലയുടെ കാർഷിക മേഖലക്ക് ഈ ബജറ്റിൽ ഒന്നുമില്ല. ജില്ലയിലെ ക്ഷീരമേഖല സമാനതകളില്ലാത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.
കാലിത്തീറ്റക്കുണ്ടായ ക്രമാതീതമായ വിലവർധന, പച്ചപ്പുല്ലിന്റെ വിലവർധന, വന്യമൃഗശല്യം എന്നിങ്ങനെ നിരവധിയായ പ്രശ്നങ്ങളിൽ ക്ഷീരകർഷകർ നട്ടം തിരിയുമ്പോൾ അവരെ സംരക്ഷിക്കുന്നതിനായി ഒന്നും ഈ സർക്കാർ ബജറ്റിൽ നീക്കി വച്ചിട്ടില്ല.
വയനാടിന്റെ പ്രതീക്ഷയായ നിലമ്പൂർ–നഞ്ചൻകോട് റെയിൽവേയുമായി ബന്ധപ്പെട്ട് ഒരു പ്രഖ്യാപനവും ബജറ്റില്ല. വയനാട് മെഡിക്കൽ കോളജുമായി ബന്ധപ്പെട്ട് ഒരു പരാമർശം പോലുമില്ലാത്ത ബജറ്റ് ആണിത്.
പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡ് സാധ്യതാപഠന റിപ്പോർട്ട് ഉൾപ്പെടെ ഉണ്ടായിട്ടും ഒരു രൂപ പോലും ബജറ്റിൽ വകയിരുത്തിയില്ല. ഗോത്രവിഭാഗങ്ങൾക്കും കാര്യമായ പദ്ധതികൾ ബജറ്റില്ല.
വയനാട്ടിലെ കർഷകർ നേരിടുന്ന പ്രധാന പ്രതിസന്ധിയാണ് വന്യമൃഗശല്യം. സംസ്ഥാനത്ത് ഏറ്റവമധികം വന്യമൃഗശല്യം നേരിടുന്ന ജില്ലയായിട്ടും അതിനെ പ്രതിരോധിക്കാൻ പ്രത്യേകപദ്ധതികളൊന്നും വയനാടിനില്ല.
7000 കോടി രൂപയുടെ വയനാട് പാക്കേജ് പ്രഖ്യാപിച്ചിട്ട് കേവലം നാമമാത്രമായ തുകയാണ് നൽകിവരുന്നത്. ഇങ്ങനെ പ്രഖ്യാപിച്ചാൽ എത്ര വർഷങ്ങൾ കഴിഞ്ഞാലാകും ഏഴായിരം കോടി രൂപയാകുകയെന്നും അദ്ദേഹം ചോദിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

