പുൽപള്ളി ∙ വണ്ടിക്കടവ് വനത്തിൽ ഗോത്രവയോധികനെ കൊന്ന കടുവയെ പിടികൂടുന്നതിന്റെ ഭാഗമായി ഇന്നലെ മറ്റൊരുകൂടും വനപ്രദേശത്ത് സ്ഥാപിച്ചു.നേരത്തെ ലഭിച്ച ക്യാമറദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കടുവയെ കൂടുവച്ചോ, മയക്കുവെടിവച്ചോ പിടികൂടാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ അനുമതി നൽകിയിരുന്നു.ഇതിനായുള്ള ടെക്നിക്കൽ കമ്മിറ്റി ഇന്നലെ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. വനപ്രദേശത്ത് വേറെയും കടുവയെ കണ്ടെത്തിയതിനാൽ കൂമനെ കൊന്ന കടുവ ഏതെന്നു വ്യക്തമായിട്ടില്ല.
വനത്തിനുള്ളിൽ 20 ക്യാമറകളും ലൈവ് ക്യാമറയും സ്ഥാപിച്ചു.
ക്യാമറാ ദൃശ്യങ്ങളിൽ കണ്ടെത്തിയ ഒരു കടുവയ്ക്ക് പ്രായമേറിയതിനാൽ മനുഷ്യനെ ആക്രമിക്കാനും വളർത്തുമൃഗങ്ങളെ പിടിക്കാനും സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. വിറകെടുക്കാൻ വനത്തിലെത്തിയ കൂമനെ കൊന്നത് ഈ കടുവയാകാമെന്നാണ് ടെകിനിക്കൽ കമ്മിറ്റിയുടെ വിലയിരുത്തൽ.
പാലക്കാട് മേഖലാ വൈൽഡ് ലൈഫ് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ടി.ഉമ ഇന്നലെ സ്ഥലം സന്ദർശിച്ച് ഇതുവരെയുള്ള പ്രവർത്തനങ്ങൾ അവലോകനം ചെയ്തു.കൂമന്റെ ബന്ധുക്കളുമായും ഊരുനിവാസികളുമായും ആശയവിനിമയം നടത്തി.വനത്തിൽ പോകുന്ന ഗോത്രവിഭാഗക്കാർക്ക് തലയ്ക്കുപിന്നിൽ ധരിക്കുന്ന മുഖംമൂടികൾ വിതരണം ചെയ്യുമെന്നും അവർ അറിയിച്ചു.
ബത്തേരി, മാനന്തവാടി ആർആർടികളുടെ നേതൃത്വത്തിൽ വനത്തിനകത്തും വന്യജീവി സങ്കേതത്തിലെയും സൗത്ത് വയനാട് ഡിവിഷനിലെയും വനപാലകരുടെ സംഘം പകലും രാത്രിയും പ്രദേശത്ത് പട്രോളിങ്ങും നടത്തും. ഞായറാഴ്ച ജനങ്ങൾ കടുവയെകണ്ട
ഭാഗത്ത് എസിഎഫ് എം.ജോഷിലിന്റെ നേതൃത്വത്തിൽ ഇന്നലെ പരിശോധിക്കുകയും അവിടെ നിലവിൽ കടുവയൊന്നുമില്ലെന്ന് ഉറപ്പാക്കുകയുംചെയ്തു. അതിർത്തിയിലെ കർണാടക ക്യാംപ് ഷെഡ്ഡിനടുത്ത് കഴിഞ്ഞദിവസം രാത്രിയെത്തിയ കടുവ കേരളാതിർത്തി കടന്നെത്തിയില്ലെന്നും ഉദ്യോഗസ്ഥർ പറയുന്നു.
പ്രജനനകാലത്തെ കടുവകളുടെ സ്വഭാവത്തെക്കുറിച്ച് സമീപ പ്രദേശവാസികൾക്ക് ബോധവൽക്കരണം നടത്താനും തീരുമാനിച്ചു.
അസി.വൈൽഡ് ലൈഫ് വാർഡൻമാരായ പി.എം.മുബഷീർ, സജ്ജയ്കുമാർ, എം.കെ.രാജീവ്കുമാർ, ഡപ്യുട്ടി റേഞ്ച് ഓഫിസർമാരായ ബൈജുനാഥ്, അഷ്റഫ്, കെ.കെ.അബ്ദുൽ ഗഫൂർ എന്നിവരുടെ നേതൃത്വത്തിലാണ് നടപടികൾ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

