മുൻകാലങ്ങളിൽ ഉപഭോഗമില്ലാതെ തോട്ടങ്ങളിൽ നശിച്ചുപോയിരുന്ന വയനാടൻ ചക്കയ്ക്ക് അയൽസംസ്ഥാനമായ കർണാടകയിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. നിലവിൽ ദിവസേന ലോഡ് കണക്കിന് ചക്കയാണ് വയനാട്ടിൽ നിന്ന് അതിർത്തി കടന്ന് കർണാടകയിലെ പ്രധാന നഗരങ്ങളിലേക്കും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും എത്തിച്ചേരുന്നത്.
കർണാടകയിലെ പഴവിപണികളിൽ വയനാടൻ ചക്കയ്ക്ക് വലിയ ഡിമാൻഡാണ് അനുഭവപ്പെടുന്നത്. പഴുത്ത ചക്ക, വേർതിരിച്ച ചുളകൾ, പച്ചച്ചക്ക എന്നിവ ഇവിടെ വൻതോതിൽ വിറ്റഴിക്കപ്പെടുന്നു.
വിനോദസഞ്ചാര കേന്ദ്രങ്ങളിലെ പാതയോരങ്ങളിൽ ചക്കയ്ക്ക് വലിയ ആവശ്യക്കാരാണുള്ളത്. വിപണിയിൽ അഞ്ച് ചുള അടങ്ങിയ പാക്കറ്റിന് 30 രൂപയാണ് വില.
ഒരു ചക്കച്ചുളയ്ക്ക് 6 രൂപ നിരക്കിലും വിൽപന നടക്കുന്നുണ്ട്. എന്നാൽ, ഈ വിപണന ശൃംഖലയിലെ ലാഭവിഹിതം കർഷകരിൽ എത്തുന്നില്ലെന്നത് ശ്രദ്ധേയമാണ്.
ഒരു വലിയ ചക്ക വിൽക്കുമ്പോൾ കച്ചവടക്കാരന് 500 രൂപയിലധികം വരുമാനം ലഭിക്കുമ്പോൾ, കർഷകർക്ക് ലഭിക്കുന്നത് കേവലം 20 രൂപ മാത്രമാണ്. വയനാടൻ ചക്ക ഉത്തരേന്ത്യൻ വിപണികളിലേക്കും കയറ്റി അയക്കുന്നുണ്ട്.
ഇടിച്ചക്ക, പച്ചച്ചക്ക, പഴുത്ത ചക്ക എന്നിങ്ങനെ തരംതിരിച്ച് ഐസ് പാളികൾ നിരത്തിയ ലോറികളിലാണ് ഇവ കർണാടകയിലേക്ക് കൊണ്ടുപോകുന്നത്. വർഷം തോറും വൻതോതിൽ ചക്ക പുറത്തേക്ക് കയറ്റി അയക്കുന്നുണ്ടെങ്കിലും, ജില്ലയിലെ തോട്ടങ്ങളിൽ വിളയുന്നതിന്റെ വലിയൊരു ഭാഗം ഇപ്പോഴും പഴുത്ത് ചീഞ്ഞു നശിക്കുകയാണ്.
ചക്കയോ മറ്റ് ജൈവ പഴവർഗങ്ങളോ സംസ്കരിച്ച് വിപണനം ചെയ്യാൻ ജില്ലയിൽ ആവശ്യമായ സംവിധാനങ്ങളില്ലാത്തതാണ് കർഷകർക്ക് തിരിച്ചടിയാകുന്നത്. പഴവർഗ കൃഷി പ്രോത്സാഹിപ്പിക്കാൻ സർക്കാർ തലത്തിൽ വിവിധ പദ്ധതികൾ ആവിഷ്കരിക്കുമ്പോഴും, അവയ്ക്കായുള്ള വിപണി കണ്ടെത്താനോ കൃത്യമായ സംസ്കരണ കേന്ദ്രങ്ങൾ സ്ഥാപിക്കാനോ സാധിക്കാത്തത് കർഷകരെ വലിയ പ്രതിസന്ധിയിലാക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

